പോരാളികളുടെ പ്രതിഷേധം ഫലം കാണുന്നുവോ?; കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് അമ്മ ഭാരവാഹികള്‍

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഫലം കാണുമോ.

തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ അറിയിച്ചു.

വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നവര്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു.

ഈ കത്തിനോടാണ് അമ്മ ഭാരവാഹികള്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. പ്രതി ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് റിമാ കല്ലിങ്കല്‍, ഭാവന, രമ്യാനമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ രാജിവച്ചിരുന്നു.

ഇവര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റുമൂന്നുപേരും ഇടവേളബാബുവിന് കത്തെഴുതിയത്. തീരുമാനത്തിനെതിരെ സംഘടനയ്ക്ക് അകത്തും പുറത്തും രൂക്ഷമായ പ്രതിഷേധമുയര്‍ന്നതോടെ അമ്മ സമ്മര്‍ദത്തിലായി.

അവസരം നിഷേധിക്കപ്പെടുന്നുവെന്ന് കാണിച്ച് നടി നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് വാദിച്ച ദിലീപ് അനുകൂലികള്‍ ഇടവേള ബാബുവിന്റെ പ്രതികരണം വന്നതോടെ പ്രതിസന്ധിയിലായി.

തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ സംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കഴമ്പില്ലാത്തതെന്ന് പ്രേക്ഷകര്‍ക്കും നിയമത്തിനും ബോധ്യമാവും വരെ സംഘടനയില്‍ സജീവമാവില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

അതേസമയം പൃഥ്വിരാജും ബാലചന്ദ്രമേനോനും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ നടിമാരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ആദ്യം മുതല്‍ പ്രതിക്കെതിരെ ശക്തമായ നിലപാടുകളാണ് പൃഥ്വിരാജ് സ്വീകരിച്ചത്.

കൂടിക്കാ‍ഴ്ചയ്ക്ക് അനുവാദം നല്‍കിയതിന് പിന്നാലെ സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചുവുന്നില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ പ്രതിഷേധങ്ങള്‍ക്ക് ശമനമുണ്ടാവുമെന്നാണ് അമ്മ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. വിദേശത്തുള്ള നടിമാര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും കൂടിക്കാ‍ഴ്ച നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here