മലയാള സിനിമയിലെ സംവിധായകർ കഥകൾ ഇല്ലാതെ, ആശയ ദാരിദ്ര്യം അനുഭവിച്ചിരുന്നപ്പോൾ, മലയാള സിനിമയോട് ലോഹ്യം കൂടാൻ ഒരു ലോഹ്യക്കാരനെത്തി. അയാളുടെ കൈ നിറയെ കഥകൾ ആയിരുന്നു. ആ കഥളൊക്കെയും പച്ച മനുഷ്യരെ കുറിച്ചായിരുന്നു. കഥ ക‍ഴിഞ്ഞിട്ടും കഥ കണ്ടവരോട് അവർ പിന്നെയും മിണ്ടുകയും പറയുകയും ചെയ്തു.

കഥകള്‍ നിറഞ്ഞ വഞ്ചിയുമായി അയാൾ മരണത്തിന്‍റെ ആഴക്കടലിലേക്ക് ഇറങ്ങിപ്പോയെങ്കിലും , അയാൾ ഇവിടെ എവിടെയൊക്കൊയോ തന്നെ ഉണ്ടെന്ന് വിശ്വസിക്കാനാണ് മലയാളത്തിന് ഇഷ്ടം. അതേ, മലയാള സിനിമയുടെ അമരൻ അമ്പ‍ഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന ലോഹി വിട പറഞ്ഞിട്ട് 9 വർഷങ്ങൾ ലോഹിത ദാസ് മലയാള സിനിമയിൽ ഉണ്ടായിരുന്നത് വെറും 20 വർഷമാണ്.

അതിൽ തന്നെ തിരക്കഥാകൃത്ത് എന്ന നിലയിൽ ഉണ്ടായിരുന്നത് വെറും 12 വർഷം മാത്രം. എന്നിട്ടും ആ എ‍ഴുത്തുകാരൻ മലയാള സിനിമയുടെ ഭാവി നിർണ്ണയിച്ചു. തീയറ്ററുകളിൽ ആളുകൂടണമെങ്കിൽ ലോഹി തന്നെ എ‍ഴുതണം എന്ന ഒരു കാലം ഉണ്ടായിരുന്നു മലയാള സിനിമയ്ക്ക്. പുതുമുഖ നടൻമാർ ലോഹിയുടെ ചിത്രങ്ങൾ നല്ല രാശിയായി കരുതി.

ലോഹിയുടെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം വലിയ ഹീറോകളായി. പലരും മഹാനടന്‍മാരായി അറിയപ്പെട്ടു. എണ്ണമറ്റ പുരസ്‌കാരങ്ങള്‍ അവര്‍ വാരിക്കൂട്ടി. പക്ഷെ ലോഹിയുടെ ജീവിതമാവട്ടെ ഒടുവില്‍ ഒറ്റപ്പെട്ട് കടക്കെണിയുടെ ദുരിതത്തിലാണ് ചെന്നെത്തിയത്. തന്റെ കഥകളിലെ ഒരു നായകന്റെ അന്ത്യം പോലെ അവസാനിച്ചു ലോഹിതദാസ്. എം.ടി.യും പത്മരാജനും ജോണ്‍പോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്.

ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാന്‍. പല തവണ അവസരം അടുത്തെത്തി. പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അകറ്റി. 1987 ല്‍ ‘തനിയാവര്‍ത്തന’ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി. നെഞ്ചുരുകി വീര്‍പ്പടക്കിയാണ് തനിയാവർത്തനത്തിലെ ഒാരോ രംഗവും മലയാളി കണ്ടത്. അമ്മ നല്‍‌കിയ വിഷച്ചോറുരുള നിറകണ്ണുകളോടെയാണ് ബാലന്‍‌മാഷ് കഴിക്കുന്നത്. ജീവിതത്തോടുള്ള കൊതി അദ്ദേഹത്തിന് തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

തറവാട്ടിലെ ഭ്രാന്തിന്റെ പാരമ്പര്യത്തിലേക്ക് ഒരു കണ്ണി കൂടി ചേരുകയായിരുന്നു അവിടെ. മലയാള സിനിമ പുതിയ ഊര്‍ജം നേടുകയായിരുന്നു ലോഹിയുടെ കഥകളിലൂടെ . സിനിമക്കു വേണ്ടി ജനിച്ചവനെ സിനിമാലോകം തിരിച്ചറിഞ്ഞ പോലെ. ലോഹിയുടെ തിരക്കഥകള്‍ക്ക് പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നതാണ് പിന്നീട് കണ്ടത്.

ഹീറോ എന്ന വാക്കിന് അതുവരെ നമ്മുടെ സിനിമ കണ്ട അര്‍ഥങ്ങള്‍ പൊളിച്ചെഴുതി ലോഹിതദാസ്. വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന നായകന്മാര്‍ ലോഹിയുടെ തിരക്കഥകളില്‍ പിറന്നു. നല്ല സിനിമ സൃഷ്ടിക്കാനുള്ള മാന്ത്രികദണ്ഡ് കയ്യിലുള്ളവനെ പോലെയായി നിര്‍മാതാക്കള്‍ക്ക് ലോഹിതദാസ്.

ലോഹിയുടെ തിരക്കഥക്ക് അവര്‍ കാത്തുനിന്നു .കഥയുടെ അക്ഷയഖനിയുമായി ലോഹി എഴുതിക്കൊണ്ടിരുന്നു. പക്ഷെ മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകള്‍. കാമ്പുള്ള കഥകള്‍, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍. വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍, നമ്മുടെ പരിസരങ്ങളില്‍ കണ്ട കഥാപാത്രങ്ങള്‍, പരിചിതമായ സംഭാഷണങ്ങള്‍- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതായിരുന്നു ഇവയെല്ലാം.
ഒറ്റത്തടിയില്‍ തീര്‍ത്ത കഥകളായിരുന്നു ലോഹിതദാസ് എഴുതിയതെല്ലാം. ഒട്ടും കലര്‍പ്പില്ലാത്ത കഥാശില്‍‌പങ്ങള്‍.

മരണം എന്നും നഷ്ടങ്ങള്‍ മാത്രം നല്‍കുന്നതാണെന്ന് തന്‍റെ പല കഥാപാത്രങ്ങളിലൂടെയും ലോഹിതദാസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മരണം മലയാള സിനിമയ്ക്കും നഷ്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ‘മരണശേഷം മാത്രമേ ഞാന്‍ അംഗീകരിക്കപ്പെടൂ’ എന്ന് ലോഹി മനസു തുറന്നതും.

കഥ ഇല്ലായ്മയും പ്രതിഭാ ദാരിദ്ര്യവും അൽപ്പൻമാരുടെ വിളയാട്ടവും ഒക്കെ
മലയാള സിനിമയെ പ്രതിസന്ധിയിലാക്കുമ്പോൾ ലോഹിതദാസ് എന്ന പ്രതിഭയ്ക്ക് ഇവിടെ പ്രസക്തി ഉണ്ട്.