
കൊച്ചി: അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു.
ക്ലാസ് തുടങ്ങുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ക്രൂരകൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തമാകാത്തതിനാല്‍ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. കോളേജ് നടത്തിയ അനുസ്മരണ പരിപാടിയില്‍ അധ്യാപകരും കുട്ടികളും അടക്കം അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്പില്‍ പൊട്ടിക്കരഞ്ഞു.
മഹാരാജാസ് കോളേജില്‍ ഇനി അവനില്ല. അവന്റെ നാടന്‍ പാട്ടുകളില്ല. താളങ്ങളില്ല. അഭിമന്യുവിന്റെ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന കലാലയം രണ്ട് ദിവസത്തിന് ശേഷം തുറന്നിട്ടും മൂകാന്തരീക്ഷം.
വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് കോളേജിലെത്തിയത്. കോളേജിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൊട്ടിക്കരഞ്ഞു. പ്രിന്‍സിപ്പാള്‍ കെഎന്‍ കൃഷ്ണകുമാറിന് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.
അഭിമന്യു പഠിച്ച രണ്ടാം വര്‍ഷ കെമിസ്ട്രി ക്ലാസ് ശോകമൂകമായിരുന്നു. കുട്ടികള്‍ ആരും എത്തിയില്ല. അഭിമന്യൂ ഇല്ലെന്ന് വിശ്വസിക്കാന്‍ സഹപാഠികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനാണ് തീരുമാനം. സീനിയര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അഭിമന്യുവിന്റെ ക്ലാസില്‍ ഒത്തുകൂടിയിരുന്നു.
ഇവിടെ വച്ചായിരുന്നു അവന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയത്. ഇനി അവന്റെ നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ ഇവിടെ മുഴങ്ങിക്കൊണ്ടേയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here