ഗ്രീഷ്മം വന്നുവെങ്കിലും വസന്തത്തിന് മാറിനില്‍ക്കാനാവുമോ? ബ്രസീലിന്റേത് ഫുട്‌ബോള്‍ ശൈലിയല്ല, അത് ജീവിതമാണ്

ബ്രസീലിന്റെ പരാജയം പൂത്തേലത്ത് ദിനേശൻ വിലയിരുത്തുന്നു

ഗോളൊഴിച്ച് കളിയുടെ എല്ലാ മേഖലയിലും ആധിപത്യമുറപ്പിച്ച് മനോഹാരമായ ഫുട്‌ബോളിന്റെ കാവ്യാത്മകമായ ലോകം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കിയ ബ്രസീല്‍ ഇന്നലെ സെമി കാണാതെ പുറത്തുപോയി.

പലരും കരുതിയതുപോലെ ലോകകപ്പ് ഇന്നേവരെ കണ്ടിട്ടുള്ള മത്സരങ്ങളില്‍ എറ്റവും ഉജ്വലമായിരുന്നു ബ്രസീലും ബെല്‍ജിയവും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍.

ഒന്നാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ ടീമുകള്‍ ആക്രമണമാരംഭിച്ചു. രണ്ടാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ആക്രമണം പോസ്റ്റിനടുത്തുകൂടെ കടന്നുപോയി. ഏഴാം മിനിറ്റില്‍ ബ്രസീലിന്റെ സില്‍വയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. നിര്‍ഭാഗ്യം അവിടെ തുടങ്ങുകയായിരുന്നു.

പതിമൂന്നാം മിനിറ്റ് ബ്രസീലിന് ദുരിതം വിതച്ചു. സെല്‍ഫ് ഗോളിലൂടെ ബെല്‍ജിയം ലീഡ് നേടി. സെല്‍ഫ് ഗോളില്‍ പതറിപ്പോയ ബ്രസീലിയന്‍ നിര മത്സരത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങവെ മുപ്പത്തിയൊന്നാം മിനിറ്റില്‍ സുന്ദരമായ മുന്നേറ്റത്തിന്റെ അന്ത്യത്തില്‍ ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ കെവിന്‍ ഡൂബ്രയിലൂടെ പിറന്നു. രണ്ട് ഗോള്‍ വീണതോടെ ബ്രസീലിയന്‍ നിര വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

സര്‍വ്വ ശക്തിയും എടുത്ത് അവരാഞ്ഞടിക്കാന്‍ തുടങ്ങി. മുപ്പത്തഞ്ചാം മിനിറ്റില്‍ ജീസസ് തുറന്ന അവസരം നഷ്ടപ്പെടുത്തി. തൊട്ടടുത്ത നിമിഷം അടിച്ച ഷോട്ടാവട്ടെ ബെല്‍ജിയം ഗോളി തിബൂട്ട് കോര്‍ട്ടോയിസ് തട്ടിയകറ്റി. വീണ്ടും ബ്രസീലിയന്‍ ആക്രമണത്തിന്റെ അവസാനത്തില്‍ കുടീഞ്ഞോ തൊടുത്ത ഷോട്ടും ബെല്‍ജിയം ഗോളി രക്ഷപ്പെടുത്തി.

കൗണ്ടര്‍ അറ്റാക്കിന് പേരുകേട്ട ബെല്‍ജിയം നാല്‍പ്പതാം മിനിറ്റിലും നാല്‍പ്പത്തൊന്നാം മിനിറ്റിലും ആക്രമിച്ചു. അത് ബ്രസീല്‍ പോസ്റ്റിലേക്ക് കൊമ്പനി അഞ്ഞടിച്ച ഷോട്ട് ഗോളി അലിസ്സണ്‍ തട്ടിയകറ്റി. ഒന്നാം പകുതി ബെല്‍ജിയത്തിന്റെ 20 ത്തിന്റെ ലീഡോടെ അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ തികച്ചും വ്യത്യസ്തമായ ബ്രസീലിനെയാണ് മൈതാനത്ത് കണ്ടത്. ഈ പകുതിയില്‍ മൂന്ന് മാറ്റങ്ങള്‍ ബ്രസീല്‍ നടത്തുകയുണ്ടായി. ഈ മാറ്റങ്ങള്‍ രണ്ടാം പകുതി ബ്രസീലിന്റേതാക്കി.

