ജോലി വാഗ്ദാനത്തിൽ കുടുങ്ങിയ മലയാളി യുവാക്കൾ ആശങ്കയിൽ; അന്വേഷണത്തിൽ പുരോഗതിയില്ലാതെ അനശ്ചിതത്വത്തോടെ അന്യനാട്ടിൽ

മുംബൈ: മലേഷ്യയിലേക്കുള്ള ജോലി വാഗ്ദാനം ചെയ്തു ഏകദേശം മുന്നൂറോളം ചെറുപ്പക്കാരെ ചതിക്കുഴിയിൽ അകപ്പെടുത്തിയ സ്ഥാപനത്തിനെതിരെയുള്ള പരാതിയിൽ നടപടികൾ ഇഴയുന്നു. കുറ്റവാളികളോടുള്ള സമീപനമാണ് പാസ്സ്പോർട്ടും പണവും നഷ്ടപ്പെട്ട പരാതിക്കാരോട് പോലീസ് കാണിക്കുന്നതെന്നും പരക്കെ പരാതി.

അന്വേഷണത്തിന്റെ പുരോഗതി ആരായാൻ ചെന്ന ഉദ്യോഗാർത്ഥികളോട് ഇത് കേരളമല്ല മുംബൈ ആണെന്ന മുന്നറിയിപ്പോടെയാണ് പോലീസുകാർ മടക്കി അയച്ചതെന്നാണ് അന്യ നഗരത്തിൽ തമ്പടിച്ചിരിക്കുന്ന യുവാക്കൾ പറയുന്നത് .

കടുത്ത മാനസിക സംഘർഷത്തിൽ നാലഞ്ച് ദിവസമായി നഗരത്തിൽ കഷ്ടപ്പെടുന്ന ഇവർക്കെല്ലാം ഏക ആശ്രയം കോപ്പർഖൈർണെയിലെ നവി മുംബൈ കൾച്ചറൽ സെന്റർ ആണ്. പലർക്കും ഭക്ഷണത്തിനു പോലും കൈയ്യിൽ പൈസ ഇല്ലാത്ത അവസ്ഥയാണ്. പാസ്സ്‌പോർട്ട് പോലും നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് തിരിച്ചു പോകാൻ പോലും താല്പര്യമില്ലാത്ത മനസികാവസ്ഥയിലാണ് ചിലർ. എൻ ബി സി സി യാണ് താൽക്കാലികമായി താമസിക്കാനിടവും ഭക്ഷണവും നൽകി ഇവരെ സഹായിക്കുന്നത്.

നവി മുംബൈ കോപ്പർഖൈർണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ് ലൈൻസ് മറൈൻ ആൻഡ്‌ ഓഫ്‌ഷോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഉടമസ്ഥർ മുങ്ങിയത്. സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പണവും പാസ്പോർട്ടും നഷ്ടപ്പെട്ടവർ ബേലാപ്പൂരിലെ നവി മുംബൈ പോലീസ് കമ്മിഷണർ ഓഫീസിലെത്തി പരാതി നൽകിയെങ്കിലും നടപടിയിൽ സംതൃപ്തരല്ല. 300-ലധികം ഉദ്യോഗാർഥികളിൽ നിന്നാണ് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ സ്ഥാപനം വാങ്ങിയത്.

എണ്ണക്കിണറുകളിൽ വിവിധതസ്തികകളിലുള്ള ജോലികളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഒരു പ്രമുഖ ഓൺലൈൻ സൈറ്റിൽ വന്ന പരസ്യം വിശ്വസിച്ചാണ് മറിച്ചൊന്നും ചിന്തിക്കാതെ പണം നൽകിയതെന്ന് യുവാക്കൾ പറയുന്നു. തട്ടിപ്പിനിരയായവരിൽ പലരും വിദേശത്ത് മറ്റു ജോലിയുള്ളവരാണ്.

പാസ്പോർട്ട് നഷ്ടപ്പെട്ടതോടെ ആ ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ചു കൈയ്യിലുള്ള ജോലി നഷ്ടപ്പെട്ടവരും, വിവാഹം ഉറപ്പിച്ചു പുതു ജീവിതത്തിനായി കാത്തിരിക്കുന്നവരുമാണ് അനശ്ചിതത്വമായ ഭാവിയെ പഴിച്ചു നഗരത്തിൽ അലയുന്നത്.

എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നായി ഇരുനൂറോളം മലയാളികളാണ് തട്ടിപ്പിനിരയായത് . മലയാളികളല്ലാത്തവരും ഏറെയുണ്ട്.

പണിയെടുത്തു ജീവിക്കാനുള്ള സാധാരണക്കാരന്റെ മോഹത്തെ ചൂഷണം ചെയ്യുന്നവരുടെ കഥകൾ തുടർക്കഥയാകുമ്പോഴും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ നിയമപാലകർക്ക് കഴിയാതെ പോകുന്നു. ചതിക്കുഴിയിൽ അകപ്പെടുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥനങ്ങളിൽ നിന്നുള്ളവരാണെന്നതും തട്ടിപ്പ്കാർക്ക്‌ തുണയാകുന്നു.

കൂടുതൽ ദിവസം പോലീസ് സ്റ്റേഷൻ കയറിയിറങ്ങി പിന്തുടരാൻ കഴിയാത്ത അവസ്ഥയിൽ പലരും തിരിച്ചു പോകുന്നതോടെ പരാതിപ്പെട്ട സ്റ്റേഷനിലെ പോലീസുകാരെ സ്വാധീനിച്ചു കേസ് ഇല്ലാതാക്കാൻ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കഴിയുന്നു. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ ചുളുവിൽ കോടികൾ അടിച്ചു മാറ്റാൻ വേറിട്ട പദ്ധതികളുമായി മറ്റൊരു വേഷത്തിലായിരിക്കും തട്ടിപ്പുകാർ എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News