മകന്‍റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ഹിന്ദു ഹെൽപ്പ്‌‌ലൈൻ പ്രവർത്തകർക്ക് മറുപടിയുമായി അഭിമന്യുവിന്‍റെ അച്ഛന്‍

‘‘എന്റെ മോൻ കൊല്ലപ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ ആയതുകൊണ്ട്‌, നിങ്ങളുടെ സഹായം ആവശ്യമില്ല’’ ‐ ഹിന്ദു ഹെൽപ്പ്‌‌ലൈൻ പ്രവർത്തകർക്ക്‌ അഭിമന്യുവിന്റെ അച്ഛന്റെ മറുപടി

അഭിമന്യുവിന്റെ മരണത്തിൽ വർഗീയ മുതലെടുപ്പിന്‌ ശ്രമിച്ച്‌ സംഘപരിവാർ സംഘടനകളും രംഗത്ത്‌. എന്നാൽ മുതലെടുപ്പിനായി അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട്ടിലെത്തിയ ഹിന്ദു ഹെൽപ്പ്ലൈൻ പ്രവർത്തകർക്ക്‌ ഇളിഭ്യരായി മലയിറങ്ങേണ്ടിവന്നു. അഭിമന്യുവിനെ കൊന്നയാൾ മുസ്ലീമാണെന്നും കൊല്ലപ്പെട്ടത്‌ ഹിന്ദുവായതു കൊണ്ടാണെന്നും പറഞ്ഞ്‌ ‘ഹിന്ദുക്കളെ ആപത്തിൽ സഹായിക്കാനെന്ന’ വ്യാജേനയായിരുന്നു രംഗപ്രവേശം.

എറണാകുളം മഹാരാജാസ്‌ കോളേജിൽ എസ്‌ഡിപിഐ തീവ്രവാദികള്‍ പൈശാചികമായി കൊലപ്പെടുത്തിയ ഇരുപതുകാരനായ അഭിമന്യുവിന്റെ വീട്ടിൽ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ട നൂറുകണക്കിനാളുകളാണ് കഴിഞ്ഞ രണ്ട്‌ ദിവസമായി വന്നു പോയിക്കൊണ്ടിരിക്കുന്നത്. മകന്റെ വിയോഗത്തിൽ ഉള്ളുനീറിക്കഴിയുന്ന ആ അച്ഛനെയും അമ്മയെയും ഒന്നാശ്വസിപ്പിക്കാനാണ്‌ അവരൊക്കെ അവിടെയെത്തുന്നത്‌.

അതിനിടെയാണ്‌ ഇന്നലെ ആ രക്ഷിതാക്കളെ തേടി, വർഗീയതക്കെതിരെ അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിൽ കൊലചെയ്യപ്പെട്ട ആ രക്തസാക്ഷി ജനിച്ചുവളർന്ന വീട്ടിലേക്ക്‌ കയറിച്ചെല്ലാൻ വർഗീയ മുതലെടുപ്പ്‌ മാത്രം ലക്ഷ്യമായ ഒരു കൂട്ടം ധൈര്യപ്പെട്ടത്‌. ‘സേവാ വാഹിനി’ എന്നെഴുതിയ വാഹനത്തിലാണ്‌ അവർ എത്തിയത്‌. ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ സഹായത്തിനായി ബന്ധപ്പെടാൻ ഫോണ്‍നമ്പര്‍ അടങ്ങുന്ന ഒരു നോട്ടീസും ആ അച്ഛനു നേർക്ക്‌ അവർ നീട്ടി.

എന്നാല്‍ അഭിമന്യുവിന്റെ കർഷകത്തൊഴിലാളിയായ അച്ഛൻ മനോഹരൻ അവർക്ക്‌ നൽകിയ മറുപടി വ്യക്തമായിരുന്നു. “എന്റെ മകൻ കൊല്ലപ്പെട്ടു. സംഭവിക്കാനുള്ളത് സംഭവിച്ചു. ഞാൻ ജനിച്ചത് സിപിഐ എം ആയിട്ടാണ്. എന്റെ മോൻ കൊല്ലപ്പെട്ടതും ഈ പാർട്ടിക്ക് വേണ്ടിയാണ്. എന്റെ പാർട്ടിയാണ് എനിക്കെല്ലാം. മകൻ പോയതുകൊണ്ട് ഈ പാർട്ടിയെ എനിക്ക് വേണ്ടാ എന്ന് പറയാൻ പറ്റില്ല. ഇപ്പൊ ഒരു സഹായവും വേണ്ട… നന്ദി..” ‐ മനോഹരൻ പറഞ്ഞു. മകൻ മരിച്ച വൈകാരികതയിൽ നിൽക്കുമ്പോഴും വർഗീയതയെ അകറ്റി നിർത്താനുള്ള ജാഗ്രത ആ അച്ഛനുണ്ടായി. ആ മറുപടി മുതലെടുപ്പിനായി മല കയറിയ ഹിന്ദു ഹെൽപ്പ്‌ലൈൻകാരെ മാത്രമല്ല അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും അമ്പരപ്പിച്ചു.

തങ്ങളുടെ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന മകന്‍ നഷ്ടപ്പെട്ട തീരാദുഃഖത്തില്‍ ക‍ഴിയുന്ന അച്ഛനമ്മമാരെ അവരുടെ ദാരിദ്ര്യം മുതലെടുത്ത് വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കാം എന്ന് കരുതി മലകയറി വന്നവര്‍ക്ക് അഭിമന്യൂവിന്റെ അച്ഛന്റെ ഉറച്ച മറുപടിക്കുമുൻപില്‍ മറുവാക്ക് പോലും പറയാനില്ലാതെ ഇളിഭ്യരായി മലയിറങ്ങേണ്ടിവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News