”അത്രയ്ക്ക് നിഷ്‌കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അവന്‍, മഹാരാജാസിന്റെ ഹൃദയം കവര്‍ന്നവന്‍”

തിരുവനന്തപുരം: ക്യാമ്പസുകളില്‍ നിന്ന് ക്യാമ്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കുക തന്നെ വേണമെന്ന് മന്ത്രി തോമസ് ഐസക്ക്.


മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍:

അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനു കൊണ്ടുവരുമ്പോൾ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു.

അവനിനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ കൂട്ടുകാർക്കും അധ്യാപകർക്കും സഖാക്കൾക്കുമൊക്കെ ഇനിയും ദിവസങ്ങൾ വേണ്ടിവരും.

അത്രയ്ക്ക് നിഷ്കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അവൻ. മികച്ച പ്രസംഗകനും സംഘാടകനുമായി കാമ്പസിന്റെ ഹൃദയം കവർന്നവൻ. ആരായിരുന്നു അവനെന്ന്, സൈമൺ ബ്രിട്ടോ എഴുതിയ ചെറിയ കുറിപ്പിലുണ്ട്.

ദരിദ്രരിൽ ദരിദ്രനും മിടുക്കരിൽ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലർ ഫ്രണ്ട് കൊലയാളികൾ നിസാരമായി കൊന്നു തള്ളിയത്.

മോർച്ചറിയ്ക്കു പുറത്തു നിന്നപ്പോൾ ഞാനോർത്തത് മുത്തുക്കോയയെയാണ്. 1973ൽ ഇതുപോലൊരു പ്രഭാതത്തിലാണ് മുത്തുക്കോയയുടെ മൃതദേഹം ഞങ്ങളേറ്റുവാങ്ങിയത്. കാമ്പസിൽ മരിച്ചു വീഴുന്ന എസ്എഫ്ഐയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിയാണ് അഭിമന്യു.

എന്നാൽ എസ്എഫ്ഐ പ്രതിസ്ഥാനത്തു വരുന്ന ഒരു കൊലപാതകം കേരളത്തിൽ നടന്നത് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവില്ല. എങ്കിലും എല്ലാവർക്കും കാമ്പസ് അക്രമത്തെക്കുറിച്ചു പൊതുവേ പറയുന്നതിനാണ് താൽപര്യം.

പൊതുദർശനത്തിനു ശേഷം കോളജിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഒരു പത്രപ്രവർത്തകയുടെ ഫോൺ. മഹാരാജാസിന്റെ (Gory Past) ഭീകര ഭൂതകാലത്തെക്കുറിച്ചൊരു ഫീച്ചർ ചെയ്യുന്നു. സാറിനും ഇതുപോലൊരു അനുഭവമുണ്ടായല്ലോ അതേക്കുറിച്ചു പറയാമോ?

എഴുപത്തിമൂന്നിൽ മുത്തുക്കോയയ്ക്കു പകരം ഞാനായിരുന്നു കൊല്ലപ്പെടേണ്ടിയിരുന്നത്. അതേക്കുറിച്ചാണ് ചോദ്യം.

ഇതൊന്നുമല്ല മഹാരാജാസെന്ന് ആ പത്രപ്രവർത്തകയെ ആർക്കു പറഞ്ഞു മനസിലാക്കാൻ കഴിയും? പഠിക്കാൻ മിടുക്കുള്ളവർ, കലയും സാഹിത്യവും തലയ്ക്കു പിടിച്ചവർ, സ്വതന്ത്രചിന്തയുടെ മറുകരകളിലേയ്ക്കു തുഴയുന്നവർ… അവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു മഹാരാജാസ്. അതിനിടയിൽ ഉണ്ടായ ചില അപവാദങ്ങൾ മാത്രമാണ് ഈ അക്രമങ്ങളും കൊലപാതകങ്ങളും.

അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ കൃഷ്ണയെ വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തതേയുള്ളൂ. ചാരുംമൂട് ഒരു പാർടി കുടുംബത്തിലെ അംഗമാണ് അർജുൻകൃഷ്ണ.

മഹാരാജാസിൽ പോകണമെന്നു അർജുൻ കൃഷ്ണയ്ക്കു ശാഠ്യമായിരുന്നു. അവന്റെ സ്വപ്നമായിരുന്നു മഹാരാജാസിലെ പഠനം. മരണത്തിന്റെ വക്കിൽ നിന്നാണ് അർജുൻ കൃഷ്ണ രക്ഷപെട്ടത്. കുത്തേറ്റു രണ്ടു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ നടത്തിയിതുകൊണ്ട് ജീവൻ നിലനിൽക്കുന്നു.

ഭാഗ്യം കൊണ്ടാണ് അർജുൻ ഇപ്പോഴും ജീവനോടിരിക്കുന്നത്. അല്ലെങ്കിൽ കാമ്പസിനുള്ളിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലായിരുന്നേനെ ഇപ്പോൾ കേരളം.

എന്തിനാണ് പോപ്പുലർ ഫ്രണ്ടുകാർ ഈ അക്രമം നടത്തിയത്? ഇവരെ കൊന്നുവീഴ്ത്താൻ തക്ക എന്തു പ്രകോപനമാണ് ആ കാമ്പസിലുണ്ടായിരുന്നത്? പോസ്റ്റർ ഒട്ടിച്ചതിലെ തർക്കമോ? അതോ ചുവരെഴുത്തിന് സ്ഥലം കിട്ടാത്തതിന് പ്രതികാരമോ? ഇത്രയ്ക്കു നിസാരമായ കാരണം മതിയോ ഈ ഗുണ്ടകൾക്ക് ഒന്നോ രണ്ടോ പേരെ കൊല്ലാൻ? കൊല്ലാൻ വേണ്ടിത്തന്നെയാണ് കുത്തിയത്. ഒരാളുടെ ചങ്കിന്, മറ്റെയാളിന്റെ കരളിന്. കുത്തി അറപ്പു തീർന്നവർ.

ഭയം വിതയ്ക്കാൻ നടത്തിയ കൊലപാതകമാണിത്. ഐഎസിന്റെ മാതൃകയിൽ കേരളത്തിൽ ഭീകരത സൃഷ്ടിക്കുകയാണിവർ. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാക്കളങ്കം.

കാമ്പസുകളിൽ ആകെയുള്ളത് ഒന്നോ രണ്ടോ പേരാണ്. ഒരു ക്ലാസ് റെപ്പിനെപ്പോലും ഒറ്റയ്ക്കു ജയിപ്പിക്കാൻ കഴിയാത്തവർ. കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാമ്പസിനകത്തും പുറത്തും ഭീതി വിതയ്ക്കുകയാണവർ.

ഇവരോടാണ് എസ്എഫ്ഐയെ തുലനപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുന്ന ലളിതബുദ്ധികൾ അറിയുന്നില്ല, ഇക്കൂട്ടരുണ്ടാക്കുന്ന ആപത്ത്. ഇവർ ആർഎസ്എസിനും ആർഎസ്എസ് ഇവർക്കും വളമാണ്. ഇതൊരു പരസ്പര സഹായ സംഘമാണ്. ഇവരെ രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും.

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. കാമ്പസിൽ നിന്ന് കാമ്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കുക തന്നെ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News