അര്‍ജന്‍റീനയും പോര്‍ച്ചുഗലും മടങ്ങുമ്പോള്‍; പുത്തലത്ത് ദിനേശന്‍ എ‍ഴുതുന്നു

യുവതാരങ്ങളെ വളര്‍ത്തിയെടുത്തെങ്കിലേ അര്‍ജന്‍റീനയ്ക്ക് ഇനി ഭാവിയുളളു, അവസരങ്ങള്‍ തുലച്ചതിനുള്ള ശിക്ഷയാണ് പോര്‍ച്ചുഗലിന് ലഭിച്ചത്. പ്രതീക്ഷകളെ അത് തകിടം മറിച്ച രണ്ട് കളികള്‍ പുത്തേലത്ത് ദിനേശന്‍ എ‍ഴുതുന്നു

അര്‍ജന്‍റീനയും പോര്‍ച്ചുഗലും മടങ്ങുമ്പോള്‍
* * * * * * * * * * * * * * * * * * * * * * * *
ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അനിശ്ചിതത്വങ്ങളുടെ നടുവിലാണ്. പ്രവചനങ്ങളും കണക്ക് പുസ്തകങ്ങളും മാറിമറിയുകയാണ്. ചരിത്ര താളുകളില്‍ ഇത്തരം മാറ്റങ്ങള്‍ കുറവെന്ന് വ്യക്തം. അതിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറിലെ ആദ്യമത്സരങ്ങള്‍.

ലോകത്തെ കളി ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ കളിക്കുന്ന അര്‍ജന്‍റീന മലയാളികളുടെയും പ്രിയ ടീമാണ്. മലയാളി ആരാധകര്‍ക്ക് അര്‍ജന്‍റീന ഒരു വികാരം തന്നെയാണ്. അതില്‍ നിന്ന് ഉടലെടുക്കുന്ന കടുത്ത സ്നേഹത്തിന്‍റെ ഫലത്തിലാണ് ഫുട്ബോള്‍ മത്സരങ്ങളെ അവര്‍ വീക്ഷിക്കുന്നത്. അത്തരം ചിന്തകള്‍ തന്നെയാണ് ഈ കളിയെ ഒരു മഹോത്സവമാക്കി മാറ്റുന്നത്.

അര്‍ജന്‍റീനയെ വിലയിരുത്തുമ്പോള്‍ യോഗ്യതാ റൗണ്ടിലെ 18 കളികളില്‍ 7 എണ്ണം മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. എന്നാല്‍, ദുര്‍ഘടമായ പാതകളിലൂടെ തട്ടിയും തെറിച്ചുമാണ് പലപ്പോഴും അര്‍ജന്‍റീന മുന്നേറിയത് എന്ന ചരിത്രം ആരാധകര്‍ക്ക് കരുത്തുപകര്‍ന്നു. ഫ്രാന്‍സിന് പ്രതീക്ഷകളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ലക്സന്‍ബര്‍ഗിനോട് സമനിലയും സ്പെയിനിനോട് തോല്‍വിയും ഏറ്റുവാങ്ങിയാണ് അവര്‍ വന്നത്. പ്രതീക്ഷകളുടെ സമ്മര്‍ദ്ദമില്ലാതെ അവര്‍ക്ക് പോരാടാനായി.

ഫ്രാന്‍സിന്‍റെ വേഗതയും കരുത്തും തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. അതിന്‍റെ ഫലമെന്നോണം ശക്തമായ ഒരടി അര്‍ജന്‍റീനയുടെ ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങി. എംബപെയുടെ ഓട്ടത്തിനു മുന്നില്‍ അര്‍ജന്‍റീന വലയുന്നുണ്ടായിരുന്നു. അതിന്‍റെ അനന്തരഫലമെന്നോണം ബോക്സിലേക്ക് കുതിച്ച എംബപെയെ മാര്‍ക്കോസ് റോഹോ പിന്നില്‍ നിന്ന് വീഴ്ത്തി. കിട്ടിയ പെനാല്‍റ്റി ഗ്രീസ്മെന്‍ അര്‍ജന്‍റീനിയന്‍ വലയിലേക്കുതന്നെ കോരിയിട്ടു.

