അഭിമന്യു ഇല്ലാത്ത ഈ ലോകത്ത് ക്വാർട്ടർ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ഉറുഗ്വേയെയാണ് നേരിടുന്നത്. രണ്ടാം മത്സരത്തിലാവട്ടെ ബ്രസീല്‍ ബെല്‍ജിയത്തെയും. മൂന്നാം മത്സരം റഷ്യയും ക്രൊയേഷ്യയും തമ്മിലാണ്. അവസാന ത്തേത് സ്വീഡനും ഇംഗ്ലണ്ടും തമ്മില്‍.

ഈ ടൂര്‍ണ്ണമെന്‍റില്‍ ഏറെ സാധ്യതകളൊന്നും കല്‍പ്പിക്കപ്പെടാത്ത ടീമായിരുന്നു ഫ്രാന്‍സ്. യൂറോപ്യന്‍ ടീമെന്ന പേരാണ് ഫ്രാന്‍സിനുള്ളതെങ്കിലും കളിക്കാരില്‍ പതിനാലുപേര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ആഫ്രിക്കന്‍ കരുത്തിന്‍റെ പ്രകടനം കൂടിയാണ് ഫ്രാന്‍സിന്‍റേത്. സന്നാഹ മത്സരങ്ങളില്‍ അവര്‍ ഏറെ തിളങ്ങിയില്ല. ഡെന്‍മാര്‍ക്കിനോട് സമനിലയായിരുന്നു. ഫ്രാന്‍സിന്‍റെ കരുത്ത് പ്രകടമായത് അര്‍ജന്‍റീനയുമായുള്ള മത്സരത്തിലായിരുന്നു. കളം നിറഞ്ഞുകളിച്ച ഫ്രാന്‍സിന്‍റെ ഈ പോരാട്ടത്തില്‍ ഒരു പുതിയ താരം ഉയര്‍ന്നുവന്നു. എംബാപ്പ. കളംനിറഞ്ഞ് കളിച്ച് അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയ മത്സരത്തിലെ ഫോം നിലനിര്‍ത്താനായാല്‍ സെമിയിലേക്ക് കടക്കാന്‍ തന്നെയാണ് സാധ്യത.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കളിക്കുന്ന ഉറുഗ്വേയാണ് ഫ്രാന്‍സിന്‍റെ എതിരാളി. ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രീക്വാര്‍ട്ടറില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലില്‍ നിന്ന് മാത്രമാണ് അവര്‍ ഗോള്‍ വഴങ്ങിയത്. റഷ്യയെ 3-0 ത്തിന് തകര്‍ത്ത് വിടുകയും ചെയ്തു. മുന്‍നിരയില്‍ സുവാരസും കവാനിയും പന്ത് തട്ടുമ്പോള്‍ ഏത് പ്രതിരോധത്തെയും തകര്‍ക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. പക്ഷെ കവാനിയുടെ പരിക്ക് അവര്‍ക്ക് പ്രതികൂലം തന്നെയാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ മികച്ച ഫോം നിലനിര്‍ത്തുന്ന ഉറുഗ്വേയെ മറികടക്കുക ഫ്രാന്‍സിന് എളുപ്പമാകില്ല.

ബ്രസീലും ബെല്‍ജിയവും തമ്മിലുള്ള മത്സരമായിരിക്കും ക്വാര്‍ട്ടര്‍ഫൈനലിലെ തീപ്പാറുന്ന പോരാട്ടം. ബ്രസീലിന് എക്കാലവും മികച്ച മുന്നേറ്റനിരയുണ്ട്. സാംബാ താളത്തിന്‍റെ സൗന്ദര്യം പ്രകടമാകുന്നത്. എന്നാല്‍ ഇത്തവണ പ്രതിരോധം മുമ്പെത്തേക്കാളേറെ കരുത്തുറ്റതാണ്. അതിനാല്‍ തന്നെ ഈ ടൂര്‍ണ്ണമെന്‍റില്‍ ആകെ വഴങ്ങിയത് ഒരു ഗോള്‍ മാത്രം. അതും കോര്‍ണര്‍ കിക്കില്‍ നിന്ന് വിവാദമായ നേടിയത്. മറ്റൊരിക്കലും ആ പ്രതിരോധം ഭേദിക്കപ്പെട്ടില്ല. ബ്രസീലിയന്‍ ഗോളിക്കാവട്ടെ വെല്ലുവിളികള്‍ ഏറെ നേരിടേണ്ടിയും വന്നിട്ടില്ല. അതും ഷൂട്ടൗട്ടില്‍ വരെ മത്സരം എത്താവുന്ന ഈ ഘട്ടത്തില്‍ അവരുടെ കരുത്തും പ്രധാനമാണ്.

