നടിമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ നേതൃത്വം; ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ഫെഫ്ക്ക

നടിമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ നേതൃത്വം. വിദേശത്തുള്ള അമ്മ പ്രസിഡന്റ് മോഹൻലാലടക്കമുള്ളവർ തിരിച്ചെത്തിയാൽ ചർച്ച നടത്താമെന്ന് അമ്മ നേതൃത്വം അറിയിച്ചു. സംഘടനയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായതിനെ തുടർന്നുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് അമ്മ നേതൃത്വം ചർച്ചക്ക് തയ്യാറായിരിക്കുന്നത്.അതേ സമയം ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി B ഉണ്ണിക്കണ്ണൻ പറഞ്ഞു.

അമ്മയിൽ നിന്ന് പുറത്താക്കിയ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജിവെച്ചതിനു പിറകെയായിരുന്നു 3 നടിമാർ അമ്മ ജനറൽ സെക്രട്ടറിക്ക് കത്തയച്ചത്. തങ്ങൾ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രേവതി, പാർവ്വതി, പത്മപ്രിയ എന്നിവരാണ് കത്തയച്ചത്.

അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് WCC യും കത്ത് നൽകിയിരുന്നു. ഇവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ നേതൃത്വം അറിയിച്ചു. മോഹൻലാൽ മടങ്ങിയെത്തിയ ശേഷം കൂടിക്കാഴ്ച ഉണ്ടാകുമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

വിവാദ തീരുമാനത്തെ തുടർന്ന് അമ്മ നേതൃത്വത്തിനെതിരെ സംഘടനയ്ക്കകത്തു നിന്നും പുറത്തു നിന്നും വിമർശനങ്ങൾ ശക്തമായതോടെ സമ്മർദ്ദത്തിലായ അമ്മ ഭാരവാഹികൾ ചർച്ചക്ക് വഴങ്ങുകയായിരുന്നു.എന്നാൽ തന്റെ നിരപരാധിത്വം തെളിയും വരെ താൻ ഒരു സംഘടനയുടെയും ഭാഗമല്ലെന്ന് ദിലീപ് വ്യക്തമാക്കിയതോടെ വിവാദങ്ങൾ അപ്രസക്തമായെന്ന് അമ്മ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ഫെഫ്ക്ക എക്സിക്യുട്ടീവ് യോഗം കൊച്ചിയിൽ ചേർന്നു.ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി B ഉണ്ണിക്കണ്ണൻ പറഞ്ഞു. അമ്മ ഭാരവാഹികളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

അതേ സമയം അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിലേയ്ക്ക് മാർച്ച് നടത്തി. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here