എരുമേലില്‍ നിന്നും കാണാതായ ജസ്നക്ക് വേണ്ടി കേരളത്തിനകത്തും പുറത്തും തെരച്ചില്‍ തുടരുകയാണ്. ജസ്നകാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷ. ജസ്നയുമായുള്ള രൂപസാദൃശ്യമാണ് പ്രശ്നം.

കാണുന്നവരെല്ലാം ജസ്‌നയാണോ എന്ന് ചോദിക്കുമ്പോൾ അതുഞാനല്ല എന്ന് പറയും. എന്നാല്‍ പലരും അത് വിശ്വസിക്കാന്‍ കൂടെ കുട്ടാക്കുന്നില്ല. കാണുന്നവര്‍ എല്ലാം സംശയത്തോടെ നോക്കുകയാണെന്ന് അലീഷ പറയുന്നു.

രൂപസാദൃശ്യം മാത്രമല്ല, ജെസ്‌നയുടെ അതേ രീതിയിലുള്ള കണ്ണടയും പല്ലില്‍ കമ്പി കെട്ടിയതും അലീഷയെ കുഴപ്പത്തിലാക്കി. മുണ്ടക്കയത്തേക്കു പോകാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ അലീഷ.

ജസ്നയെ മുണ്ടക്കയത്ത് കണ്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അലീഷ പെട്ടത്. രണ്ടാ‍ഴ്ച മുന്‍പ് ഉമ്മക്കും കൂട്ടുകാര്‍ക്കുമൊപ്പം നടന്നു പോകും വ‍ഴി പൊലീസ് ജീപ്പ് അടുത്ത് വന്ന് നിര്‍ത്തി.

പൊലീസുകാര്‍ ആദ്യം കൂട്ടുകാരോട് എരുമേലിയിലേക്കുള്ള വ‍ഴി അന്വേഷിച്ചു. പിന്നീട് അലീഷയോട് വിവരങ്ങള്‍ തിരക്കി.

പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞപ്പോ‍ഴാണ് തന്‍റെ രൂപസാദൃശ്യത്തെ അലീഷക്ക് കുറിച്ച് മനസ്സിലായത്. കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിനു കാത്തിരിക്കുകയാണ് അലീഷ.