മുന്നേറ്റങ്ങള്‍ക്ക് ഒന്നിനൊന്ന് കരുത്ത് വന്നു. മത്സരം ലോകഫുട്‌ബോളിന്റെ ഫൈനലെന്ന് തോന്നിക്കുന്ന തരത്തിലേക്ക് മത്സരം കടന്നു. നാല്‍പ്പെത്തെട്ടാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ലുക്കാക്കോയ്ക്ക് ലഭിച്ച അവസരം നഷ്ടമായി.

അമ്പതാം മിനിറ്റില്‍ കാലുകൊണ്ട് തൊട്ടാല്‍ ഗോളാക്കുന്ന അവസരം ബ്രസീലിന്റെ ഫിര്‍മീഞ്ഞോ നഷ്ടപ്പെടുത്തി. അമ്പത്തഞ്ചാം മിനിറ്റില്‍ സാങ്കേതിക പരിശോധനയിലാണ് ബ്രസീലിന് പെനാല്‍റ്റി നഷ്ടപ്പെട്ടത്. അറുപത്തൊന്നാം മിനിറ്റിലാവട്ടെ ബെല്‍ജിയത്തിന്റെ ഹസാര്‍ഡിന് ഒരു ഓപ്പണ്‍ ചാന്‍സ് നഷ്ടപ്പെട്ടു.

പിന്നെ ബ്രസീലിന്റെ പകര്‍ന്നാട്ടം. അറുപത്തൊന്ന്, എഴുപത്തിനാല്, എഴുപത്തിയഞ്ച്, എഴുപത്തിയൊമ്പത്, എന്‍പത്തിമൂന്ന്, തൊണ്ണൂറ്, തൊണ്ണൂറ്റിമൂന്ന് മിനുറ്റുകളിലെല്ലാം അവസരങ്ങളുടെ പരമ്പരകള്‍. അതില്‍ തുറന്ന അവസരം മൂന്നെണ്ണം. മറ്റുള്ളവ ചിലത് ഗോളിയും തട്ടിയകറ്റി. പെനാല്‍റ്റിക്കുള്ള സാധ്യത സങ്കേതിക പരിശോധനയില്‍ നഷ്ടമായതും ഇതിനിടെ.

ബ്രസീലിന്റെ ഫുട്‌ബോള്‍ സൗന്ദര്യം മുഴുവന്‍ ചാലിച്ച മത്സരമായിരുന്നു ഇത്. കളിയിലെ ഒരോ നിമിഷങ്ങളും ഉദ്യോഗ്ഗജനകമായിത്തീരുന്ന തരത്തിലാണ് മാറിയിട്ടുള്ളത്.

ബോള്‍ നിയന്ത്രണത്തില്‍ 59 ശതമാനവും ബ്രസീലിന്. ഷോട്ടുകളാവട്ടെ 27 എണ്ണം ബ്രസീല്‍ ഉതിര്‍ത്തപ്പോള്‍ ബെല്‍ജിയത്തിന് ഉതിര്‍ക്കാനായത് 9 എണ്ണം. ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ബ്രസീല്‍ 9 എണ്ണം തൊടുത്തപ്പോള്‍ ബെല്‍ജിയത്തിന് മൂന്നെണ്ണമേ തൊടുക്കാനായുള്ളൂ.

അതിലൊന്ന് ഗോളാവുകയും ചെയ്തു. 8 കോര്‍ണറുകള്‍ ബ്രസീലിന് ലഭിച്ചപ്പോള്‍ നാലെണ്ണമേ ബെല്‍ജിയത്തിനുണ്ടായുള്ളൂ. 521 പാസുകളാണ് ബ്രസീല്‍ ചെയ്തതെങ്കില്‍ 374 എണ്ണമാണ് ബെല്‍ജിയത്തിന്റേതായി വന്നത്.

മനോഹര ഫുട്‌ബോളിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച മത്സരം എന്തുകൊണ്ടാണ് ബ്രസീലിന്റെ കൈയ്യില്‍ നിന്ന് നഷ്ടമായത്? മത്സരത്തില്‍ ഈ മേധാവിത്വം നേടിയിട്ടും ജയിക്കാതെ പോയതിന് പ്രധാന ഉത്തരവാദിത്തം ലഭിക്കുന്ന അവസരങ്ങളെ ഗോളാക്കി മാറ്റുന്നതില്‍ വന്ന പിഴവുകളിലാണ്.

