ആ ക്യാമ്പസിന്റെ ഇടനെഞ്ചാണ് പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ കുത്തിപ്പിളർന്നത്; നിങ്ങൾക്കു മാപ്പില്ല, മഹാരാജാസിലും കേരളത്തിലും, മനുഷ്യനുള്ള ഒരു മണ്ണിലും

ഫുട്ബോൾ സംബന്ധമായി കെഎസ് യു സംഘടിപ്പിച്ച ഒരു മത്സരത്തിൽ പങ്കെടുക്കാൻ ചെന്നത് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ അഭിമന്യുവായിരുന്നുവെന്ന് അഭിമാനത്തോടെയും അതിലേറെ സങ്കടത്തോടെയുമാണ് സഹപാഠിയായ കെഎസ് യു നേതാവ് ഓർത്തെടുക്കുന്നത്. ആ വാക്കുകൾ ഇങ്ങനെ –

” അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
” അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ” ! ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരൻ…

അവന്റെ ട്ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.

അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ.

ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല. ഒരുപക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ presence ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്”.==

ഇതിൽ നിന്ന് എന്താണ് നാം മനസിലാക്കുന്നത്? രാഷ്ട്രീയം മഹാരാജാസിലെ കുട്ടികളുടെ സൌഹൃദത്തെ ബാധിച്ചിരുന്നില്ല.

കൌമാരത്തിന്റെ എല്ലാ നിഷ്കളങ്കതളോടും കൂടി അവർ തങ്ങളുടെ കാമ്പസ് ജീവിതം വർണാഭമാക്കിയിരുന്നു. പൂത്തിരിപോലെ ചിരിച്ചും കളിക്കമ്പങ്ങൾ തോളോടു തോൾ പങ്കുവെച്ചും മഹാരാജാസിനെ ഊഷ്മള സൌഹൃദത്തിന്റെ ഉത്സവപ്പറമ്പുകളാക്കിയ കുട്ടികൾ.

എസ്എഫ്ഐ നേതാവായ അഭിമന്യുവിന് കെഎസ് യു നേതാവിനെ നിറഞ്ഞ ചിരിയോടെ ഇക്കയെന്ന് സംബോധന ചെയ്യാനും അവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിറഞ്ഞ സന്തോഷത്തോടെ പങ്കെടുക്കാനും കഴിഞ്ഞിരുന്നു. ഒരു സങ്കുചിത ചിന്തയും അവർക്കിടയിലുണ്ടായിരുന്നു.

അതാണ് മഹാരാജാസിന്റെ അന്തരീക്ഷം. ആ കാമ്പസിന്റെ ഇടനെഞ്ചാണ് പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ കുത്തിപ്പിളർന്നത്.

കാമ്പസ് ഫ്രണ്ടു കൂടി ഉൾപ്പെട്ട ഫ്രട്ടേണിറ്റിയുടെ കഴിഞ്ഞ വർഷത്തെ ചെയർമാൻ സ്ഥാനാർത്ഥി ഫൌദ് മുഹമ്മദ് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പുകൂടി വായിച്ചാലേ ചിത്രം പൂർണമാകൂ. ആ കുട്ടി എഴുതുന്നു –

==”നേതാവ് എന്നായിരുന്നു അവൻ എല്ലാപ്പോഴും വിളിച്ചിരുന്നത്…കളിയാക്കി ആണെങ്കിലും സ്നേഹമുള്ള ആ വിളി കേൾക്കാൻ പ്രത്യേകം ഒരു സുഖം ആയിരുന്നു…വിരുദ്ധ പക്ഷത്തായിരുന്ന പാർട്ടികളിൽ ആയിട്ടു കൂടി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു അവൻ..എന്നോട് മാത്രമല്ല മഹാരാജാസിലെ ഏകദേശം എല്ലാ വിദ്യാർഥികളോടും അവൻ അത് ഉണ്ടായിരുന്നു…സ്നേഹം മാത്രമായിരുന്നു അവനെ മുന്നോട്ട് നയിച്ചത്…ഒരു 5 മിനുറ്റ് അവനോട് സംസാരിച്ചു കഴിഞ്ഞാൽ സന്തോഷത്തോടെ മാത്രമേ നമ്മൾ പോവുകയുള്ളൂ…അത്രക്ക് രസികനും സംഭാഷണപ്രിയനുമായിരുന്നു അവൻ…

മഹാരാജാസിൽ അവൻ പഠിക്കുക ആയിരുന്നില്ല…ജീവിക്കുക ആയിരുന്നു…അവന്റെ ഉച്ചത്തിലുള്ള ആ ശബ്ദം എത്താത്ത മഹാരാജാസിലെ സ്ഥലങ്ങൾ വിരളമായിരുന്നു…അത്രക്ക് ഇഴകി ചേർന്നിരുന്നു അവൻ കോളേജുമായി…

