ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്

കോട്ടയം: ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയപ്പോള്‍ അദ്ദേഹം സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും പരാതിക്കാരി മൊഴി നല്‍കി.

കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയ സാഹചര്യത്തില്‍ അന്വേഷണ സംഘം ഇതുസബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.

ബിഷപ്പ് എത്തിയതിന്റെ തെളിവ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഠത്തിലെ ഈ രജിസ്റ്റര്‍ പൊലീസ് പിടിച്ചെടുക്കും. പീഡനം സംബന്ധിച്ച പരാതി ആദ്യം നല്‍കിയത് കുറവിലങ്ങാട് പള്ളി വികാരിക്കാണ്.

പിന്നീട് പാലാ ബിഷപ്പിനും അതിന് ശേഷം വത്തിക്കാന് ഇമെയിലായും പരാതി നല്‍കി. സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയപ്പോള്‍ അദ്ദേഹം സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

മഠത്തിലെ മറ്റ് കന്യാസ്ത്രീകളില്‍ നിന്നും അന്തേവാസികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

അതേസമയം, മജിസ്‌ട്രേറ്റിന് മുമ്പാകെ കന്യാസ്ത്രീയുടെ രഹസ്യ മൊഴിയെടുക്കാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതില്‍ അപേക്ഷ നല്‍കി. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.

അതേസമയം, ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജനറല്‍ കൗണ്‍സിലാര്‍ രംഗത്തെത്തി. പരാതിക്കാരിയുടെ ആരോപണത്തിന് പിന്നില്‍ സ്ഥാനമോഹമാണെന്ന് അവര്‍ ആരോപിച്ചു.

കന്യാസ്ത്രീ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കും. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഢനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വിഷയത്തില്‍ സഭ ഇനിയും നിലപാട് അറിയിച്ചിട്ടില്ല. കന്യാസ്ത്രീ ഭീഷണിപെടുത്തിയെന്നു കാണിച്ചു ബിഷപ്പ് നല്‍കിയ പരാതിയും പോലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News