രണ്ട് ഗോള്‍ വീണതോടെ സമ്മര്‍ദ്ദങ്ങളില്‍ ബ്രസീല്‍ താരങ്ങള്‍ വീണുപോയോ എന്ന് ന്യായമായും സംശയിക്കാം. തുറന്ന അവസരങ്ങള്‍ നഷ്ടമായതിന് മറ്റെന്താണ് കാരണമായിട്ടുണ്ടാവുക?

ശക്തമായ ഷോട്ടുകള്‍ ബ്രസീല്‍ പായിച്ചപ്പോഴെല്ലാം ബെല്‍ജിയം ഗോളി തട്ടിയകറ്റിയെന്നതും പ്രധാനമാണ്. ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൂട്ടിന്റെ അസാധ്യമായ സേവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ചേതോഹര ഫുട്‌ബോളിന്റെ കാവ്യശില്പികള്‍ ഈ ലോകകപ്പില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു എന്നതിലും സംശയമില്ല.

ഇതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടേണ്ട കാര്യം കാസിമെറോയുടെ അഭാവമാണ്. പ്രതിരോധ നിരയില്‍ നിറഞ്ഞുനിന്ന കാസിമെറോ അവയെയും മധ്യനിരയെയും കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയായിരുന്നു. കണ്ണിയറ്റതുപോലുള്ള സ്ഥിതിവിശേഷം ബ്രസീലിന്റെ ആക്രമണങ്ങളുടെ ഒഴുക്കുകള്‍ക്ക് തുടക്കത്തില്‍ തടസ്സവുമായി.

ഈ ഘട്ടത്തിലാണല്ലോ ഗോളുകള്‍ പിറന്നത്. സെല്‍ഫ് ഗോള്‍ പിറന്നതാവട്ടെ അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന ഫെര്‍ണാണ്ടീഞ്ഞോയില്‍ നിന്ന്. നേരത്തേ വിശകലനങ്ങളില്‍ സൂചിപ്പിച്ചതുപോലെ കാസിമെറോയുടെ അഭാവം ബ്രസീലിന്റെ ദുരന്തത്തിന് കാരണമായിത്തീര്‍ന്നു.

ബ്രസീലിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് കോച്ച് ടീറ്റയ്ക്കും മാനേജ്‌മെന്റിനുമുള്ളത്.

കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയുമായി തകര്‍ന്ന ബ്രസീലിനെ ലോകോത്തര തരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ ഈ പെരുന്തച്ചന്റെ തന്ത്രങ്ങള്‍ക്കും മാനേജ്‌മെന്റിനും നിര്‍ണായകമായ പങ്കുണ്ട്.

ഒരോ പൊസിഷനിലും മികവുറ്റ താരങ്ങളെ രൂപപ്പെടുത്തിയെടുത്തതും ഇവര്‍ തന്നെ. എന്നാല്‍ ഈ മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ബെല്‍ജിയത്തിനെതിരെ സവിശേഷമായ തന്ത്രങ്ങള്‍ ഒരുക്കിയിരുന്നുവോ എന്ന് സംശയം.

ബെല്‍ജിയത്തിന്റെ കരുത്ത് കൗണ്ടര്‍ ആക്രമണങ്ങളിലാണ്. അത് മനസ്സിലാക്കി ലുക്കാക്കോവിനെ പോലെ വേഗതയേറിയ താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതില്‍ തുടക്കത്തില്‍ പോരായ്മ വന്നു. രണ്ടാം പകുതിയില്‍ ഈ ദൗത്യം മിറാന്‍ഡാ നിര്‍വഹിച്ചതോടെ ബെല്‍ജിയം ആക്രമണങ്ങള്‍ ദുര്‍ബലപ്പെട്ടു.

രണ്ടാം പകുതിയില്‍ കളം നിറഞ്ഞ് കളിച്ച് ആക്രമണത്തിന്റെ കുന്തമുനയായ ഡെഗ്ലസ് കോസ്റ്റയെ തുടക്കത്തിലേ ഇറക്കാമെന്നും ആര്‍ക്കും തോന്നാവുന്നതാണ്. ഇങ്ങനെ അപൂര്‍വ്വം ചില നോട്ടപിശകുകള്‍ മാറ്റിയിരുന്നുവെങ്കില്‍ എന്ന് ആരാധകര്‍ ചിന്തിക്കുന്നുണ്ടാവാം.

