ദില്ലിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് കൂടുതല്‍ അധികാരം: ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാകില്ലെന്ന് സുപ്രീംകോടതി

ദില്ലി: സംസ്ഥാനത്തിന്റെ ഭരണനിയന്ത്രണവുമായി ബന്ധപ്പെട്ട് കേസില്‍ ആംആദ്മിക്ക് ആശ്വാസം.

ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാകില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉദേശമനുസരിച്ച് മാത്രമേ തീരുമാനങ്ങള്‍ നടപ്പിലാക്കാവു എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി , എഎം ഘന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിരടങ്ങുന്ന ഭരണഘടന ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

ദില്ലിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് കൂടുതല്‍ അധികാരമെന്നും ഭരണഘടന സംബന്ധമായ വിഷയങ്ങളിലൊഴികെ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലെഫറ്റനന്റ് ഗവര്‍ണ്ണര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു.

ഇക്കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങെളെടുക്കാനാകില്ലെന്നും ഭരണപരമായ തീരുമാനങ്ങള്‍ വൈകിപ്പിക്കരുതെന്നും കോടതി വിധിച്ചു.

രാജ്യ തലസ്ഥാനമായ ദില്ലിക്ക് പ്രത്യേക അധികാരങ്ങളുണ്ട്. അതിനാല്‍ സംസ്ഥാന ഗവര്‍ണ്ണറുടെ അതേ അധികാരങ്ങളല്ല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ളത്്.

അഞ്ചംഗ ഭരണഘടന ബഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും, ആരോഗ്യപരമായ ഫെഡറലിസം ഉറപ്പുവരുത്താന്‍ ഇരുവര്‍ക്കും ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

എന്നാല്‍ ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന വിധി കെജ്രിവാള്‍ സര്‍ക്കാരിന് തിരിച്ചടിയായി.

ക്രമസമാധാനം, പൊലീസ്, ഭൂമി എന്നീ വിഷയങ്ങളിലൊഴികെ ലെഫറ്റനന്റ് ഗവര്‍ണ്ണറേക്കാള്‍ മുഖ്യമന്ത്രിക്കായിരിക്കും പരമാധികാരം .15 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിധി.

ആംആദ്മിക്കുവേണ്ടി പി ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, ഇന്ദിര ജയ്‌സിംങ്, രാജീവ് ധവാന്‍ എന്നിവര്‍ വാദിച്ചു. കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗും ഹാജരായി.

വിധിന്യായത്തിലൂടെ ജനാധിപത്യം സംരക്ഷിപ്പെട്ടുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനോഷ് സിസോദിയും ട്വിറ്ററിലൂടെ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here