ഗോള്‍ പിറന്നതോടെ കളം നിറഞ്ഞ് അര്‍ജന്‍റീന ഓടിക്കളിച്ചു. പന്ത് മധ്യഭാഗത്ത് തട്ടിനില്‍ക്കുകയായിരുന്നു അപ്പോള്‍. അവരുടെ ഓട്ടത്തിന് അവസാനം ഫലമുണ്ടായി. 41-ാം മിനുട്ടില്‍ ഡി മെരിയ 35 വാര അകലെനിന്ന് കൊടുത്ത ഇടങ്കാലന്‍ ലോങ്ങ് റേഞ്ചര്‍ ഫ്രാന്‍സിന്‍റെ വലയിലേക്ക് തുളഞ്ഞുകയറി. അര്‍ജന്‍റീനിയന്‍ ആരാധകര്‍ ആര്‍ത്തു വിളിച്ചു. സ്കോര്‍ 1-1.

രണ്ടാം പകുതി ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. അര്‍ജന്‍റീനയുടെ അധ്വാനത്തിന് തുടക്കത്തിലേ ഫലമുണ്ടായി. 48-ാം മിനുട്ടില്‍ പോഗ്ബെ ക്ലിയര്‍ ചെയ്ത പന്ത് ഫ്രഞ്ച് ബോക്സിന്‍റെ ഇടതുവശത്ത് നിലയുറപ്പിച്ച മെസിക്ക് ലഭിച്ചു. മെസിയാവട്ടെ തകര്‍പ്പന്‍ ഷോട്ട് ഉതിര്‍ക്കുകയും ചെയ്തു. അതാവട്ടെ മെര്‍ക്കാഡോയുടെ കാലില്‍ തട്ടി പന്ത് ഗോള്‍ വലയത്തിലെത്തി.

ഗോള്‍ വീണതോടെ ഫ്രാന്‍സിന്‍റെ നീക്കങ്ങള്‍ക്ക് കരുത്തും വേഗതയുമായി. അതിവേഗ ഫുട്ബോളിലൂടെ അര്‍ജന്‍റീനയുടെ താളം തെറ്റിക്കാന്‍ ഫ്രാന്‍സിന് സാധിച്ചു. മധ്യനിരയില്‍ നിന്ന് പോള്‍ പോഗ്ബെ നീട്ടിക്കൊടുത്ത പന്തുകള്‍ അര്‍ജന്‍റീനിയന്‍ പ്രതിരോധത്തെ ഉലച്ചുകൊണ്ടിരുന്നു.

അവരുടെ വേഗതയ്ക്കു മുന്നില്‍ മറുപടി നല്‍കാനാവാതെ അര്‍ജന്‍റീനിയന്‍ പ്രതിരോധം കിതച്ചു. ഈ കിതപ്പിനിടയില്‍ മൂന്ന് ഗോളുകളാണ് ഫ്രാന്‍സ് അര്‍ജന്‍റീനിയന്‍ നെറ്റിലേക്ക് അടിച്ചുകയറ്റിയത്.

57-ാം മിനുട്ടില്‍ പവാര്‍ദ് ഒരു സുന്ദരന്‍ വലങ്കാല്‍ ഹാഫ് വോളി ഷോട്ടിലൂടെ അര്‍ജന്‍റീനയുടെ വല കുലുക്കി. ഗോള്‍ വീണതോടെ അര്‍ജന്‍റീനിയന്‍ താരങ്ങള്‍ സമനിലയ്ക്കായി ശ്രമിച്ചു. അത് തുടര്‍ന്നുകൊണ്ടിരിക്കെ എംബപെ വീണ്ടും അര്‍ജന്‍റീനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

പോസ്റ്റിന്‍റെ ഇടതുവശത്തേക്ക് പന്തുമായി കുതിച്ച് ഇടങ്കാലന്‍ ഷോട്ട് ഉതിര്‍ത്തു. ഗോള്‍ കീപ്പര്‍ അര്‍മാനിയെ നിസ്സഹായനാക്കി പന്ത് വീണ്ടും നെറ്റിലേക്ക്. 68-ാം മിനുട്ടില്‍ അര്‍ജന്‍റീനിയന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായുള്ള അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ ഫ്രാന്‍സിന് വീണ്ടും ഗോള്‍. മധ്യനിരയില്‍ നിന്ന് പന്ത് കിട്ടിയ ജിരൂദ് എംബപെയ്ക്ക് മറിച്ചുകൊടുത്തു. അര്‍ജന്‍റീനിയന്‍ വല ഒരിക്കല്‍ കൂടി കുലുങ്ങി.