സാംബാ സംഗീതത്തിന്റെ ചുവടുപോലെ ചേതോഹര ഫുട്‌ബോളിന്റെ നിമിഷങ്ങള്‍ വിരിച്ച് തകര്‍ത്താടുകയായിരുന്നു ബ്രസീല്‍.

അതോടൊപ്പം ഗോളടിക്കാനുള്ള ഒരവസരമെങ്കിലും ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. അങ്ങനെയെങ്കില്‍ ഇന്നലെ കണ്ടപോലെയുള്ള കാവ്യാത്മകമായ ഫുട്‌ബോള്‍ വീണ്ടും വീണ്ടും നമുക്ക് കാണാനാകുമായിരുന്നു.

ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സവിശേഷത എന്താണ്? അവരുടെ കേളീശൈലി രൂപപ്പെട്ടത് തെരുവുകളില്‍ നിന്നാണ്. സമൂഹത്തിന്റെ പുറംമ്പോക്കുകളിലേക്ക് തള്ളപ്പെടുന്ന ജനതയുടെ അതിജീവനത്തിന്റെ പോരാട്ടങ്ങളില്‍ നിന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ രൂപപ്പെടുന്നത്.

ചേരികള്‍ക്ക് സമാനമായ ബ്രസീലിലെ ഹവേലകളില്‍ അച്ഛന്‍മാരുടെ തണലില്ലാതെ വളരുന്ന അനേകം കുട്ടികളുണ്ട്. അവരുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിപ്പിക്കുന്ന അമ്മമാരുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിന്നാണ് ബ്രസീലിലെ മഹാപ്രതിഭകള്‍ രൂപം കൊള്ളുന്നത്.

ബ്രസീലിന്റെ കൗമാരക്കാരന്‍ ഭാവിയുടെ വാഗ്ദാനം ഗ്രബ്രിയല്‍ ജീസസ് ഗോളടിച്ചാല്‍ കൈകൊണ്ട് ഫോണ്‍ വിളിക്കുന്ന അടയാളം കാണിക്കും. തന്നെ എല്ലാമാക്കിയ അമ്മയെ ഓര്‍മ്മിക്കുകയാണവന്‍. അച്ഛനില്ലാതെ മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം വളര്‍ന്ന തന്റെ ദുരിതപൂര്‍ണ്ണമായ കുട്ടിക്കാലമായിരുന്നു അവന്റേത്.

ആ ഘട്ടത്തിലും തന്നെ ഫുട്‌ബോളിലേക്ക് കൊണ്ടുവന്ന് വളര്‍ത്തിയ അമ്മയെ വിളിക്കുകയാണവന്‍. ചെറു ജോലി ചെയ്ത് വയറുമുറുക്കിക്കെട്ടി ജീവിച്ച അമ്മയാണ് അവന്റെ എല്ലാമെല്ലാം.

സമാനമായ അവസ്ഥയില്‍ നിന്ന് അമ്മമാരുടെ കൈപിടിച്ച് വളര്‍ന്നവരാണ് ബ്രസീല്‍ ടീമില്‍ ഇന്ന് കാണുന്ന നിരവധി പ്രതിഭകള്‍. തിയോഗ സില്‍വ, ജവോ മിറാന്‍ഡാ, മാര്‍സലോ, കാസിമിറോ, പൗളീഞ്ഞോ, ഗോള്‍കീപ്പര്‍ കാസിയോ അങ്ങനെ നിരവധിപ്പേര്‍. അവരെല്ലാം തെരുവിന്റെ മക്കളാണ്.

ഹവേലകള്‍ എന്നറിയപ്പെടുന്ന ചേരികളില്‍ ആട്ടും തുപ്പുമേറ്റുവാങ്ങി, പട്ടിണി കിടന്ന് അച്ഛനില്ലാത്തവരെന്ന അധിക്ഷേപത്തിനിടയായി മരിച്ചുജീവിച്ച യുവത്വത്തില്‍ നിന്നാണ് ബ്രസീലിന്റെ ഫുട്‌ബോള്‍ രൂപപ്പെടുന്നത്. അവരുടെ അമ്മമാരുടെ കണ്ണീരിന്റെ ഉപ്പുണ്ട് ഇവരുടെ ഒരോ ചലനങ്ങള്‍ക്കും.

