വാക്കുപാലിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; റയല്‍ വിട്ട് യുവന്‍റസിലേക്ക് പറക്കുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സ്പാനിഷ് ലാ ലിഗയിലില്ല. 9 വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിന് വേണ്ടി രണ്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ബാലണ്‍ ഡിഓര്‍ പട്ടവും സ്വന്തമാക്കിയ റോണോ ഇനി പന്ത് തട്ടുക ഇറ്റാലിയന്‍ സീരി എ ടീമായ യുവന്‍റസിന് വേണ്ടി.

451 ഗോളുകളോടെ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനെന്ന ബഹുമതി നേടിയ റോണോയെ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസ് സ്വന്തമാക്കാനൊരുങ്ങുന്നത് 100 മില്ല്യണ്‍ യൂറോയ്ക്കാണ്.

റൊണാൾഡോക്കു വേണ്ടി യുവന്‍റസ് റ്റ്യുറീൻ തയാറാക്കിയ ഏഴാം നമ്പർ ട്രിക്കോ പുറത്തായതായി ഇംഗ്ലീഷ് പത്രം സൺ റിപ്പോര്‍ട്ട് ചെയ്തു.

മെയ് അവസാനം യൂറോപ്പിന്‍റെ ചാമ്പ്യന്‍ ക്ലബായി റയലിന്‍റെ കിരീടധാരണം നടന്നയുടന്‍ തന്നെ അടുത്ത സീസണില്‍ ക്ലബിലുണ്ടാകിലെന്ന് റോണോ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതിഫല തര്‍ക്കത്തിനൊപ്പം റയല്‍ പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസുമായി റൊണാള്‍ഡോയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടെ ക്രിസ്റ്റ്യാനോയെ വിടാന്‍ ഒരുക്കമാണെന്ന് റയലും പ്രതികരിച്ചു. ക്രിസ്റ്റ്യാനോയെ വാങ്ങാനുള്ള അടിസ്ഥാന തുക റയൽ പരമാവധി കുറക്കുകയും ചെയ്തു.

ഇതിന് പിന്നാലെ റയല്‍ പുറത്തുവിട്ട പുതിയ ജഴ്‌സി അവതരിപ്പിക്കുന്ന വീഡിയോയിലും ക്രിസ്റ്റ്യാനോയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല.

2009 ല്‍ 630 കോടി രൂപയ്ക്ക് മാഞ്ചസ്റ്ററില്‍ നിന്ന് റയലിലെത്തിയ റൊണാള്‍ഡോ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി, തന്‍റെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയിലൊന്നിലേക്ക് ചേക്കേറുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

മാഞ്ചസ്റ്ററിലേക്കെത്താന്‍ പരിശീലകന്‍ ജോസ് മൗറിന്‍ഹോ വമ്പന്‍ ഓഫറുകളും റോണോയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ യുവന്‍റസുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയായതായി ക്ലീന്‍റെ മുന്‍ സി ഇ ഒ ലൂസിയോനോ മോഗി പറയുന്നു.

താരവും ക്ലബും കരാറിലെത്തിയെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായെന്നും സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ക്രിസ്റ്റ്യോനോയോ യുവന്‍റസോ ഈ വാര്‍ത്ത നിഷേധിച്ചിട്ടില്ല.

ക്രിസ്റ്റ്യോനോയ്ക്ക് പകരം ലോകകപ്പിൽ മിന്നും ഫോമിൽ കളിക്കുന്ന ബ്രസീലിന്‍റെ പി എസ് ജി താരം നെയ്മർ റയലിലേക്ക് വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഇക്കാര്യം നെയ്മര്‍ തന്നെ നിഷേധിച്ചിരുന്നു. ലയണല്‍ മെസിയുടെ ലോകകപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തിയ ലോക ഫുട്ബോളിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ കൈലിയന്‍ എംബാപ്പെ ക്രിസ്റ്റ്യാനോയ്ക്ക് പകരം റയലിലെത്തുമെന്നാണ് ഇപ്പോ‍ഴത്തെ സൂചന.

പന്ത് തട്ടിക്കളിക്കുന്ന പ്രായം മുതല്‍ ആരാധനയോടെ കണ്ടിരുന്ന സൂപ്പര്‍ താരത്തിന്‍റെ ഒ‍ഴിവിലേക്കാണ് ഫ്രഞ്ച് കൗമാര താരം എംബാപ്പെ പറന്നിറങ്ങുന്നത്.

റഷ്യന്‍ ലോകകപ്പിലെ ഈ അത്ഭുത ബാലന്‍റെ ഫുട്ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്താമായിരിക്കും അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News