കേരളത്തിലെ ബിജെപി അദ്ധ്യക്ഷനെച്ചൊല്ലി തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയില്‍ അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കേരളനേതാക്കള്‍ക്ക് പൊങ്കാല. ഗ്രൂപ്പ് മാനേജര്‍മാരായ നേതാക്കളെ ഇനിയും സഹിക്കാനാകില്ലെന്നും ഈ സ്ഥിതിയില്‍ ബിജെപിയില്‍ തുടരാനാകില്ലെന്നും ഉള്‍പ്പെടെയുള്ള പരാതികളുടെ പ്രവാഹമാണ് ഷായുടെ അക്കൗണ്ടില്‍.

കേരളത്തിലെ നേതാക്കളിലൂടെ ബിജെപിയിലെ പ്രശ്നങ്ങള്‍ അമിത് ഷായെ അറിയിക്കാനാകില്ലെന്ന തിരിച്ചറിവ് വന്നതോടെയാണ് അണികള്‍ കൂട്ടത്തോടെ പരാതി പറയാന്‍ പുതിയ മാര്‍ഗവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ തന്നെയാണ് ഷായുടെ അക്കൗണ്ടില്‍ കമന്‍റുകളിലൂടെ പരാതി പ്രവാഹം നടത്തുന്നത്.

ബംഗാളിലെ ബിജെപി പ്രവര്‍ത്തരോട് തൃണമൂലിനെതിരെ പോരാട്ടം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് കേരളത്തിലെ അണികളുടെ സങ്കടം പറച്ചില്. നിലവില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് അധികാരത്തിന് വേണ്ടി കടിപിടി കൂടുകയാണെന്നും നേതാക്കള്‍ പാര്‍ട്ടി താല്‍പ്പര്യത്തേക്കാള്‍ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഗൗരവവും ഹാസ്യവും കലര്‍ന്ന മലയാളം പരാതിപ്രവാഹത്തില്‍ അമിത്ഷാ അന്തം വിട്ടിരിക്കുകയാണ്. ലോകകപ്പിനോടുപമിച്ചായിരുന്നു ഒരു പരാതി ജര്‍മ്മനി റഷ്യയില്‍ ലോകകപ്പ് കളിക്കാന്‍ വന്നത് പോലെയാണ് കേരളത്തിലെ ബിജെപയുടെ പ്രവര്‍ത്തനം എന്നാണ് ഒരു അനുഭാവിയുടെ നിരീക്ഷണം.

നേതാക്കളുടെ കോമഡികള്‍ ബിജെപിക്ക് ട്രാജഡിയാകുന്നെന്ന് തുറന്നു പറയാന്‍ അണികള്‍ യാതൊരു മടിയും കാട്ടിയില്ല. ഈ പോക്ക് പോവുകയാണെങ്കില്‍ 2050 ല്‍ അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷയും അണികള്‍ക്കുണ്ട്. വി മുരളീധരനെയും ജെ ആര്‍ പദ്മകുമാറിനെയും പേരെടുത്താണ് പലരും വിമര്‍ശിച്ചത്.

അപമാനിക്കപ്പെട്ട യുവമോര്‍ച്ച വനിതാ നേതാവിനു പിന്തുണ നല്‍കാതെ അമ്മ വിഷയത്തില്‍ മാത്രം പ്രതികരണം നടത്തിയ മുരളീധരനെ അണികള്‍ വെറുതെവിട്ടില്ല. പകലന്തിയോളം ഫേസ്ബുക്കില്‍ ബിജെപിക്ക് വേണ്ടി ഷെയറും ലൈക്കും കമന്‍റുകളും നടത്തിയ പ്രവര്‍ത്തകരെ ഒരു പണിയുമില്ലാത്തവരെന്ന് വിളിച്ച പദ്മകുമാറിനു ശരിക്കുള്ള പണിയെന്തെന്നും അണികള്‍ കാട്ടിക്കൊടുത്തു.

സംഭവത്തോടെ ആളെണ്ണം കുറവായ കേരളത്തിലെ ബിജെപിക്ക് സോഷ്യല്‍ മീഡിയ പോരാളികളും ഫേക്ക് ഐഡികളും ഇനികുറച്ച് കുറയാന്‍ തന്നെയാണ് സാധ്യത