അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് കോടിയേരി; സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവും

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊന്ന സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്എഫ്‌ഐ വളര്‍ന്നുവന്നതില്‍ അസഹിഷ്ണുതപൂണ്ട വിധ്വംസകശക്തികളാണ് ഈ ആക്രമണത്തിന് പിറകിലുള്ളത്.

മുസ്ലീം ഭീകരവാദ സംഘടനയായ എസ്ഡിപിഐയില്‍പ്പെട്ടവരാണ് ഈ പാതകത്തിന് പിന്നിലുള്ളതെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

മുപ്പത്തിമൂന്നാമത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് കേരളത്തില്‍ കൊലചെയ്യപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചുകയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയത്.

എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിക്കുന്ന ഈ ഭീകരവാദികളായ അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here