പിഡിപിയില്‍ ആഭ്യന്തര കലഹം: മെഹബൂബ മുഫ്തിക്കെതിരെ എംഎല്‍എമാര്‍ രംഗത്ത്

ദില്ലി: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ പിഡിപിയില്‍ ആഭ്യന്തര കലഹം.

മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിക്ഷിപ്ത താല്‍പര്യവും കഴിവില്ലായ്മയുമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് കുറ്റപ്പെടുത്തി 3 പിഡിപി എംഎല്‍എമാര്‍ രംഗത്തെത്തി. നിലവില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മന്ത്രി ഇമ്രാന്‍ റാസാ അന്‍സാരി, സാദിബാല്‍ എംഎല്‍എ ഹുസൈന്‍ അന്‍സാരി, ഗുല്‍മാര്‍ഗ് എംഎല്‍എ മുഹമ്മദ് അബ്ബാസ് എന്നിവരാണ് മെഹ്ബൂബ മുഫ്തിക്കെതിരെ രംഗത്തെത്തിയത്.

എന്നാല്‍ പാര്‍ട്ടി മാറിയാണെങ്കിലും പൊതുജന സേവനം തുടരുമെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. എന്നാല്‍ ഇവരുടെ നേതൃത്വത്തില്‍ പി.ഡി.പിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ബദലായി ഒരു മുന്നണി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്.

അംഗസംഖ്യ ഒത്തു വരികയാണെങ്കില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഫ്തിയുടെ കഴിവില്ലായ്മയാണ് സഖ്യം തകരാന്‍ ഇടയാക്കിയതെന്ന് മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരിയാണ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സാമാജികരായിരുന്ന മുഹമ്മദ് അബ്ബാസ് വാനിയും ആബിദ് അന്‍സാരിയും ഇമ്രാനെ പിന്തുണക്കുകയായിരുന്നു. മെഹ്ബൂബയുടെ നിക്ഷിപ്ത താല്‍പര്യവും കഴിവില്ലായ്മയുമാണ് സാഹചര്യങ്ങള്‍ വഷളാക്കിയതെന്നും പിഡിപിക്കൊപ്പം മെഹ്ബൂബ തകര്‍ത്തത് മുഫ്തി മുഹമ്മദ് സയ്യിദിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്നും എംഎല്‍എമാര്‍ ആരോപിച്ചു.

ബിജെപി സംസ്ഥാനത്തിന്റെ വികസനത്തിനായി വലിയ ഫണ്ട് നല്‍കിയിരുന്നുവെന്നും എംഎല്‍എമാര്‍ കൂട്ടിചേര്‍ത്തു.

അതേസമയം, പി.ഡി.പിക്കു പിന്തുണ നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ എത്രയും പെട്ടെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News