ഏത് പ്രതിരോധത്തെയും ഉഴുതുമറിക്കുന്ന നെയ്മറാണ് ബ്രസീലിന്‍റെ മുന്നേറ്റക്കരുത്ത്. ഈ ടൂര്‍ണ്ണമെന്‍റില്‍ ഗോള്‍ മുഖത്ത് എറ്റവും കൂടുതല്‍ ഷോട്ടുതിര്‍ത്തതും സഹകളിക്കാര്‍ക്ക് അവസരമൊരുക്കിക്കൊടുത്തതും ഇദ്ദേഹമാണ്. വില്യണെപ്പോലെ വിംഗ്ബാക്ക് സ്ഥാനത്തുനിന്നും ഓടിമുന്നേറുന്ന താരങ്ങളും ബ്രസീലിന്‍റെ കരുത്താണ്. പ്രതിരോധത്തിലെ കരുത്തന്‍ കാസിമെറോ ഈ മത്സരത്തിലുണ്ടാവില്ല എന്നത് ബ്രസീലിനെ വേവലാതിപ്പെടുത്തുന്നത് തന്നെ. ഇദ്ദേഹത്തെ കടയ്ക്കാനാണ് കഴിഞ്ഞ മത്സരങ്ങളില്‍ എതിര്‍ ടീം പാടുപെട്ടത്. മാര്‍സെലോയുടെ പരിക്കും അവരെ അലട്ടുന്നത് തന്നെ. ഒത്തിണങ്ങിനിന്നാല്‍ സെമി അപ്രാപ്യമല്ല ബ്രസീലിന്.

ബെല്‍ജിയം ഈ ടൂര്‍ണ്ണമെന്‍റില്‍ എറ്റവും കൂടുതല്‍ ഗോള്‍ സ്കോര്‍ ചെയ്ത ടീമാണ്. അവരുടെ ലുക്കാക്കോ ഏത് പ്രതിരോധത്തിലും ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഡീ ബ്രൂയിനും ഹസാര്‍ഡും ആര്‍ക്കും ഭീഷണിയുയര്‍ത്തുന്ന താരം തന്നെ. മികച്ച ധാരണയോടെ ഇവര്‍ പൊരുതിയാല്‍ ഏത് പ്രതിരോധനിരയ്ക്കും ഭീഷണിയാണിവര്‍. ബെല്‍ജിയത്തിന്‍റെ ദൗര്‍ബല്യമായി ഈ ടൂര്‍ണ്ണമെന്‍റില്‍ കണ്ടത് അവരുടെ പ്രതിരോധമാണ്. മൊത്തം അഞ്ച് ഗോളുകള്‍ ബെല്‍ജിയം വഴങ്ങിക്കഴിഞ്ഞു. ദുര്‍ബലരായ ടുണീഷ്യയില്‍ നിന്ന് രണ്ടും കോസ്റ്റോറിക്കയില്‍ നിന്ന് ഒന്നും കഴിഞ്ഞ മത്സരത്തില്‍ ജപ്പാന്‍ അടിച്ചുകയറ്റിയതാവട്ടെ രണ്ടെണ്ണവും.

