
എസ് എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ കുറ്റം സമ്മതിച്ചതായി പോലീസ്.3 പേരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ CJM കോടതി നാളെ പരിഗണിക്കും.
കൊച്ചി മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ 15 പേരുണ്ടെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികൾ സംഘം ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവ്വഹിച്ചത്. SFI എഴുതിയ ചുവരിൽ പോസ്റ്റർ ഒട്ടിച്ച് ഇവർ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിനു ശേഷം പ്രതികൾ മുങ്ങുകയായിരുന്നു. പോലീസ് വ്യാപകമായി നടത്തിയ തിരച്ചിലിന്റെ ഫലമായി 3 പേരെ ആദ്യം പിടികൂടി. ക്യാംപസ് ഫ്രണ്ട് നടത്തുന്ന കൊച്ചിൻ ഹൗസ് എന്ന ഹോസ്റ്റലിൽ നിന്നാണ് റിയാസ്, ബിലാൽ, ഫറൂഖ് എന്നിവരെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. കൊലക്കുറ്റം, ഗൂഢാലോചന ഉൾപ്പടെ പത്തോളം വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
3 പേരെയും വിശദമായി ചോദ്യം ചെയ്യേണ്ടതിനാൽ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് പോലീസ് C JM കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂട്ടുപ്രതികളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതേ സമയം പ്രതികളെന്ന് സംശയിക്കുന്ന ചിലർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായും വിവരമുണ്ട്.ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here