റയലിനും ബാ‍ഴ്സയ്ക്കും മോഹഭംഗം; മുഹമ്മദ് സലാ ലിവര്‍പൂളില്‍ തന്നെ

ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാ ലിവര്‍പൂളുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു. ക‍ഴിഞ്ഞ സീസണിലേതിനേക്കാള്‍ മികച്ച പ്രതിഫലത്തിനാണ് സാല കരാര്‍ പുതുക്കിയത്.

അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഇതുപ്രകാരം 2023 വരെ സലാ ലിവര്‍പൂളില്‍ തുടരും. സലയെ സ്പെയിനിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാ‍ഴ്സലോണയുമാണ് ശ്രമിച്ചിരുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് ലിവര്‍പൂള്‍, താരവുമായുള്ള കരാര്‍ പുതുക്കിയത്. റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ ഈ 26കാരന്‍ 52 മത്സരങ്ങളില്‍ നിന്നായി 44 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചെങ്കിലും പരുക്ക് മൂലം സലായ്ക്ക് റയല്‍ മാഡ്രിഡിനെതിരെ കളിക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല.

ഈ പ്രകടനങ്ങളുടെ മികവില്‍ 32 പ്രീമിയര്‍ ലീഗ് ഗോളുകളുമായി സലാ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കി. 38 മത്സരങ്ങളുള്ള സീസണില്‍ ഇതൊരു റെക്കോര്‍ഡുമാണ്.

പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും, ഫുട്‌ബോള്‍ റൈറ്റേഴ്‌സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ടീമിനും ക്ലബിനും കഴിഞ്ഞ സീസണില്‍ വലിയ സംഭാവന നല്‍കിയ താരത്തിനുള്ള അംഗീകാരമാണ് ഈ കരാറെന്ന് ലിവര്‍പൂള്‍ മേധാവി ജുര്‍ഗന്‍ ക്ലോപ് വ്യക്തമാക്കി.

അതേ സയമം റഷ്യ ലോകകപ്പില്‍ സലായില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ ഈജിപ്തിന്‍റെ പ്രകടനം ദയനീയമായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ ഈജിപ്ത് പുറത്തായി. ഉറുഗ്വായ്, റഷ്യ, സൗദി അറേബ്യ എന്നീ ടീമുകളോട് തോറ്റു. രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച സലാ സൗദിക്കെതിരെയും റഷ്യയ്ക്കെതിരെയും ഗോള്‍ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News