നാല് ഗോളുകള്‍ ഏറ്റുവാങ്ങിയ അര്‍ജന്‍റീനിയ തിരിച്ചടിക്കായി കൈമെയ് മറന്ന് പൊരുതി. അധ്വാനവും ആവേശവും ഉയര്‍ത്തിക്കൊണ്ട് അവര്‍ ഫ്രാന്‍സിന്‍റെ പ്രതിരോധ നിരയെ തുടര്‍ച്ചയായി പരീക്ഷിക്കുകയായിരുന്നു. എക്സ്ട്രാ ടൈമില്‍ അവരുടെ അധ്വാനത്തിന് ഫലം കണ്ടു. ബോക്സിനുള്ളില്‍ മെസി ഉയര്‍ത്തിക്കൊടുത്ത പന്ത് അഗ്യൂറോ ചാടി തലവച്ചു. ഫ്രാന്‍സിന്‍റെ വലയില്‍ മറ്റൊരു അര്‍ജന്‍റീനിയന്‍ ഗോള്‍.

അപ്പോഴേക്കും വൈകിപ്പോയിരുന്നു. സമയം അവസാന വിസിലിലേക്ക് എത്തി. കളി തീരാന്‍ സെക്കന്‍റുകള്‍ ബാക്കി നില്‍ക്കേ ലഭിച്ച ഒരവസരം അര്‍ജന്‍റീനയ്ക്ക് നഷ്ടമായി. അത് സഫലമായിരുന്നെങ്കില്‍. . . . . . . . . . . കഴിഞ്ഞുപോയ മത്സരങ്ങളെക്കുറിച്ച് അങ്ങനെ ഓര്‍ക്കാന്‍ പാടില്ലെങ്കിലും ഓര്‍ക്കാതിരിക്കാനുമാവില്ല. പുറത്തുപോയത് അര്‍ജന്‍റീനയും മെസിയുമാണല്ലോ.

അര്‍ജന്‍റീനയുടെ ദൗര്‍ബല്യങ്ങളാണ് അവരുടെ പരാജയത്തിന് നിദാനം. ഫ്രാന്‍സിന്‍റെ യുവനിരയുടെ വേഗവുമായി കിടപിടിക്കാന്‍ അവര്‍ക്കായില്ല. ഫ്രാന്‍സിന്‍റെ ഊര്‍ജ്ജസ്വലതയ്ക്കു മുന്നില്‍ അര്‍ജന്‍റീനയുടെ പരിചയ സമ്പത്തിന് പിടിച്ചുനില്‍ക്കാനുമായില്ല.

യുവതാരങ്ങളെ വളര്‍ത്തിയെടുത്തെങ്കിലേ ഭാവിയില്‍ പരാജയങ്ങളില്‍നിന്ന് അര്‍ജന്‍റീനയ്ക്ക് കരകയറാനാകൂ എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അര്‍ജന്‍റീനയ്ക്ക് പ്രതിരോധത്തിലുള്ള വേഗക്കുറവ് മുതലെടുക്കാനുള്ള ഫ്രാന്‍സിന്‍റെ തന്ത്രം ഇന്നലെ വിജയിക്കുകയായിരുന്നു. മെസിയെ ആവട്ടെ എന്‍ഗോള നിഴല്‍പോലെ പിന്തുടര്‍ന്നു. ഈ ഘട്ടത്തില്‍ ഇടത്തോട്ട് മാറി ബനേഗ നെയ്ത മുന്നേറ്റങ്ങളാണ് അര്‍ജന്‍റീനയ്ക്ക് കരുത്ത് പകര്‍ന്നത്.

അര്‍ജന്‍റീനിയന്‍ പ്രതിരോധമാവട്ടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയി. മുന്നേറ്റനിര ഗോള്‍ അടിച്ചുകൂട്ടിയപ്പോഴും പ്രതിരോധത്തിന്‍റെ പിഴവാണ് ആത്യന്തികമായി പരാജയത്തിലേക്ക് നയിച്ചതെന്ന് കാണാം. കളിയുടെ 61 ശതമാനവും ഗോള്‍ കൈവശം വച്ചത് അര്‍ജന്‍റീനയായിരുന്നു. ഫ്രാന്‍സാവട്ടെ 39 ശതമാനം മാത്രമേ കൈവശം വച്ചുള്ളൂ.

