സംഘടനപ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച് മാര്‍ ഇവാനിയോസ് കോളേജ്; ദുരവസ്ഥ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക്; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ, പരിഹാസച്ചിരിയുമായി പ്രിന്‍സിപ്പള്‍

തിരുവനന്തപുരം: സംഘടനപ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച് മാര്‍ ഇവാനിയോസ് കോളേജ് മാനേജ്‌മെന്റ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിഷ്ണു സനല്‍കുമാറിനോട് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരമായ നടപടി.

സംഭവത്തെക്കുറിച്ച് വിഷ്ണു പറയുന്നു:

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം നമ്മൾ അനുഭവിക്കുന്നത് നമ്മുടെ കലാലയ കാലത്തിനാണ് എന്നാണ് പറയാറ്. എന്റെ കാര്യത്തിൽ അത് തീർത്തും സത്യമായിരുന്നു.

മാർ ഇവാനിയോസ് കോളേജിൽ എത്തിപ്പെടുവാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതിയിരുന്നത്. ഞാൻ പഠിക്കുന്നത് ഇവനിയോസിലാണ് എന്ന് പറയുമ്പോൾ അഭിമാനത്തോടെയും തെല്ലൊരഹങ്കാരത്തോടെയും കൂടി മാത്രമേ എനിക്കതിന് കഴിഞ്ഞിരുന്നുള്ളൂ. ഏതൊരു ഇവാനിയോസുകാരനും അത് അങ്ങനെതന്നെയായിരിക്കും എന്നെനിക്ക് ഉറപ്പാണ്.

ഒരുപാട് നല്ല സൗഹൃദങ്ങളും അനുഭവങ്ങളും അവസരങ്ങളും എനിക്ക് സമ്മാനിച്ച ,എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ കോളേജ്.

മൂന്ന് വർഷത്തെ ഗണിതശാസ്ത്രത്തിലുള്ള ബിരുദപഠനത്തിനു ശേഷം ഒരു ഡിഗ്രി സ്വന്തമാക്കാൻ കഴിയാതെ വന്നപ്പോൾ അതിനാൽ തന്നെയാണ് ഞാൻ ഏറെ പഠിക്കാൻ ആഗ്രഹിച്ച ജേർണലിസം കോഴ്സിന് ചേരണമെന്നും അത് ഇവാനിയോസിൽ തന്നെയാകണമെന്നും ആഗ്രഹിച്ചത്.

അതിനായി പക്ഷെ ഒരു കുറുക്കുവഴിയും തേടാൻ എനിക്ക് താൽപര്യമില്ലായിരുന്നു.ലക്ഷങ്ങൾ നൽകിയും ഉന്നതന്മാരുടെ ശുപാർശയിലുമൊക്കെ അവിടെ പ്രവേശനം നേടാൻ ഇഷ്ടംപോലെ ആളുകൾ ഉള്ളപ്പോൾ അങ്ങനെ ഞാൻ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയാൽത്തന്നെ എങ്ങനെ ഫലം കാണാനാണ്.

ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ തന്നെയാണ് പ്രവേശനം നേടുന്നതിനായി ജേർണലിസം ഡിപ്പാർട്മെന്റിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുത്തതും പാസ്സാകാൻ സാധിച്ചതും.

അലോട്മെന്റ് ലിസ്റ്റിൽ S. C. വിഭാഗത്തിൽ മൂന്നാം റാങ്കുകാരനായി എന്റെ പേര് കണ്ടപ്പോൾ എന്നേക്കാൾ കൂടുതൽ സന്തോഷിച്ചത് എന്റെ അച്ഛനായിരുന്നു. തന്റെ മകന്റെ ഒരു വലിയ ആഗ്രഹം ഉടനെ തന്നെ യാഥാർഥ്യമാകും എന്നോർത്താകണം.

എനിക്കും ഒരുപാട് അഭിമാനം തോന്നിയിരുന്നു. എന്റെ പ്രിയപ്പെട്ട കോളേജിലേക്ക് ഒരിക്കൽ കൂടി വിദ്യാർത്ഥിയായി, അതും ഇഷ്ടപ്പെട്ട കോഴ്സിലേക്ക് പ്രവേശനവും നേടി, ഒരിക്കൽ കൂടി…

പക്ഷെ സന്തോഷങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രവേശനം നേടുന്നതിനായുള്ള അലോട്ട്മെന്റ് മെമോ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തതിൽനിന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണമാകാമത് എന്നുകരുതി പ്രിൻസിപ്പാളിനെ വിവരമറിയിക്കാൻ ചെന്ന എനിക്ക് ഞെട്ടിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

എനിക്ക് അഡ്മിഷൻ തരാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കൽ വിദ്യാർത്ഥിയായിരുന്ന കാരണത്താൽ എനിക്ക് വീണ്ടും പ്രവേശനം നൽകേണ്ടതില്ല എന്ന് അവരൊക്കെ തീരുമാനിച്ചു എന്ന്. എന്താണ് പറയേണ്ടത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.