ദുരിതപൂര്‍ണ്ണമായ ലോകത്തെ മാറ്റിനിര്‍ത്തപ്പെട്ട ജീവിതാവസ്ഥയില്‍ നിന്നുള്ള അതിജീവനത്തിന്റെ ലോകമാണ് അവര്‍ക്ക് ഫുട്‌ബോള്‍ നല്‍കുന്നത്. അതെ അവര്‍ക്ക് ഫുട്‌ബോള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ജീവിതം നല്‍കുന്നു. ബ്രസീലിയന്‍ താരങ്ങള്‍ക്ക് ഫുട്‌ബോള്‍ ജീവിതം തന്നെയാണ്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ ശൈലി രൂപപ്പെടുന്നത് ദുരിതപൂര്‍ണ്ണമായ ഈ ജീവിത പശ്ചാത്തലത്തില്‍ നിന്നാണ്. തെരുവുകളില്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കൂട്ടങ്ങള്‍ക്കിടയില്‍ കിട്ടുന്ന ചെറിയ ഇടങ്ങളിലൂടെ പന്ത് തട്ടി പഠിച്ചാണ് അവരുടെ ഫുട്‌ബോള്‍ ശൈലി രൂപപ്പെട്ട് വരുന്നത്.

കുറിയ പാസുകളിലൂടെ മുന്നേറുന്ന രീതിയുടെ ബാലപാഠം ഇവിടെനിന്നാണ് കുറിക്കപ്പെടുന്നത്. അതെ ജീവിത ദുരിതങ്ങളുമായി ഏറ്റുമുട്ടി തെരുവുകളില്‍ സംഗീതം പൊഴിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ബ്രസീലിന്റെ ഫുട്‌ബോള്‍ ശൈലി.

അതിലൂടെ വളര്‍ന്നുവന്നവരാണ് ബ്രസീല്‍ ടീമിലെ പ്രതിഭകള്‍ ഏറെയും. ഈ തെരുവിന്റെ സംഗീതമാണ് ബ്രസീലിന്റെ പുറത്താകലിലൂടെ നമുക്ക് നഷ്ടമാകുന്നത്. പരാജയം ബ്രസീലിന്റെ പരാജയം നഷ്ടമാക്കുന്നത് അടിയാള ജീവിതത്തിന്റെ സൗന്ദര്യ ഫുട്‌ബോളാണ്. ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ കോറിവരയ്ക്കുന്ന വല്ലാത്തൊരു വേദന അവശേഷിക്കുന്നുണ്ട്.

പക്ഷെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇനിയും പുഷ്പിച്ചുകൊണ്ടിരിക്കും. ചേരികളില്‍ ഫുട്‌ബോള്‍ തട്ടുന്ന കൊച്ചുകുട്ടികള്‍ ഇപ്പോഴുമുണ്ട്. അവരുടെ ദുരിതങ്ങള്‍ എന്നാകും ഇല്ലാതാവുക? തങ്ങളുടെ പൊന്നോമനകളെ ജീവിത ദുരിതങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ അമ്മമാര്‍ കാണുന്ന വഴി കൂടിയാണ് ഫുട്‌ബോള്‍.

അത്തരം ജീവിതാവസ്ഥകളില്‍ നിന്ന് വിടരുന്ന ഫുട്‌ബോളിന്റെ സര്‍ഗ്ഗാത്മക ചൈതന്യത്തെയാണ് ബ്രസീലിന്റെ ആരാധകരുടെ തീക്ഷണമായ സമര്‍പ്പണത്തിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

അതെ ബ്രസീലിന്റേത് ഒരു ഫുട്‌ബോള്‍ ശൈലിയല്ല, ദുരിതപൂര്‍ണ്ണജീവിതത്തിന്റെ അടിത്തറയില്‍ വിടരുന്ന വിമോചനത്തിന്റെ കാവ്യശില്‍പ്പമാണ്.

അവരുടെ അമ്മമാരുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ബ്രസീലിന്റെ ഫുട്‌ബോള്‍ പ്രതിഭകള്‍. സ്ത്രീയുടെ വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട് ബ്രസീലിയന്‍ ഫുട്‌ബോളിന്. അവരുടെ വീഴ്ചകളെ അമ്മമാര്‍ക്ക് കുട്ടികളോട് പോലെ തോന്നുന്ന വാത്സല്യത്തോടെ നമുക്ക് കാണാം.

ദൗര്‍ബല്യങ്ങള്‍ തിരുത്തിക്കൊണ്ട് അവര്‍ വരാതിരിക്കില്ല, ലോകം കീഴടക്കാന്‍. ഗ്രീഷ്മം വന്നുവെങ്കിലും വസന്തത്തിന് മാറിനില്‍ക്കാനാവുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News