എസ്എഫ്ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്നലെ രാത്രി മഹാരാജാസ് കോളേജിലേക്ക് അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട,് എസ്ഡിപിഐ ക്രിമിനൽ സംഘമാണ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്.

എസ്എഫ്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അർജുന്റെ നില ഗുരുതരമാണ്. ആസൂത്രിതമായ ആക്രമണവും കൊലപാതകവുമാണ് ഉണ്ടായത്.

നവാഗതരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കോളജിലേക്ക് ഇരച്ചു കയറി അക്രമം നടത്തിയത.് ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകളുൾപ്പെടെ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു.

ആക്രമണം ആസൂത്രണം ചെയ്ത മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ക്യാമ്പസുകളെ കുരുതിക്കളമാക്കാനുള്ള മത മൗലികവാദ, തീവ്രാവാദ സ്വഭാവമുള്ള സംഘടനകളുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കണം.

അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ ബ്ലോക്ക,് മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.