ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പൊലീസിലെ ജോലി നഷ്ടമാകും

സര്‍ക്കാര്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്ത്യന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ജോലി നഷ്ടമായേക്കും.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ പഞ്ചാബ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ഹര്‍മന്‍പ്രീതിനോട് രാജി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

പഞ്ചാബിലെ മോഗ സ്വദേശിയായ ഹര്‍മന്‍പ്രീത്, മീററ്റിലെ ചൗധരി ചരണ്‍സിംഗ് സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റാണ് ജോലി ലഭിക്കുന്നതിനായി നല്‍കിയിരുന്നത്.

എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തി. ഹര്‍മന്‍പ്രീത് തങ്ങളുടെ വിദ്യാര്‍ഥിയായിരുന്നില്ലെന്നു സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് ഹര്‍മന്‍പ്രീത്.

മുമ്പ് പശ്ചിമ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചാബ് പൊലീസില്‍ ചേര്‍ന്നത്. ബോണ്ട് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റെയില്‍വേ വിട്ട ഹര്‍മന്‍പ്രീതിനോട് ശമ്പളം തിരികെ നല്‍കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹര്‍മന്‍പ്രീതിന് വിടുതല്‍ നല്‍കുകയായിരുന്നു.

ഐ സി സി വനിതാ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് ക!ഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഹര്‍മന്‍പ്രീതിന് അര്‍ജുന പുരസ്‌കാരം സമ്മാനിച്ചിരുന്നു. ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറുമായി കരാറൊപ്പിട്ട ഹര്‍മന്‍പ്രീത് ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കാഷെയറിനായും കളിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here