‘അഭിമന്യൂ, നാന്‍ പെറ്റ മകനേ..’ മഹാരാജാസിലെത്തിയവരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് ഈ അമ്മയുടെ നിലവിളി

എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചത്

അഭിമന്യൂ…ഞാൻ പെറ്റ മകനേ…

മഹാരാജാസിലേക്കൊഴുകിയെത്തിയ ഏതൊരാളുടെയും ഹൃദയത്തിൽ സ്പർശിച്ചതു ആ അമ്മയുടെ നിലവിളിയായിരുന്നു.

മകന്റെ മുഖം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു അഭിമന്യുവിന്റെ അമ്മ ഹൃദയം പൊട്ടി നിലവിളിച്ചു കൊണ്ടേയിരുന്നു…

മറയൂരിൽ,വട്ടവടയിലെ ചെറിയ വീട്ടിൽ നിന്ന് മഹാരാജാസിലേക്ക് മലയിറങ്ങിവന്ന അഭിമന്യു. രസതന്ത്രത്തിൽ രണ്ടാം വർഷ വിദ്യാർഥി.

ചിരിച്ച മുഖവുമായല്ലാതെ ഈ കൂട്ടുകാരനെ ഒരു വിദ്യാർഥിയും കണ്ടിട്ടില്ല.കരഞ്ഞു തളർന്ന സഹപാഠികൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു അവനരികിലൂടെ കടന്നു പോയി..

ഓഡിറ്റോറിയത്തിലെ ആൾക്കൂട്ടത്തിനു നടുവിൽ ഒരു വീൽചെയറിൽ സ സൈമൺ ബ്രിട്ടോ..ബ്രിട്ടോയുടെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അഭിമന്യൂ.മൃദശരീരം പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ ബ്രിട്ടോയ്ക്ക് കാണാൻ അവസരമൊരുക്കി.ബ്രിട്ടോയുടെ മകൾ അമ്മയുടെ അരികുപറ്റി വിതുമ്പുന്നു..

സ്വാതന്ത്ര്യം,ജനാധിപത്യം, സോഷ്യലിസം ആലേഖനം ചെയ്ത വെള്ളപ്പതാക
പുതച്ചു മഹാരാജാസിലെ മണൽത്തരികളോടും,പ്രണയം പൂക്കാറുള്ള ഗുൽമോഹർ മരങ്ങളോടും,മുദ്രാവാക്യങ്ങൾ പെയ്തിറങ്ങിയ ഇടനാഴികളോടും യാത്ര പറഞ്ഞു അവൻ കടന്നുപോയി…

തിരികെ തന്റെ മലമുകളിലേക്ക്…രക്തസാക്ഷിക്ക് മണമില്ലെന്നു കാലം എഴുതിവച്ച രക്തസാക്ഷിക്കുന്നിലേക്ക്….

ആൾക്കൂട്ടത്തിനിടയിലൂടെ ഇഴഞ്ഞുനീങ്ങിയ ആംബുലൻസിനെ അവന്റെ കൂട്ടുകാരായ സഖാക്കളുടെ മുദ്രാവാക്യങ്ങൾ പിന്തുടർന്നു..

ഇല്ല നീ മരിക്കുന്നില്ല..രക്തസാക്ഷിക്കു മരണമില്ല…മതതീവ്രവാദം തകരട്ടെ..മതേതരത്വം പുലരട്ടെ…
ഫോട്ടോ:അരുൺരാജ്,ദേശാഭിമാനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News