മികച്ച ഷോട്ടുകളെ അവിസ്മരണീയമായ പാടവത്തോടെ ഗോള്‍ കീപ്പര്‍മാര്‍ രക്ഷപ്പെടുത്തി മത്സരം വിജയിപ്പിച്ച എത്രയോ നിമിഷങ്ങള്‍ ലോക കപ്പില്‍ പിറന്നിട്ടുണ്ട്. ഈ മത്സരത്തില്‍ സ്ഥിതി വ്യത്യസ്തമായി. ടാര്‍ജറ്റില്‍ ഫ്രാന്‍സ് അടിച്ചത് നാല് പന്തുകളാണ്. നാലും ഗോളായി. അര്‍ജന്‍റീന അടിച്ചതും നാല്. മൂന്നെണ്ണം ഗോളായി. കാവല്‍ഭടന്മാ രില്ലാത്ത ഗോള്‍വലയം പോലെയായിരുന്നു ഇന്നലത്തെ കളി. മുന്നേറ്റ നിരകള്‍ തമ്മിലുള്ള പോരാട്ടമായി മാറിയ മത്സരം.

ഒന്നാം പകുതിയില്‍ രണ്ടു ഗോള്‍ പിറന്നെങ്കിലും നാലഞ്ച് തവണ മാത്രമാണ് ഗോള്‍മുഖത്ത് പന്ത് എത്തിയത്. ഇത് മാറ്റി നിര്‍ത്തിയാല്‍ ഒന്നാം പകുതി ലക്ഷ്യബോധമില്ലാത്ത പന്ത് തട്ടലിനാണ് സാക്ഷ്യം വഹിച്ചത്.
മെസി എന്ന സൂപ്പര്‍ താരം ടൂര്‍ണമമെന്‍റില്‍ നിന്ന് പുറത്തുപോകുന്നതിന് ഈ മത്സരം ഇടയാക്കിയപ്പോള്‍ ഒരു പുതിയ താരോദയം ഉണ്ടായിരിക്കുന്നു. ഫ്രാന്‍സിന്‍റെ കൗമാരക്കാരന്‍ കിലിയന്‍ എംബപെ.

സാധാരണ ഒരു ഫുട്ബോള്‍ താരമല്ല ഈ ചെറുപ്പക്കാരന്‍. അദ്ദേഹത്തിന് ഒരു മത്സരത്തില്‍ നിന്ന് ലഭിക്കുന്ന 15 ലക്ഷം രൂപയില്‍ വലിയ ശതമാനം പോകുന്നത് ശാരീരിക വൈകല്യം നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനാണ്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ പ്രതിഫലം സ്വീകരിക്കുന്നത് തെറ്റാണെന്ന നിലപാടുള്ള എംബപെ കുതിച്ചുയരുന്ന മനുഷ്യസ്നേഹിയായ ഫുട്ബോള്‍ താരമാണ്. മെസിയുടെ ചുമലിലേറി അര്‍ജന്‍റീന കുതിക്കുമെന്ന പ്രതീക്ഷ ഇന്നലെ കരിഞ്ഞുവീഴുകയായിരുന്നു.

ഇന്നലെ രണ്ടാമത്തെ കളി പോര്‍ച്ചുഗലും ഉറുഗ്വേയും തമ്മിലുള്ളതായിരുന്നു. ഈ ടൂര്‍ണ്ണമെന്‍റില്‍ ഇന്നേവരെ ഒരു ഗോളുപോലും ഏറ്റുവാങ്ങാത്ത ഒരു ടീമേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു ഉറുഗ്വേ. സുവാരസും കവാനിയും അടങ്ങുന്ന മുന്നേറ്റനിരയ്ക്കൊപ്പം കരുത്തുറ്റ പ്രതിരോധവും കൈമുതലായുള്ള ഉറുഗ്വേ ടൂര്‍ണ്ണമെന്‍റില്‍ കണക്കുപുസ്തകക്കാരുടെയും പ്രവചനക്കാരുടെയും ഇഷ്ടടീമല്ലെങ്കിലും കളിക്കളത്തില്‍ അവര്‍ കുതിച്ചുയരുകയാണ്.

