ആ വീട് ഇപ്പോൾ ഇങ്ങനെയാണ്

ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ പതിനൊന്നു പേർ മരിച്ച വീട് സമീപവാസികൾക്ക് ഇപ്പോൾ ഒരു പേടിസ്വപ്നമാണ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ഇവര്‍ക്ക്.

വീടും പരിസരവും ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. പൊലീസിന്‍റെ നിരന്തര സാന്നിധ്യം ഇവിടുത്തെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചിലരാകട്ടെ ഇവിടം വിട്ടുപോകാനുള്ള ഒരുക്കത്തിലുമാണ്. ചിലർ ഇതിനോടകം നാടുവിട്ടു. ഇതുവഴി പോകുന്ന യാത്രക്കാർ ഇപ്പോഴും തിരക്കുന്നത് മരണത്തിനു പിന്നിലെ ദുരൂഹതയെക്കുറിച്ചാണ്. ചിലർ വണ്ടി നിര്‍ത്തി ചിത്രങ്ങളെടുക്കുന്നു.

ഈ വീട് ഇനിയാരും വാങ്ങില്ല, ബന്ധുക്കളാരും ഇവിടെ വന്ന് താമസിക്കാനും പോകുന്നില്ല..’ സമീപവാസിയായ രമേശ് ത്യാഗി പറയുന്നു. മരണം നടന്ന ദിവസം തന്നെ രണ്ടുപേർ ഇവിടം വിട്ടുപൊയെന്നും നാട്ടുകാരിൽ ചിലർ പറയുന്നു.

പ്രദേശത്തെ ജൻമി ഇവരോട് തിരികെ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതീന്ദ്രിയ ശക്തികളുടെ സാന്നിധ്യം വീട്ടിലില്ലെന്ന് പൊലീസും പറയുന്നുണ്ടെങ്കിലും കൂടുതലാളുകൾ ഇവിടം വിട്ടുപോകാനുള്ള ഒരുക്കത്തിലാണ്

സംഭവത്തിനു ശേഷം ധൈര്യശാലിയായ തന്‍റെ മകളുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വന്നെന്ന് ഭാട്ടിയ കുടുംബത്തിന്‍റെ അയൽവാസിയായ നവനീത് ബത്ര പറയുന്നു: ‘ലൈറ്റ് അണക്കുന്നത് അവള്‍ക്ക് ഭയമാണ്.

വാഷ്റൂമിന്‍റെ വാതിൽ അകത്തുനിന്ന് കുറ്റിയിടാൻ പേടിയാണ്”. ആ കൂട്ടമരണം തങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് നവനീതിന്‍റെ ഭാര്യയും പറയുന്നു. വീട് ഇപ്പോൾ സീൽ ചെയ്തിരിക്കുകയാണ്. ചുരുങ്ങിയത് അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും വീട് ആരും വാങ്ങാനുള്ള സാധ്യതയില്ലെന്നാണ് റിയൽ എസ്റ്റേറ്റ് കച്ചവടക്കാരും പറയുന്നത്

എന്നാല്‍ വീട് എന്തു ചെയ്യണമെന്ന് തങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിന്തുടർച്ചാവകാശത്തെക്കുറിച്ച് പൊലീസ് യാതൊന്നും പറ‍ഞ്ഞിട്ടില്ലെന്നും ലളിത് ഭാട്ടിയയുടെ ബന്ധു കേതൻ നാഗ്പാൽ പറയുന്നു.

സംസ്കാരച്ചടങ്ങുകൾക്കു ശേഷം ബന്ധുക്കൾ സ്വദേശത്തേക്ക് തിരിച്ചുപോയി. തങ്ങളാരും തന്നെ ബുരാരിയിലെ വീട്ടിൽ താമസിക്കാനുള്ള സാധ്യതയില്ലെന്നും ഇവർ പറയുന്നു.വീടിന്‍റെ സ്ഥാനത്ത് അമ്പലം പണിയണമെന്നാണ് പ്രദേശവാസികളിൽ ചിലർ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News