വികസന കാര്യങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങാനാണ് സംസ്ഥാനത്തിന്‍റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി

വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങണമെന്നതാണ് സംസ്ഥാനത്തിന്‍റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനോടുള്ള കേന്ദ്രത്തിന്‍റെ അവഗണനയിൽ തിരുവനന്തപുരത്ത് ചേർന്ന എം.പിമാരുടെ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

റേഷൻ പുനസ്ഥാപിക്കുന്നതിൽ സര്‍വകക്ഷി സംഘത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിലും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തിലെ നിസഹകരണത്തിനെതിരെയും യോഗം പ്രമേയം പാസാക്കി.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായും കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അവഗണനയുടെയും സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ എം.പിമാരുടെ യോഗം ചേർന്നത്.

കേരളത്തിന്‍റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ താത്പര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസമായ സമീപനങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് എം. പിമാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭക്ഷ്യവിഹിതം പുനസ്ഥാപിക്കക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിലും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തിലെ കേന്ദ്ര നിസഹകരണത്തിനെതിരെയും യോഗം പ്രമേയം പാസാക്കി.

കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗ് ആസൂത്രണ കമ്മീഷന് പകരമാവില്ലെന്ന് യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു. ജി. സി വേണ്ടെന്ന കേന്ദ്ര സമീപനം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. തീരുമാനം കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്‍ററിന്‍റെ വികസനത്തിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ബയോസേഫ്റ്റി ലാബ് സ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്‍റെ സഹായം ഉണ്ടാവണം.

ഓഖി പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. കേരളത്തിന് ആവശ്യമായ പരിഗണന ചില പദ്ധതികളില്‍ ലഭിക്കുന്നതിന് കേന്ദ്ര മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്. ജി.എസ്.ടിയിൽ ഉൾപ്പെടെ പലതിലും സംസ്ഥാനങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്നും യോഗം വിലയിരുത്തി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനവും യോഗത്തിലുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here