‘രാജി വച്ച നടിമാര്‍ കുഴപ്പക്കാര്‍; വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് നമ്മള്‍ ഭയപ്പെടരുത്’; ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് അയച്ച സന്ദേശം പീപ്പിളിന്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കെതിരെ ഗണേഷ് കുമാര്‍.

രാജിവച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും എപ്പോഴും സംഘടനയ്ക്കുള്ളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണിവരെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇടവേള ബാബുവുമായുള്ള വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഗണേശ് ഇക്കാര്യം പറഞ്ഞത്.

പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണിത്.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് നമ്മള്‍ ഭയപ്പെടരുത്. ഈ നാല് നടിമാര്‍ പുറത്തുപോയത് സംബന്ധിച്ച് അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്.

ഇവര്‍ക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യതന്നെയാണെന്നും ഗണേഷിന്റെ സന്ദേശത്തില്‍ പറയുന്നു.

അമ്മക്കെതിരെ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണ്. വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ല.-സന്ദേശത്തില്‍ ഗണേഷ് പറയുന്നു.

അതേസമയം, ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ഗണേഷ് സ്ഥിരീകരിച്ചു. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് പറഞ്ഞു. അമ്മയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍ തന്റെ അഭിപ്രായം പറയേണ്ടി വന്നതാണെന്നും ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണെന്നും ഗണേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here