അഭിമന്യു കൊലപാതകം; സൂചനകള്‍ എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിലേക്ക്‌; അന്വേഷണം ഊര്‍ജിതം

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലയാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട് മൂന്ന് ദിവസത്തിനകം പ്രതികള്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അതേസമയം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ നിലവില്‍ ഒളിവിലാണ്.

കൃത്യത്തിനായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്ന കൊച്ചിയിലെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി.

എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് നിഗമനം. കേസില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കളും അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്.

എറണാകുളം നോര്‍ത്തിലുളള ഓട് മേഞ്ഞ ഈ പഴയ വീട്ടില്‍ ചിലര്‍ വന്ന് പോകുന്നതായി അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഈ വീട്ടിലെത്തി സാധനങ്ങളെടുത്ത് കടന്നു കളഞ്ഞെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

എസ്ഡിപിഐ പ്രവര്‍ത്തകരുടെ രഹസ്യകേന്ദ്രമാണിതെന്നും പൊലീസ് സംശയിക്കുന്നു. ഇത് വ്യക്തമാക്കുന്ന ചില തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന വ്യക്തമായ സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിവിധ ജില്ലകളില്‍ നിന്നുളള പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നാണ് സൂചന. എസ്ഡിപിഐ മുന്‍പ് നടത്തിയ അക്രമസംഭവങ്ങളുടെ സ്വഭാവം കൂടി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

അതിനിടെ പ്രതികള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന ഒന്‍പത് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ചേര്‍ത്തല രജിസ്‌ട്രേഷനിലുളള ഒരു മാരുതി ആള്‍ട്ടോ കാറും എട്ട് ബൈക്കുകളുമാണ് കോളേജിന് സമീപത്ത് നിന്നും പിടിച്ചെടുത്തത്.

അര്‍ദ്ധരാത്രി കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ ഫൊറന്‍സിക് ഉദ്യോഗസ്ഥരെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.

ശാസ്ത്രീയമായ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ആസൂത്രിത കൊലപാതകമായതിനാല്‍ രക്ഷപ്പെടാനുളള പഴുതുകള്‍ കൂടി കണ്ടെത്തിയ ശേഷമാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം.

അതിനാല്‍ തന്നെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായേക്കും.

ഇതിനായുളള വ്യക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ രീതിയും ആയുധങ്ങള്‍ പ്രയോഗിച്ച രീതിയുമെല്ലാം പെട്ടെന്നുണ്ടായ പ്രകോപനമല്ല, മറിച്ച് ആയുധ പരിശീലനം ലഭിച്ചവര്‍ ചെയ്ത കിരാതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News