ടിസി മാത്യു നടത്തിയത് കോടികളുടെ അഴിമതി; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഓംബുഡ്സ്മാൻ ശരിവെച്ചു

കെ സി എ നേതൃത്വത്തിലിരിക്കെ ടി സി മാത്യു നടത്തിയത് കോടികളുടെ അഴിമതിയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. 2 കോടി 16 ലക്ഷം രൂപ ടി സി മാത്യു വെട്ടിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് ഓംബുഡ്സ്മാൻ ശരിവെച്ചു. രണ്ട് മാസത്തിനകം ഈ തുക ടി സി മാത്യുവിൽ നിന്ന് തിരിച്ച് പിടിക്കാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടു. വിഷയം ചർച്ച ചെയ്യാൻ നാളെ കെ സി എ ജനറൽ ബോഡിയോഗം ചേരും.

കെ സി എ യിൽ ടി സി മാത്യുവിന്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്നാരോപിച്ച് അഭിഭാഷകനായ പ്രമോദ് നൽകിയ പരാതിയിലാണ് കെ സി എ നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തിയത് .2 കോടി 16 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ടി സി മാത്യു നടത്തിയതെന്ന അന്വേഷണ റിപ്പോർട്ട് ഓംബുഡ്സ്മാന് കൈമാറിയിരുന്നു. ഈ തുക രണ്ട് മാസത്തിനുള്ളിൽ ടി സി മാത്യുവിൽ നിന്ന് ഈടാക്കണമെന്നാണ് അന്വേഷണ റിപ്പോർട്ട് ശരിവെച്ചുകൊണ്ട് ബുഡ്സ്മാൻ ഉത്തരവിട്ടിരിക്കുന്നത്.

അല്ലാത്ത പക്ഷം പരാതിക്കാരന് നിയമപരമായി നീങ്ങാമെന്നും ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറയുന്നു. ടി സി മാത്യു നടത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ഇങ്ങനെയാണ്. തൊടുപുഴയിൽ സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ അസോസിയേഷനെ അറിയിക്കാതെ 44 ലക്ഷം രൂപയുടെ പാറ പൊട്ടിച്ചു. പാറപൊട്ടിക്കാൻ ജിയോളജി ഡിപാർട്ട്മെന്റ് നൽകിയ പാസുകളാണ് ഈ ക്രമക്കേടിൽ തെളിവായി മാറിയത്.

കാസർഗോഡ് ഭൂമി വാങ്ങിയത് നിയമോപദേശം തേടാതെയാണെന്ന് ഓംബുഡ്മാന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലക്ഷങ്ങൾ നൽകി വാങ്ങിയതാകട്ടെ പുറമ്പോക്ക് ഭൂമിയും. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന് അഡ്വാൻസ് നൽകിയ 3ലക്ഷം രൂപയും കെ സി എയുടെ പണമാണ്.

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത ഇനത്തിൽ 3,90,250 രൂപ. ക്രിക്കറ്റ് താരങ്ങൾക്കും ഭാരവാഹികൾക്കും വേണ്ടി മാത്രമുള്ള കെസിഎയുടെ തിരുവനന്തപുരത്തെ അതിഥി മന്ദിരത്തിൽ 2529 ദിവസം ടിസി മാത്യുവിന്റെ മകനും സുഹൃത്തുക്കളും താമസിച്ചപ്പോൾ വാടക ഇനത്തിൽ മാത്രം നഷ്ടമായത് 25ലക്ഷത്തിലധികം രൂപയാണ്.

മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന് അഡ്വാൻസ് വാടക ഇനത്തിൽ നൽകിയ 8,25000 രൂപയും തിരിച്ച് പിടിക്കണമെന്ന് റിപ്പോർട്ടിൽ ഉണ്ട്. ഇത് കൂടാതെ വിവിധ ആവശ്യങ്ങൾക്ക് കോൺട്രാക്ട് നൽകിയതിലും ലക്ഷങ്ങളുടെ ക്രമക്കേടുണ്ട്. ഓംബുഡ്മാന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നാളെ ആലപ്പുഴയിൽ ചേരുന്ന കെ സി എ ജനറൽ ബോഡിയോഗം വിഷയം ചർച്ച ചെയ്യും.

അതേസമയം തട്ടിപ്പ് നടത്തിയ ടി സി മാത്യുവിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പരാതിക്കാരനായ അഡ്വ പ്രമോദ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News