ലാറ്റിനമേരിക്കയിലെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി പ്രതിരോധ ഫുട്ബോളില്‍ കൂടി വിശ്വാസമര്‍പ്പിച്ച ടീം കൂടിയാണ് ഉറുഗ്വേ. ഇവരുമായാണ് സൂപ്പര്‍ താരം റൊണാള്‍ഡോ നേതൃത്വം നല്‍കുന്ന പറങ്കികള്‍ക്ക് ഏറ്റുമുട്ടാനുണ്ടായിരുന്നത്.

ആദ്യപകുതി ഉറുഗ്വേയുടെ നിയന്ത്രണത്തിലായിരുന്നു. കവാനി-സുവാറസ് സഖ്യം പരസ്പര ധാരണയോടെ കളം നിറഞ്ഞപ്പോള്‍ മത്സരം ഉറുഗ്വേ കൈയടക്കി. ആ മുന്നേറ്റത്തിന്‍റെ ഫലമായി ഏഴാം മിനുട്ടില്‍ തന്നെ ഉറുഗ്വേ ലീഡ് നേടി. കവാനി പിന്‍നിരയില്‍ നിന്ന് കൊണ്ടുവന്ന പന്ത് ഇടത് വിംഗില്‍ ഒറ്റയ്ക്ക് മാറി നില്‍ക്കുകയായിരുന്നു സുവാറസിന് കൈമാറി. സുവാറസ് നേരെ പന്ത് പോസ്റ്റിലേക്ക് തൂക്കിയടിച്ചു. ഓടിയെത്തിയ കവാനിക്ക് തല വച്ചുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. പന്ത് പോസ്റ്റിലേക്ക്.

കവാനി-സുവാറസ് സഖ്യം പരസ്പരം സ്ഥാനങ്ങള്‍ മാറിക്കളിച്ചതോടെ പോര്‍ച്ചുഗല്‍ പ്രതിരോധം സമ്മര്‍ദ്ദത്തിലായി. പെപെയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്‍റെ പ്രായക്കൂടുതല്‍ മുതലെടുത്തുകൊണ്ടുള്ള നീക്കങ്ങളും കൊണ്ട് കളം നിറഞ്ഞു. പോര്‍ച്ചുഗലിന് പന്ത് ഏറെ കൈവശം വയ്ക്കാനായെങ്കിലും ബോക്സിലേക്ക് കടന്നുകയറാന്‍ പോലും പോര്‍ച്ചുഗലിന് കഴിഞ്ഞില്ല.

രണ്ടാം പകുതിയായതോടെ ചിത്രം മാറിമറിഞ്ഞു. കോച്ച് തന്ത്രങ്ങള്‍ മാറ്റി. റൊണാള്‍ഡോയെ വശത്തുനിന്ന് മാറ്റി ആക്രമണത്തിന്‍റെ കേന്ദ്ര സ്ഥാനത്ത് കൊണ്ടുവന്നു. പ്രതിരോധക്കാരനായ ബര്‍ണാഡോ സില്‍വയെ മധ്യനിരയിലേക്ക് കൊണ്ടുവന്നു. പോര്‍ച്ചുഗല്‍ ആക്രമണങ്ങളില്‍ ഇതോടെ ഗോള്‍ വഴങ്ങാത്ത ഉറുഗ്വന്‍ പ്രതിരോധം ആടിയുലഞ്ഞു. അതിന്‍റെ അന്ത്യം ഉറുഗ്വേയുടെ ഗോള്‍വലയില്‍ ഈ ലോക കപ്പിലെ ആദ്യ ഗോള്‍ എന്നതായിരുന്നു.

55-ാം മിനുട്ടില്‍ പോര്‍ച്ചുഗലിന് ലഭിച്ച കോര്‍ണര്‍ അവരുടെ പ്രതിരോധത്തിലെ വെറ്ററന്‍ താരം പെപെ തലവച്ച് ഗോള്‍വലയത്തിലേക്ക് തിരിച്ചുവിട്ടു. പോര്‍ച്ചുഗല്‍-1, ഉറുഗ്വേ-1. തുല്യത പോര്‍ച്ചുഗല്‍കാര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുകയായിരുന്നു.