എന്ത് കിട്ടിയെടാ പോപുലർ ഫ്രണ്ടിന്റെ ചെന്നായ കൂട്ടങ്ങളെ അവനെ കൊന്നു കളഞ്ഞപ്പോ…

അഭിമന്യു മറ്റു സംഘടനക്കാരായ ആരുടെയും പോസ്റ്റർ കീറുന്നവനായിരുന്നില്ല…അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു..അങ്ങോട്ട് ചെന്ന് ഒരിക്കലും പ്രശ്നം ഉണ്ടാക്കുന്നവനും ആയിരുന്നില്ല…സ്വന്തം പ്രസ്ഥാനത്തെ ആത്മാർഥമായി സ്നേഹിച്ചു നെഞ്ചിൽ കൊണ്ട് നടക്കുമ്പോൾ തന്നെ പ്രകോപനങ്ങൾ സൃഷ്ടിക്കാതെ മറ്റുള്ളവരെ ബഹുമാനിക്കുന്നവൻ ആയിരുന്നു…പിന്നെ എവിടെയാണ് നിങ്ങൾക്ക് ആത്മരക്ഷാർത്ഥം അവനെ കൊല്ലേണ്ടി വരുന്നത്……

മഹാരാജാസിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഒരു വിദ്യാർഥി സംഘട്ടനം നടന്നിട്ട് ഒരു വര്ഷത്തോളമായി..ഓർമ ശെരിയാണെങ്കിൽ കഴിഞ്ഞ ജൂലായിൽ ആണ് അങ്ങനെ ഒന്നു അവസാനമായി നടന്നത്…അത് തന്നെ ചെറിയ ഒരു കയ്യാങ്കളി മാത്രം…അതിനു ശേഷം വാക്ക് തർക്കങ്ങളും ചെറിയ ഉന്തും തള്ളുമോക്കെ ഉണ്ടായിരിക്കാം…പക്ഷെ ഒരിക്കലും ക്യാംപസ് സംഘർഷ ഭരിതം ആയിരുന്നില്ല..ഒരുത്തനെ കൊന്നു കളയാൻ മാത്രം കലുഷിതമായ ഒരു അവസ്ഥയും അവിടെ ഉണ്ടായിരുന്നില്ല…പിന്നെ എവിടെയാണ് നിങ്ങൾ പറയുന്ന സംഘർഷാവസ്ഥ……”==

ഇല്ലാത്ത സംഘർഷത്തിന്റെ പേരുപറഞ്ഞാണ് ആസൂത്രിതവും ക്രൂരവുമായ കൊലപാതകത്തെ പോപ്പുലർ ഫ്രണ്ടുകാർ ന്യായീകരിക്കുന്നത്.

കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന ആദ്യവാദം പൊളിഞ്ഞപ്പോഴാണ് ഇല്ലാത്ത സംഘർഷത്തിന്റെ കള്ളക്കഥയുമായി എത്തിയത്.

പരിക്കേറ്റ ഒരു പോപ്പുലർ ഫ്രണ്ടുകാരനും ഇതേവരെ ഒരാശുപത്രിയിലും ചികിത്സ തേടിയെത്തിയിട്ടില്ല. ധൈര്യശാലികളെല്ലാം ഒളിവിലാണ്. തങ്ങളോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന വെല്ലുവിളി പരസ്യമായി ഇപ്പോഴും മുഴങ്ങുന്നുമുണ്ട്.

ഇരുളിന്റെ മറവിൽ ഒരു കൊച്ചുപയ്യന്റെ നെഞ്ചിൽ കത്തികയറ്റിയ ശേഷം അതേ ഇരുളിൽ മറഞ്ഞിരിക്കുന്നവരിൽ നിന്നാണ് വെല്ലുവിളി.

ഭീരുക്കളാണ് നിങ്ങൾ. വെളിച്ചം ഭയക്കുന്ന ഭീരുക്കൾ. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തെ, നിലപാടുകളുടെ വെളിച്ചത്തെ, ജീവിതത്തിന്റെ വെളിച്ചത്തെ, പൌരാവകാശങ്ങളുടെ വെളിച്ചത്തെ, മതാന്ധതയുടെ കരിമ്പടം പുതച്ച് കെടുത്തിക്കളയാമെന്നു വ്യാമോഹിക്കുന്ന ക്രിമിനലുകൾ.

നിങ്ങൾക്കു മാപ്പില്ല, മഹാരാജാസിലും കേരളത്തിലും, മനുഷ്യനുള്ള ഒരു മണ്ണിലും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here