ജപ്പാനുമായുള്ള മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍പ്പോയിട്ടും മൂന്ന് ഗോളടിച്ച് ജയിച്ച ബെല്‍ജിയത്തിന്‍റെ പോരാട്ട വീര്യം വിസ്മരിക്കാനാവില്ല. ബ്രസീലിന്‍റെ ഒഴുകിയെത്തുന്ന ആക്രമണങ്ങളെ തടയുന്നതില്‍ പ്രതിരോധനിര പരാജയപ്പെട്ടാല്‍ പ്രതീക്ഷകളോടെയെത്തിയ ബെല്‍ജിയത്തിന് മടങ്ങാതെ തരമുണ്ടാകില്ല.

ആതിഥേയരായ റഷ്യ തുടക്കത്തില്‍ തന്നെ തങ്ങള്‍ ശ്രദ്ധേയമായ സാന്നിധ്യമാണെന്ന് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉറുഗ്വേയുമായുള്ള മത്സരത്തില്‍ അവരുടെ പ്രതിരോധം തകര്‍ന്നു. കരുത്തരായ സ്പെയിനുമായി നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാവട്ടെ മൂന്നില്‍ രണ്ട് ഭാഗവും ബോള്‍ കൈവശം വച്ചത് സ്പെയിനായിരുന്നു ഗോള്‍ കീപ്പര്‍ ഈഗോര്‍ അകിന്‍ഫീവിന്‍റെ പ്രകടനത്തിന്‍റെ ബലത്തിലാണ് റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയത്. തുടക്കത്തില്‍ കാണിച്ച കരുത്ത് കാട്ടാനായാല്‍ ക്രൊയോഷ്യയ്ക്ക് കടുത്ത എതിരാളിയാകും റഷ്യ.

റഷ്യയുടെ എതിരാളിയായി എത്തുന്നത് ക്രൊയേഷ്യയാണ്. ശക്തമായ മധ്യനിരയാണ് ക്രൊയേഷ്യയുടെ കരുത്ത്. ലുക്കാ മോഡ്രിച്ച്, റാക്കിഡിച്ച്, മാന്‍സികിച്ച് മധ്യനിരയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ്. നീണ്ട ഷോട്ടുകളിലൂടെ ഗോള്‍ മുഖത്തെ വിറപ്പിക്കാനുള്ള ക്രൊയേഷ്യയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കുക റഷ്യയ്ക്കെളുപ്പമാകില്ല. ക്രൊയേഷ്യ – അര്‍ജന്‍റീന മത്സരത്തില്‍ അവര്‍ കാണിച്ച കരുത്ത് മൈതാനത്ത് പ്രകടമായാല്‍ ക്രൊയേഷ്യയ്ക്ക് സെമി അപ്രാപ്യമല്ല.

അപ്രതീക്ഷിതമായി ക്വാര്‍ട്ടറിലേക്കെത്തിയ ടീമാണ് സ്വീഡന്‍. മത്സരങ്ങള്‍ പരിശോധിച്ചാല്‍ ബോള്‍ കൈവശം വയ്ക്കുന്നതില്‍ ഏറെയൊന്നും മുന്നോട്ടുപോകാന്‍ സ്വീഡന് കഴിഞ്ഞിട്ടുമില്ല. എന്നാല്‍ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ കാണിച്ച മിടുക്കാണ് സ്വീഡന്‍റെ ഈ കുതിപ്പിനുപിന്നിലുള്ളത്. മാന്യമായ ഫുട്ബോള്‍ കളിക്കുന്ന യൂറോപ്പിലെ ടീമെന്ന പ്രത്യേകതയും സ്വീഡനുണ്ട്. മികവുറ്റ ഫുട്ബോള്‍ പ്രദര്‍ശിപ്പിച്ച് ഒത്തിണങ്ങിപ്പോരാടിയാല്‍ അടുത്ത ഘട്ടം ഇവരെ അനുഗ്രഹിച്ചുകൂടെന്നില്ല.

