”അവര്‍ കൊല്ലണം എന്ന് തീരുമാനിച്ച് വന്നവര്‍; എന്നിട്ടും തെമ്മാടികള്‍ പറയുന്നത് കേട്ടോ, ചുവരെഴുതിയത് തടഞ്ഞതിന് കുത്തിക്കൊന്നു പോലും; അഭിമന്യൂ, പ്രിയ സഖാവേ, നിന്നെ എങ്ങനെയാണ് ഞങ്ങള്‍ യാത്രയാക്കേണ്ടത്?”

കൊല്ലണം എന്ന് തീരുമാനിച്ച് തന്നെ വന്നവരാണ്. അല്ലെങ്കില്‍ ഇരുപതോളം വരുന്ന, ആ കോളേജിലെ വിദ്യാര്‍ഥികള്‍ പോലുമല്ലാത്ത പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കഠാരയുമായി പാതിരാത്രിയില്‍ ഒരു കാമ്പസിലേക്ക് ഇരച്ചു കയറില്ലായിരുന്നു.

അബദ്ധത്തില്‍ സംഭവിച്ച് പോയതൊന്നും അല്ല, 20 വയസുകാരനായ അഭിമന്യുവിനെ കൈകള്‍ പിറകിലേക്ക് പിടിച്ചുവച്ച് നെഞ്ചില്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് സഹപാഠിയെ കണ്‍മുന്നിലിട്ട് കൊല്ലുന്നത് കണ്ട വിദ്യാര്‍ഥികള്‍ പറയുന്നത്. തീരുമാനിച്ചുറപ്പിച്ചതാണ്. കൊന്നതാണ്, കൊന്നതാണ്, കൊന്നതാണ്… മത രാഷ്ട്രീയത്തിന്റെ ഗുണ്ടാസംഘം.

പോസ്റ്റര്‍ എഴുതുന്ന തര്‍ക്കത്തിന്റെ പേരില്‍ പാതിരാത്രി ആളെ കൂട്ടി വന്ന് കാമ്പസ് ഫ്രണ്ട്കാര്‍ കൊന്ന ആ ഇരുപത് വയസുകാരന്‍ ആരാണെന്നറിയോ? ജീവിതത്തിലെമ്പാടും പ്രതിസന്ധികളോട് പൊരുതി ജീവിച്ചു കയറിയവന്‍.

ഇടുക്കി വട്ടവടയില്‍ ഒരു ദരിദ്ര കര്‍ഷക തൊഴിലാളി കുടുംബത്തിലെ ഇളയ മകന്‍, ദളിതന്‍. ആ നാട്ടില്‍ നിന്ന് ബിരുദ പഠനം വരെയെത്തിയ ആകെയുള്ള മൂന്നേമൂന്നു പേരിലൊരാള്‍. വാശിയോടെ പഠിക്കുന്നവന്‍, നന്നായി പാടുന്നവന്‍, തമിഴ് വംശജനാണ്, പാല്‍പ്പായസം പോലെ മലയാളം സ്വായത്തമാക്കിയവന്‍.

ചുവരെഴുതിയത് തടഞ്ഞതിന് കുത്തിക്കൊന്നു പോലും, തെമ്മാടികള്‍. അഭിമന്യുവിന്റെ നിശ്ചലമായ ശരീരത്തിന് മുന്നില്‍ നിലയ്ക്കാതെ നിലനിളിച്ച ആ കാമ്പസിലെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ കണ്ണുനീരിലുണ്ട് അവര്‍ക്ക് ആ സഹപാഠി ആരായിരുന്നു എന്ന്.

ഒരിക്കല്‍ ഇടുക്കിയിലെ ഉള്‍നാടന്‍ പ്രദേശത്തെ അവന്റെ വീട് അന്വേഷിഷ് പോയ അവരില്‍ ചിലരെ നാട്ടുകാര്‍ വീട് വരെ കൊണ്ടാക്കിയ അനുഭവം ചിലര്‍ പറയുന്നു.

ഭക്ഷണം കഴിക്കുമ്പോഴും വിശന്നിരിക്കുന്നവരെക്കുറിച്ച് ആശങ്കപ്പെടുന്ന അഭിമന്യുവിനെക്കുറിച്ച് സഖാവ് സൈമണ്‍ ബ്രിട്ടോ പറയുന്നു. പ്രസംഗ വേദികളില്‍ മാത്രം രോഷാകുനാകുന്ന കാമ്പസിലെ ഏറ്റവും സൗമ്യനായ വിദ്യാര്‍ഥിയെ പറ്റി മുരളി മാഷ് പറയുന്നു.

അവന്‍ ഉച്ചത്തില്‍ പാടുന്നത് അവിടെയാകെ അലയടിക്കുന്നു. ‘നാന്‍ പെറ്റ എന്‍ മകനേ’ എന്ന് തലതല്ലി കരയുന്ന ഒരമ്മയെ കണ്ടില്ലേ. സ്വന്തം മകന്‍ വീണു പോകില്ല എന്ന് തന്നെയായിരുന്നിരിക്കണം ഇന്നലെ വരെ ആ പാവം ആശ്വസിച്ചിരുന്നത്. ദുര്‍ബലരില്‍ ദുര്‍ബലമായ ജീവിത സാഹചര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട അവന്റെ ആത്മവിശ്വാസമുണ്ടല്ലോ, മഹാരാജാസിന്റെ ഓര്‍മ്മകളെ അത് പിടിച്ചുലച്ച് കൊണ്ടിരിക്കുന്നു.

എന്തൊരു പോരാളിയായിരുന്നു അവന്‍ !! എന്തൊരു സ്‌നേഹമായിരുന്നത്രേ അവന് !! എന്നിട്ടും ഒരു കൂട്ടം തെമ്മാടികള്‍ പറയുന്നത് കേട്ടോ, ചുവരെഴുതിയത് തടഞ്ഞതിന് കുത്തിക്കൊന്നു പോലും.

അഭിമന്യൂ, എന്റെ സഖാവേ, നിന്നെ എങ്ങനെയാണ് ഞങ്ങള്‍ യാത്രയാക്കേണ്ടത്.? നിനക്ക് ചുറ്റുമുണ്ടായിരുന്നവര്‍ക്ക്, നിന്റെ കൂട്ടുകാര്‍ക്ക്, നിന്റെ പ്രസ്ഥാനത്തിന്, അരികുകളിലേക്ക് തള്ളപ്പെട്ട നിന്റെ സമുദായത്തിന് എന്തൊരു കരുത്തായിരുന്നു നീ !! നിന്റെ അസാന്നിധ്യത്തെ നികത്താന്‍ ഞങ്ങള്‍ക്ക് പറ്റില്ല സഖാവേ, നിന്റെ സമരങ്ങള്‍ തുടരും എന്ന വാക്ക് മാത്രം.

നിന്നെ ഞങ്ങള്‍ നീ സ്വപ്നം കണ്ട ഏറ്റവും നല്ല ലോകത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ അനശ്വരനാക്കും. നിന്റെ ജീവനെടുത്ത മതവര്‍ഗീയതയുടെ പത്തി മടങ്ങും. നീ നിവര്‍ന്ന് നില്‍ക്കും….

ബ്രിട്ടോ സഖാവ് നല്‍കിയ ചുംബനം എനേറെത് കൂടിയാണ്. മറക്കില്ലെടാ, ഈ പ്രസ്ഥാനത്തിന് ജീവനുള്ള കാലത്തോളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News