‘യാതനകളുടെ കടല്‍ നീന്തിവന്ന കുഞ്ഞായിരുന്നു അവന്‍’

സുനില്‍ പി ഇളയിടം അഭിമന്യുവിനെക്കുറിച്ച് എഴുതിയ കുറിപ്പ് 

‘നാന്‍ പെറ്റ മകനേ…
എന്‍ കിളിയേ…. ‘
രണ്ടു ദിവസമായി തലയില്‍ ഇരമ്പുന്നത്, മുള ചിന്തുന്നതു പോലെ, നെഞ്ചുകീറി വരുന്ന ഈ കരച്ചിലാണ്. ഇപ്പോഴും അത് അടങ്ങിയിട്ടില്ല.

ഒരമ്മയുടെ കെട്ടടങ്ങാത്ത കരച്ചില്‍…
‘നാന്‍ പറ്റ മകനേ… എന്‍ തങ്കമേ….’

തിങ്കളാഴ്ച രാവിലെ ഒരു യാത്രയിലായിരുന്നു. പുറപ്പെടുന്നതിന് അല്‍പ്പം മുന്‍പാണ് മഹാരാജാസിലെ കൊലയെക്കുറിച്ച് അറിഞ്ഞത്.

അഭിമന്യുവിനെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ കുത്തിക്കൊന്നു എന്ന്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. യാത്രയില്‍ പിന്നെ വിവരങ്ങള്‍ കിട്ടുമായിരുന്നില്ല. ഉച്ചയ്ക്ക് മൊബൈലില്‍ സിഗ്‌നല്‍ വന്നപ്പോള്‍ നോക്കി. അപ്പോഴേക്കും അതില്‍ അഭിമന്യുവിന്റെ വിവരങ്ങള്‍ വന്നു നിറഞ്ഞിരുന്നു.

മഹാരാജാസിന്റെ വരാന്തയിലൂടെ വെള്ള ഷര്‍ട്ടും ചുവന്ന കരയുള്ള വെളുത്ത മുണ്ടും ധരിച്ച്, ചിരിയോടെ പ്രസാദപൂര്‍ണ്ണം നടന്നു വരുന്ന അവന്റെ ചിത്രം ഞാന്‍ ഒരുപാടു നേരം നോക്കിയിരുന്നു.

ഇങ്ങനെ തന്നെയാണ് മൂന്നു പതിറ്റാണ്ടു മുന്‍പ് ഞങ്ങള്‍ പലരും അതിലൂടെ നടന്നത്. അഭിമന്യുവിന്റെ ചിത്രത്തില്‍ എനിക്ക് എന്നെ കാണാമായിരുന്നു.

ഞങ്ങള്‍ ഒരുപാടു പേരെ കാണാമായിരുന്നു. പക്ഷേ, വട്ടവടയിലെ, അഞ്ചു പേര്‍ ഒരുമിച്ചു പാര്‍ക്കുന്ന, ഒരു ഇരുട്ടുമുറിയില്‍ നിന്ന് മഹാരാജാസിലെ ക്ലാസ്മുറികളിലേക്ക്, ഏതെല്ലാമോ ചരക്കുവണ്ടികളുടെ മുകളിലിരുന്ന്, അവന്‍ താണ്ടിയ ജീവിതദൂരം ഇക്കാലമത്രയും കൊണ്ട് ഞാന്‍ സഞ്ചരിച്ച ദൂരത്തേക്കാള്‍, ഞങ്ങള്‍ പലരും സഞ്ചരിച്ച ദൂരത്തേക്കാള്‍, എത്രയോ വലുതാണ്.

യാതനകളുടെ കടല്‍ നീന്തി വന്ന കുഞ്ഞായിരുന്നു അവന്‍. നമ്മള്‍ എത്രയോ പേരുടെ ജീവിതത്തേക്കാള്‍ വിലയേറിയതായിരുന്നു ആ ജീവിതം. അതിനെയാണ് മതഭീകരവാദികള്‍ ഒറ്റ ക്കുത്തിനു് കൊന്നൊടുക്കിയത്.

പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട്, എസ്.ഡി.പി.ഐ… ഇങ്ങനെ പല പേരുകളില്‍ വരുന്നത് ഒന്നു തന്നെയാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മതഭീകരവാദം. പുറമേ മനുഷ്യാവകാശം മുതല്‍ പരിസ്ഥിതി പ്രവര്‍ത്തനം വരെ പല വേഷങ്ങളിലെത്തുന്ന മതഭീകരത.

അതിനപ്പുറം യാതൊന്നും അതിലില്ല. ഹിന്ദുത്വത്തിന്റെ പിണിയാളുകളായി നിന്ന്, മതവിദ്വേഷം വിതച്ച്, മതനിരപേക്ഷതയെയും ഇടതുപക്ഷത്തെയും തകര്‍ക്കുക എന്നതിലുപരി യാതൊന്നും അവര്‍ ചെയ്യുന്നുമില്ല. ഹിന്ദുത്വത്തോടല്ല; അവരുടെ പക മുഴുവന്‍ ഇടതുപക്ഷത്തോടും മാര്‍ക്‌സിസത്തോടുമാണ്. (നമ്മുടെ പല ഉത്തരാധുനിക ബുദ്ധിജീവികളെയും പോലെ.) അഭിമന്യുവിനെ അത്രമേല്‍ ആസൂത്രണത്തോടെ അവര്‍ കൊന്നുകളഞ്ഞതും അതുകൊണ്ടാണ്.

അഭിമന്യു
ഒരു നിതാന്ത സമരത്തിന്റെ പേരാണ്.
നാം തുടരേണ്ട ഒരു വലിയ സമരത്തിന്റെ പേര്.

‘ഒരു ദിനമെങ്കിലും പൊരുതി നിന്നോര്‍
അവരെത്ര നല്ലവര്‍
ഒരു നീണ്ട വര്‍ഷം പൊരുതി നിന്നോര്‍
അവരതിലേറെ നല്ലവര്‍
എന്നാല്‍ മറക്കായ്ക;
ജീവിതം മുഴുവന്‍ പൊരുതി നിന്നോര്‍
അവരത്രെ പോരിന്റെ സാരവും സത്തയും’

പ്രിയ സഖാവേ,
ലാല്‍സലാം!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News