എല്ലാം ശരിയാക്കിത്തന്നെ എൽഡിഎഫ് സർക്കാർ; തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതയ്ക്കും പരിഹാരമായി

കടകളിലും ഹോട്ടൽ, റസ്റ്റോറന്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളെ ഇരിക്കാനനുവദിക്കാതെയും ആഹാരം കഴിക്കുന്നതിനുൾപ്പടെ ആവശ്യമായ സമയം അനുവദിക്കാതെയും തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന ക്രുരത അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനുള്ള എൽ.ഡി.എഫ് സർക്കാർ തീരുമാനം സർവാത്മനാ സ്വാഗതം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

രാവിലെ മുതൽ വൈകുന്നേരം വരെ നിന്ന് ജോലിചെയ്യേണ്ടി വരുന്നതും ഭക്ഷണം കഴിക്കാൻ ആവശ്യത്തിന് സമയമാനുവദിക്കാത്തതുമെല്ലാം വലിയ ചർച്ച ആയതാണ്. സമയനഷ്ടം ഒഴിവാക്കാൻ അത്യാവശ്യത്തിനുപോലും ശുചിമുറികൾ ഒരുക്കാത്തതുകാരണം രാവിലെ മുതൽ വൈകുന്നേരം വരെ മൂത്രമൊഴിക്കാൻ പോലും കഴിയാതെ പിടിച്ച് നിൽക്കേണ്ടിവരുന്നത് അസുഖം ക്ഷണിച്ചുവരുത്തുന്നതായും ഈ മേഖലയിലുള്ള വനിതാതൊഴിലാളികൾ പരസ്യ പ്രതികരണം നടത്തിയതാണ്.

8-10 മണിക്കൂർ നേരം ഒരൊറ്റ നിൽപ്പ് ആയതിനാൽ വെരിക്കോസ് വെയ്ൻ, മുട്ട് വേദന, നടുവേദന പോലുള്ള അസുഖങ്ങൾ ഈ മേഖലയിലുള്ളവർക്ക് സാർവത്രികമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ മനുഷ്യത്വ രാഹിത്യത്തിന് പരിഹാരം ആവശ്യപ്പെട്ട് വനിതാജീവനക്കാർ സമരം ഏറ്റെടുത്തതും കേരളം കണ്ടതാണ്.

അതിനാണ് സർക്കാർ ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു.

തൊഴില്‍ സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളില്‍ നിന്നും സംഘടനകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നും ലഭിച്ച പരാതി പരിഗണിച്ച് ഇരിപ്പിടം നല്‍കുന്നതിനുളള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താനും നിശ്ചയിച്ചു. രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്.

രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഈ അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം.

സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം.

ലൈംഗിക പീഡനം തടയാനുളള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.

എല്ലാ കടകളിലും തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കണം. സദാ നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇത്. സെക്യൂരിറ്റി ഏജന്‍സികള്‍ വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാനും, ഇതിനുവേണ്ടി തൊഴിലാളി എന്ന പദത്തിന്‍റെ നിര്‍വ്വചനം വിപുലപ്പെടുത്തുന്നതിനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

സാധാരണക്കാർക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി കോർപ്പറേറ്റുകൾക്കുവേണ്ടി തീരുമാനമെടുക്കുന്ന കേന്ദ്ര ബി.ജെ.പി സർക്കാരിൽ നിന്നും തീർത്തും വ്യത്യസ്തമായി ജനങ്ങൾക്കൊപ്പമാണ് പിണറായി സർക്കാർ മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ടാണ് നാടിനെ സ്നേഹിക്കുന്ന ഓരോരുത്തരും എൽ.ഡി.എഫ് സർക്കാരിനെ പ്രകീർത്തിക്കുന്നത്. പുതിയതീരുമാനത്തിനും ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നത് നിശ്ചയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here