ലിനിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍; നിപ നിയന്ത്രിക്കാന്‍ ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്‍ക്രിമെന്റ്

കോഴിക്കോട്: നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നഴ്‌സും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്.

ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റുമാരേയും ഒരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കും.

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here