നിർദ്ദിഷ്ട ഹയർ എജ്യുക്കേഷൻ കമ്മീഷൻ വിമർശിക്കപ്പെടുന്നു; അപകടകരമായ നീക്കമെന്ന് കെടി കുഞ്ഞിക്കണ്ണൻ

നിർദ്ദിഷ്ട ഹയർ എജ്യുക്കേഷൻ കമ്മീഷൻ വിമർശിക്കപ്പെടുന്നു. അപകടകരമായ നീക്കമെന്ന് കെടി കുഞ്ഞിക്കണ്ണൻ

കുഞ്ഞിക്കണ്ണന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

“ഉന്നത വിദ്യാഭ്യാസമേഖലയുടെ വാണിജ്യവൽക്കരണവും കേന്ദ്രീകരണവും വർഗീയവൽക്കരണവും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കരടുനിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. യു.ജി.സിയെ ഇല്ലാതാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാനുള്ള അധികാരം മുഴുവൻ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്ന അങ്ങേയറ്റം അപകടകരമായ ഉന്നത വിദ്യാഭ്യാസരംഗത്തെ കേന്ദ്രീകരണമാണ് ഈ നിയമം വഴി സർക്കാർ സാധിച്ചെടുക്കുന്നത്.

“ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് നൽകുന്നത് നിർത്തുകയും പകരം സ്ഥാപനങ്ങളുടെ പ്രകടനം നോക്കി കേന്ദ്രസർക്കാർ ധനസഹായം നൽകുമെന്നുമാണ് ബില്ലിൽ പറയുന്നത്. ഇത് സാധാരണക്കാർക്കും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമനിർമാണമാണ്, ഫെഡറലിസത്തെ നിരാകരിക്കുന്ന കേന്ദ്രീകരണത്തിനുള്ള നീക്കമാണ്.

“സംസ്ഥാനങ്ങളോട് വിവേചനം പുലർത്തുന്നതും സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ്ഥാപനങ്ങളെ അവഗണിക്കുന്നതുമായ നിയമനിർമാണ നീക്കമാണിത്. അത്യന്തം അധ്യാപകവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ വ്യവസ്ഥകളും നിർദ്ദേശങ്ങളും ഈ ബില്ലിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സ്ഥിര അധ്യാപക നിയമനം അവസാനിപ്പിക്കുകയും ശമ്പളപരിഷ്‌ക്കരണ കമ്മീഷനുകൾക്ക് അന്ത്യം കുറിക്കുകയും ചെയ്യും. സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നുവെന്ന വ്യാജേന ചെലവുചരുക്കലിന്റേതായ നവലിബറൽ പരിഷ്‌ക്കാരങ്ങളും അടിച്ചേൽപിക്കുന്നതാണ് ഈ ബിൽ.

“അക്കാദമിക് രംഗത്ത് സ്വയംഭരണത്തിനും ആവശ്യത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കാനും സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന വ്യവസ്ഥ. ഇതുവഴി ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്ന അവകാശവാദമാണ് മുന്നോട്ടു വെക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന വിധത്തിലാണ് ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അക്രഡിറ്റേഷൻ, ഗ്രേഡിംഗ് എന്നിവയെല്ലാം കമ്മീഷൻ നിശ്ചിയിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ ഏതു പ്രശ്‌നങ്ങളിലും കമ്മീഷന് ഇടപെടാൻ അധികാരം നൽകുന്ന വ്യവസ്ഥകൾ അങ്ങേയറ്റം കേന്ദ്രീകരണം ഉറപ്പിക്കുന്നതാണ്.

“കാവിവൽക്കരണവും വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കരണവും തീവ്രമാക്കുന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങളെന്ന് ജനാധിപത്യവാദികൾ തിരിച്ചറിയണം. അങ്ങേയറ്റം വിജ്ഞാനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഇത്തരം പരിഷ്‌ക്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News