ഞാൻ മൂന്ന് വർഷം സജീവമായി പ്രവർത്തിച്ച എന്റെ പ്രിയ സംഘടനയിലെ സഖാക്കളോട് പരാതിപ്പെടുകയാണ് ഞാൻ ഉടൻതന്നെ ചെയ്തത്. അവരുടെ നിർദേശപ്രകാരം, എനിക്ക് അഡ്മിഷൻ നിഷേധിക്കരുതെന്ന അപേക്ഷ, ഒരു സഖാവ് തന്നെ എഴുതിത്തന്ന നിവേദനമായി ഞാൻ ഒന്നുകൂടി പ്രിൻസിപ്പാളിനെ കാണാൻ ചെന്നു.

എന്റെ നിവേദനം സ്വീകരിക്കാൻ സാധ്യമല്ല എന്നുപറഞ്ഞപ്പോൾ ആവുന്നത്ര ഞാൻ അപേക്ഷിച്ചുനോക്കി. എന്നിട്ടും സ്വീകരിക്കില്ലെന്നായപ്പോൾ ഇനി ഞാൻ നിയമപരമായി മുന്നോട്ടുപോകും എന്നദ്ദേഹത്തെ അറിയിച്ചു.

അത്ര മെച്ചപ്പെട്ട സാമ്പത്തികചുറ്റുപാടുള്ള വീട്ടിൽ നിന്നൊന്നുമല്ല എന്റെ വരവ് എന്നറിയാവുന്നതുകൊണ്ടാവാം, തികഞ്ഞൊരു പരിഹാസച്ചിരിയോടെയാണ് എന്റെ മറുപടി അദ്ദേഹം കേട്ടത്. വേഗം മുറിയിൽ നിന്നും ഇറങ്ങിപോകാനും ആവശ്യപ്പെട്ടു.

ഈ സംഭവം നടന്നിട്ട് ഇപ്പോൾ 4-5 ദിവസമാകുന്നു. ഇതിനിടയിൽ നമ്മുടെ സഖാക്കൾക്കൊപ്പം ഒരുപാട് ഓഫീസുകളിൽ കയറിയിറങ്ങുകയും പരാതികൾ സമർപ്പിക്കുകയും ചെയ്തു. പലതും കോളേജ് മാനേജ്‌മന്റ് തന്നെ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു.

സ്വയംഭരണാവകാശം സ്വന്തമായുള്ള കോളേജിന് ഒരാൾക്ക് അഡ്മിഷൻ നൽകാതിരിക്കാൻ കഴിയുമെന്നൊക്കെ പലരും പറയുന്നു.

പക്ഷെ എന്റെ കാര്യത്തിൽ അതെന്തിന്റെ അടിസ്‌ഥാനത്തിലാണ്‌ എന്നാണ് എനിക്ക് ഇനിയും മനസ്സിലാകാത്തത്. കഴിഞ്ഞകൊല്ലം പോലും എന്നെപ്പോലെ മൂന്നുവർഷം അവിടെ പഠിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവിടെത്തന്നെ പ്രവേശനം നൽകിയിരുന്നു.

അപ്പോഴൊന്നും ഉയർന്നുവരാതിരുന്ന എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്? അങ്ങനെയുണ്ടെങ്കിൽത്തന്നെ പിന്നെയെന്തിനാണ് എന്നെ പ്രവേശനപരീക്ഷ എഴുതാൻ അനുവദിച്ചതും എന്റെ പേര് റാങ്ക് ലിസ്റ്റിൽ പ്രസിദ്ധീകരിച്ചതും? ഈ ചോദ്യങ്ങൾക്കൊന്നും തന്നെ തൃപ്തികരമായ ഒരു മറുപടി കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. അതുതന്നെയാണ് എന്നെ കുറച്ചുനാളുകളായി അലട്ടുന്നതും…

ഇന്ന് എന്റെ കോളേജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വീകരണമാണ്. ഞാനും അവരിലൊരാളായി അവിടെ ഇരിക്കേണ്ടതാണ്.

പക്ഷെ ഇനി അതിന് കഴിയില്ല. ഇത് ആരോടുമുള്ള പരിഭവം പറച്ചിലൊന്നുമല്ല. എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന, നാളെ ആർക്കും നേരിടേണ്ടി വന്നേക്കാവുന്ന ഒരു ദുരവസ്‌ഥ നിങ്ങളെ അറിയിക്കുന്നെന്ന് മാത്രം.

എന്റൊപ്പം ഇവാനിയോസിലെ സഖാക്കളുണ്ട്. നിയമപരമായി ശക്തമായി മുന്നോട്ട് പോകാൻതന്നെയാണ് ഞങ്ങളുടെ തീരുമാനം.

സംഘടനപ്രവർത്തനത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് അവനവകാശപ്പെട്ട പ്രവേശനം നിഷേധിക്കാൻ പോന്നതാണ് കോളേജിന്റെ അധികാരങ്ങളെങ്കിൽ അവ എടുത്തുകളയപ്പെട്ടേതീരു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News