ടൂര്‍ണ്ണമെന്‍റില്‍ ചിലരെങ്കിലും സാധ്യത കല്‍പ്പിച്ച ടീമാണ് ഇംഗ്ലണ്ടിന്‍റേത്. ഒരു ടീം ഗെയ്മോടെ എത്രത്തോളം കളിക്കാനാവും എന്നതാണ് ഇംഗ്ലണ്ടിനെ അലട്ടുന്ന പ്രശ്നം സര്‍ഗ്ഗാത്മകമായി കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് മൂന്ന് പ്ലെമേര്‍ക്കേഴ്സ് അവര്‍ക്കുണ്ട്. ഹാരി കെയ്നാവട്ടെ മിന്നുന്ന ഫോമിലാണ്. പരമ്പരാഗതമായ രീതികളെ കൈയ്യൊഴിഞ്ഞ് പുതിയ ശൈലിയിലൂടെയാണ് ഇംഗ്ലണ്ട് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ഫോം വച്ച് നോക്കിയാല്‍ ഇംഗ്ലണ്ടിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് പൊതുവിലുള്ളത്.

ഗോള്‍ കീപ്പര്‍മാര്‍ ഇത്രയേറെ തിളങ്ങിയ ഒരു ലോകകപ്പ് ഉണ്ടാവില്ല. മത്സരങ്ങളുടെ വിധി നിര്‍ണ്ണയിച്ചത് പലപ്പോഴും അവരായിരുന്നു. അടുത്ത മത്സരങ്ങളിലു അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫലങ്ങള്‍ മാറിമറിയാനും ഇത് ഇടയാക്കിയേക്കാം.

ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ നാളെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുമ്പിലും ബിഗ്സ്ക്രീനിനുമുന്നിലും അണിനിരക്കുന്നുണ്ടാവും. കഴിഞ്ഞ ദിവസം വരെ ഇതുപോലെ കളി കണ്ട് ആരവം വച്ചുനടന്ന നമ്മുടെ പ്രിയപ്പെട്ട സഖാവ് അഭിമന്യൂ നമുക്കൊപ്പമില്ല. നമ്മെ പോലെ ഒരു രാഷ്ട്രത്തിന്‍റെ ആരാധകനായിരുന്നു അവന്‍. ജൈവവൈവിധ്യങ്ങളുടെ കലവറയായ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ സൗന്ദര്യം പലപ്പോഴും പ്രദര്‍ശിപ്പിച്ച കൊളംബിയയായിരുന്നു അവന്‍റെ ഇഷ്ട ടീം. ഫുട്ബോളിനെ ഏറെ സ്നേഹിച്ച അവന്‍ കായിക മത്സരമെന്നുള്ളത് യോജിപ്പിന്‍റെ ആള്‍രൂപമാണെന്ന് തിരിച്ചറിഞ്ഞവനായിരുന്നു. അതിന്‍റെ തെളിവായിരുന്നല്ലോ കെ.എസ്.യു സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആദ്യം തന്നെ അവനെത്തിച്ചേര്‍ന്നത്.

വിദ്യാര്‍ത്ഥികളെയാകെ യോജിപ്പിച്ചുനിര്‍ത്തിയ ജനാധിപത്യപരമായ രാഷ്ട്രീയത്തിന്‍റെ വക്താവുകൂടിയായിരുന്നു അഭിമന്യൂ. കെ.എസ്.യു മഹാരാജാസില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തില്‍ അഭിമന്യൂ പങ്കെടുത്തതിനെ അനുസ്മരിച്ചുകൊണ്ട് അവരുടെ വോളില്‍ വന്ന പോസ്റ്റ് കൂടി സമര്‍പ്പിക്കട്ടെ.. ചില തെറ്റായ പ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണിത്.

‘കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു. എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.
അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
” അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ” !
ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരൻ…
അവന്റെ ട്ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ presence ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാം.
.
ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം.
പരസ്പരം തോളിൽ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാൻ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നുണ്ടല്ലോ

രാഷ്ട്രീയം സമസ്ത ലോകത്തിന്‍റെയും സമന്വയമാണെന്ന് തിരിച്ചറിഞ്ഞ പ്രിയപ്പെട്ട അനുജാ, മനുഷ്യ സഹജമായതൊന്നും തനിക്കന്യമല്ലെന്ന് പ്രഖ്യാപിച്ച മാര്‍ക്സിന്‍റെ ചിന്തകളിലൂടെ നീങ്ങിയവനേ… നിനക്കായി ഇത് സമര്‍പ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News