പശുസംരക്ഷണത്തിന്റെ പേരില്‍ കൊല്ലത്ത് സംഘപരിവാര്‍ അക്രമം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പശുസംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും അക്രമം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. ഗുരുതരമായി മര്‍ദ്ദനമേറ്റ മൂന്ന് പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് നരഹത്യാശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തു.

രാവിലെ പതിനൊന്ന് മണിയോടെ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിന് സമീപം വച്ചായിരുന്നു പശുസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനം. വെച്ചൂച്ചിറയില്‍ നിന്നും കൊട്ടാരക്കര മാര്‍ക്കറ്റിലേക്ക് ഇറച്ചിവില്‍പ്പനയ്ക്കായാണ് കന്നുകാലികളെ എത്തിച്ചത്.

കൊട്ടാരക്കരയിലെ ഇറച്ചിക്കച്ചവടക്കാരനായ ജലാല്‍, ബന്ധു ജലീല്‍ ഡ്രൈവര്‍ സാബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പുത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ ബൈക്കില്‍ പിന്തുടരുകയും വാഹനം തടഞ്ഞുനിര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.

തലയ്ക്കും ശരീരഭാഗങ്ങളിലും ഗുരുതര മര്‍ദ്ദനമേറ്റ മൂന്ന് പേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നരഹത്യാ ശ്രമം ഉള്‍പ്പടെയുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി. സംഭവത്തെ സിപിഐഎം അപലപിച്ചു.

അറസ്റ്റിലായവര്‍ പുത്തൂരിലെ പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News