ക്ലാസ്മുറിയില്‍ ശ്രദ്ധിക്കാത്തതിന് ഒന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം

ക്ലാസ്മുറിയില്‍ ശ്രദ്ധിക്കാഞ്ഞതിന് ഒന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം. ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപിക ചൂരല്‍ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന പേരില്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ അധ്യാപികയായ ഷീല മര്‍ദ്ദിച്ചത്. ചൂരല്‍ വടികൊണ്ട് ക്രൂരമായി അടിച്ചതിന്‍റെ എട്ടോളം പാടുകളാണ് ആറുവയസുകാരന്‍റെ പുറത്തുള്ളത്.

ബ്ലാക്ക് ബോര്‍ഡില് എഴുതിയത് ശ്രദ്ധിക്കാതിരുന്നതിനാണ് അധ്യാപിക കുട്ടിയെ അടിച്ചത്. സംഭവം കുട്ടി വീട്ടില്‍ അറിയിച്ചിരുന്നില്ല. കുട്ടിയെ കുളിപ്പിക്കുന്നതിനായി അമ്മ വസ്ത്രങ്ങള്‍ മാറ്റിയപ്പോഴാണ് മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കണ്ടത്.

തുടര്‍ന്ന് വണ്ടിപ്പെരിയാറിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് ചികില്‍സ തേടി. വീട്ടുകാര്‍ സ്കൂളിലും, പൊലീസിലും പരാതി നല്‍കി.

ക്ലാസില്‍ ശ്രദ്ധിക്കാതിരുന്ന കുട്ടിയുടെ കൈയ്യില്‍ ചൂരല്‍ വടിക്ക് അടിച്ചപ്പോള്‍ കുട്ടി പുറംതിരിഞ്ഞു നിന്നതാണ് പുറത്ത് അടിയേല്‍ക്കാന്‍ കാരണമെന്നാണ് സ്കൂള്‍ അധകൃതര്‍ നല്‍കുന്ന വിശദീകരണം. വീട്ടുകാരുടെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അധ്യാപിക ഷീലയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ ഉപദ്രവിക്കരുതെന്ന കര്‍ശന നിയമം നിലനില്‍ക്കെയാണ് ആറുവയസുകാരന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News