ആക്രണങ്ങളുടെ പരമ്പരയില്‍ ഉറുഗ്വന്‍ പ്രതിരോധം വീണ്ടും ഇളകിയാടി. പോര്‍ച്ചുഗലിന്‍റെ ഗോള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറി. അപകടകരമായ ഒരു കൗണ്ടര്‍ ആക്രമണത്തിന് ബെന്‍ടന്‍കര്‍ നല്‍കിയ ഒരു ക്രോസ് കവാനി പിടിക്കുമ്പോള്‍ ആരും മുമ്പിലുണ്ടായിരുന്നില്ല. ഗോളിയെ കബളിപ്പിച്ച് പോസ്റ്റിലേക്ക് ബോള്‍ അടിക്കാന്‍ ഈ പ്രഗത്ഭ താരത്തിന് ബുദ്ധിമുട്ടേ ഉണ്ടായില്ല.

ഗോള്‍ ഏറ്റുവാങ്ങിയ റൊണാള്‍ഡോയും കൂട്ടുകാരും ആക്രണത്തിന്‍റെ തിരമാലകളായി ആഞ്ഞടിച്ചു. കുറിയ പാസ്സുകളിലൂടെ, ലാറ്റിനമേരിക്കന്‍ ശൈലി കൂടി സ്വായത്തമാക്കിയ പോര്‍ച്ചുഗല്‍ അക്രമ ഫുട്ബോളിന്‍റെ മനോഹര ഫുട്ബോളിനാണ് പിന്നീട് നേതൃത്വം നല്‍കിയത്. റൊണാള്‍ഡോ കളം നിറഞ്ഞാടി.

സുവര്‍ണ്ണാവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. 70-ാം മിനുട്ടില്‍ ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ അവസരം പോര്‍ച്ചുഗലിന് നഷ്ടമായി. ഗോളി പോലും സ്ഥാനത്തില്ലാതിരുന്ന ഘട്ടത്തില്‍ പോസ്റ്റിനു പുറത്ത് അവര്‍ പന്തടിച്ചുകൊണ്ട് ഈ ലോക കപ്പില്‍നിന്ന് പുറത്തുപോകുന്നതിന് സ്വയം വിധിയെഴുതുകയായിരുന്നു. അവസരങ്ങളുടെ നിരയായിരുന്നു പിന്നീട്. അവസാന നിമിഷത്തിലും ലഭിച്ചു ഒന്ന്. അതും നഷ്ടമായി. അവസരങ്ങള്‍ തുലച്ചതിനുള്ള ശിക്ഷയായിരുന്നു പോര്‍ച്ചുഗലിന്‍റെ പുറത്താകല്‍.

മത്സരത്തിന്‍റെ കണക്ക് ഇതില്‍ അടിവരയിടുന്നുണ്ട്. പോര്‍ച്ചുഗല്‍ ഉതിര്‍ത്ത ഷോട്ടുകള്‍ 20 എണ്ണമെങ്കില്‍ അഞ്ചെണ്ണം മാത്രമാണ് കവാനിയും സുവാരസുമടങ്ങിയ ഉറുഗ്വേയ്ക്ക് അടിക്കാനായത്. ടാര്‍ജറ്റില്‍ ഉറുഗ്വേ അടിച്ച മൂന്നില്‍ രണ്ടും ഗോളായപ്പോള്‍ അഞ്ചില്‍ ഒന്ന് മാത്രമാണ് പോര്‍ച്ചുഗലിനെ ലക്ഷ്യത്തിലെത്താനാക്കിയത്. ഉറുഗ്വേ ഗോളിയുടെ ചില മികച്ച സേവുകള്‍ മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

67 ശതമാനം സമയം പന്ത് കൈവശം വച്ച പോര്‍ച്ചുഗല്‍ ലക്ഷ്യസ്ഥാനത്തിലെത്തിക്കാനുള്ള പാഠം മറന്നതുകൊണ്ട് പുറത്തുപോവുകയാണ് ചെയ്തത്. മനോഹര ഫുട്ബോള്‍ കാഴ്ച വയ്ക്കുന്ന ഈ ടീമിന്‍റെ പുറത്താകലും ലോകകപ്പിന് നഷ്ടം തന്നെയാണ്; അര്‍ജന്‍റീനയുടെ പുറത്താകല്‍ എന്നപോലെ.

കളിക്കളം അങ്ങനെയാണ്. നമ്മുടെ പ്രതീക്ഷകളെ അത് തകിടം മറിച്ചുകൊണ്ടിരിക്കും, ജീവിതം പോലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here