അഭിന്യു കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; കൊലപ്പെടുത്താനെന്ന ഉദ്ദേശ്യത്തോടെ വിളിച്ചുവരുത്തിയത് ഒന്നാം പ്രതിയെന്ന് സംശയം

മഹാരാജാസ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ എസ്ഡിപിഐ നേതാക്കളായ നവാസ്, ജാഫ്രി എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ്. പ്രതികളെ സഹായിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്ക്മേല്‍ ചുമത്തിയത്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകം അക്രമിസംഘം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകള്‍ പുറത്ത്.

കൊല്ലപ്പെടുന്നതിന് മുന്‍പ് നാട്ടിലായിരുന്ന അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.

അഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടിക്കാണിച്ചുകൊടുത്തത് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദാണെന്ന് അറസ്റ്റിലായ പ്രതികളിലൊരള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇയാള്‍ തന്നെയാണ് നാട്ടിലുണ്ടായിരുന്ന അഭിമന്യുവിനെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് സംശയിക്കുന്നു.

സഹോദരന്റെ വെളിപ്പെടിത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കേസിലെ പ്രധാനപ്രതി ഉള്‍പ്പെടെ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here