ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം; അറസ്റ്റ് വൈകാന്‍ സാധ്യത

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ അറസ്റ്റ് വൈകാന്‍ സാധ്യത. പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ കാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും തിരുവല്ലയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ ധാരണയായി.

ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചത് നിര്‍ണായകമായി.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതുകൊണ്ട് ഇതില്‍ കോടതി തീരുമാനം വരുന്നത് വരെ കാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം എടുത്തിരിക്കുന്നത്. ജോണ്‍സണ്‍ വി മാത്യു മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കാത്തതിനാല്‍ ഇയാളുടെ അറസ്റ്റ് ചിലപ്പോള്‍ ഉടന്‍ ഉണ്ടായേക്കും.

നിലവില്‍ പ്രതികള്‍ നാല്്‌പേരും ഒളിവിലാണ്. തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചത് നിര്‍ണായകമായി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദികനുമായി യുവതി മുറിയെടുത്ത കൊച്ചിയിലെ ഹോട്ടലിലും മറ്റിടങ്ങളിലും തെളിവെടുക്കാനും സാക്ഷി മൊഴികള്‍ രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു.

അതേ സമയം, ചിറ്റാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ വികാരിക്കെതിരെ പ്രവാസി കൊടുത്ത ലൈംഗിക ആരോപണ പരാതി സഭാ നേതൃത്വം മുക്കിയെന്ന് സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം തന്നെ വെളിപ്പെടുത്തി.

നിലക്കല്‍ മെത്രാപൊലീലീത്തക്ക് ജൂണ്‍ ആദ്യം നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ലെന്നും മെത്രാപൊലീത്തയടക്കം സമ്മര്‍ദ്ദം ചെലുത്തി പരാതിക്കാരനെ കൊണ്ട് പരാതി പിന്‍വലിക്കുകയായിരുന്നെന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here