ആറ് എംഎല്‍എമാരെ 11 കോടി കൊടുത്ത് വിലയ്ക്ക് വാങ്ങി ബിജെപി; വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി

ദില്ലി: ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരെ ബിജെപി 11 കോടിരൂപ ചിലവാക്കി വിലയ്ക്ക് വാങ്ങിയതായി വെളിപ്പെടുത്തല്‍.

2014ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജാര്‍ഖണ്ഡിലെ ബിജെപി മുന്‍ അധ്യക്ഷന്‍ രവീന്ദ്ര റായിയുടെ നേതൃത്വത്തിലാണ് വിലപേശല്‍ നടന്നതെന്ന് പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ മാറാണ്ഡി ആരോപിച്ചു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവിനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ച മാറാണ്ഡി സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഗണേഷ് ഗഞ്ചു, രണ്‍ധീര്‍ കുമാര്‍ സിംഗ്, നവീന്‍ ജയ്‌സ്വാള്‍, അമര്‍ കുമാര്‍ ബൗരി, അലോക് കുമാര്‍ ചൗരസ്യ, ജാന്‍കി പ്രസാദ് യാദവ് എന്നിവരാണ് ബിജെപി പാളയത്തെത്തിയത്.

2015 ജനുവരി 19ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രവീന്ദ്ര റായ് അയച്ച കത്തില്‍ 11 കോടി രൂപ ചെലവിട്ടതിന്റെ കണക്കുകള്‍ പയുന്നുണ്ടെന്ന് മാറാണ്ഡി വ്യക്തമാക്കി.

ബാക്കി തുക ഇവര്‍ ബിജെപി പാളയത്തിലെത്തിയതിന് ശേഷം 36 മാസത്തിനുള്ളില്‍ തന്നു തീര്‍ക്കാമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മാറാണ്ഡി ആരോപിച്ചു.

എന്നാല്‍ ഈ കത്ത് വ്യാജമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പൊതു സമൂഹത്തിന് മുന്നില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ മാറാണ്ഡിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

2003ല്‍ ബിജെപി വിട്ട് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാതന്ത്രിക് പാര്‍ട്ടി രൂപീകരിച്ച വ്യക്തിയാണ് ബാബുലാല്‍ മാറാണ്ഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here