
അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും.
വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധ കൂട്ടായ്മയും അനുസ്മരണ സംഗമവും സംഘടിപ്പിക്കും. അതേസമയം കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.
മഹാരാജാസിന്റെ കലാലയ മുറ്റത്ത് ഇനി അഭിമന്യുവില്ല. നാടന്‍പാട്ടിന്റെ ഈണങ്ങളും വിപ്ലവച്ചൂടില്‍ ഉയരുന്ന മുദ്രാവാക്യം വിളികളുമായി മഹാരാജാസിന്റെ മണ്ണിലൂടെ നടന്ന ധീരസഖാവിന് അന്ത്യാഞ്ജലി.
എസ്ഡിപിഐ ജീവനെടുത്ത അഭിമന്യുവിന്റെ ചേതനയറ്റ ശരീരത്തെ രക്തസാക്ഷിക്ക് മരണമില്ലെന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു മഹാരാജാസ് ഏറ്റുവാങ്ങിയത്.
രക്തനക്ഷത്രാങ്കിത ശുഭ്രപതാക അണിയിച്ച് ധീരസഖാവിന് കലാലയം കണ്ണീരോടെ വിട പറഞ്ഞു. എന്‍എസ്എസ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിന്റെ നാടന്‍ പാട്ടിന്റെ ഈരടികള്‍ രാജകീയ കലാലയത്തിന്റെ കോണുകളില്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു.
വേദന കടിച്ചമര്‍ത്തിയാണ് അഭിമന്യുവില്ലാത്ത കലാലയം ഇന്ന് തുറക്കുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
അഭിമന്യുവിനൊടൊപ്പം എസ്ഡിപിഐയുടെ ആക്രമണത്തിനിരയായ അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആശാവഹമാണ്.
മതതീവ്രവാദികളെ ക്യാമ്പസിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും അവസാന വര്‍ഷം അറബിക് ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെയും ഈ വര്‍ഷം പ്രവേശനം നേടിയ ഫറൂഖിനെയും കോളേജ് അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം കേസില്‍ അറസ്റ്റിലായവരെ എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here