റഷ്യയെ തകര്‍ത്ത് ക്രൊയേഷ്യ സെമിയില്‍; ജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ആവേശകരമായ ക്വാർട്ടർപോരിൽ റഷ്യയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ക്രൊയേഷ്യ ലോകകപ്പ് സെമിയിൽ. ഷൂട്ടൗട്ടിൽ 4‐3നായിരുന്നു ക്രൊയേഷ്യൻ ജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2‐2ന് അവസാനിച്ചു. ഷൂട്ടൗട്ടിൽ റഷ്യയുടെ ഫെദോർ സ്മൊളോവിനും മരിയോ ഫെർണാണ്ടസിനും പിഴച്ചു. നിർണായകമായ അവസാനകിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇവാൻ റാകിടിച്ച് ക്രൊയേഷ്യയുടെ സ്വപ്നം പൂർത്തിയാക്കി.

1998നുശേഷം ക്രോയേഷ്യ ആദ്യമായി സെമിഫൈനലിൽ. അലെക്സാണ്ടർ ഗൊളോവിന്റെ ഗോളിൽ ആദ്യഘട്ടത്തിൽ റഷ്യക്ക് പിന്നിലായ ക്രൊയേഷ്യ ആന്ദ്രേ ക്രമറിച്ചിലൂടെ സമനില പിടിച്ചു. അധിക സമയത്ത് ഡൊമഗോയ് വിദ ക്രൊയേഷ്യയ്ക്കായി ലീഡ് കുറിച്ചു. അവസാന നിമിഷം മരിയോ ഫെർണാണ്ടസ് തകർപ്പൻ ഹെഡറിലൂടെ റഷ്യയുടെ സമനിലഗോൾ. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടിൽ റഷ്യയുടെ സ്്മൊളോവിന്റെ ദുർബല കിക്ക് ക്രൊയേഷ്യൻഗോളി ഡാനിയേൽ സുബാസിച്ച് തട്ടിയകറ്റി. ക്രൊയേഷ്യക്കായി ബ്രൊസോവിച്ച് ലക്ഷ്യംകണ്ടു. റഷ്യയുടെ രണ്ടാം കിക്ക് സഗായോവ് ലക്ഷ്യത്തിലെത്തിച്ചു. ക്രൊയേഷ്യയുടെ കൊവാസിച്ചിന്റെ അടി റഷ്യൻ ഗോളി ഇഗോർ അക്കിൻഫീവ് മനോഹരമായി തട്ടിയകറ്റി. എന്നാൽ റഷ്യക്ക് അടുത്ത കിക്കിൽ പിഴച്ചു. െഫർണാണ്ടസിന്റെ അടി പുറത്തേക്ക്. ക്രൊയേഷ്യയുടെ മൂന്നാംകിക്ക് വലയിൽ. ലൂക്കാ മോഡ്രിച്ച് ലക്ഷ്യം കണ്ടു. റഷ്യക്കായി ഇഗ്നാഷെിവിച്ചും വല കുലുക്കി. ക്രൊയേഷ്യയുടെ നാലാം കിക്ക് വിദയും ഗോളാക്കി. റഷ്യയുടെ കുസയേവിന് പിഴച്ചില്ല.

അവസാന കിക്ക് റാകിടിച്ച് വലയിലാക്കിയതോടെ ക്രൊയേഷ്യ കുതിച്ചു. സോച്ചിയിൽ ത്രസിപ്പിക്കുന്ന തുടക്കമായിരുന്നു. റഷ്യ വീറോടെ പന്തുതട്ടി. എന്നാൽ മധ്യനിരയുടെ ബലത്തിൽ ക്രൊയേഷ്യ പെട്ടെന്നുതിരിച്ചുവന്നു. അഞ്ച് പേർ ഉൾപ്പെട്ട മധ്യനിര ഉണർന്നു. ലൂക്കാ മോഡ്രിച്ചും ഇവാൻ റാകിടിച്ചും ക്രമറിച്ചും നീക്കങ്ങളുടെ കേന്ദ്രബിന്ദുക്കളായി. മധ്യനിരയുടെ വശങ്ങളിൽ ഇവാൻ പെരിസിച്ചും ആന്റെ റെബിച്ചും. മുൻനിരയിൽ മരിയോ മാൻഡ്സുകിച്ചുമായി കണ്ണിച്ചേരാൻ ഇവർ ശ്രമിച്ചുകൊണ്ടിരുന്നു. പന്ത് ക്രൊയേഷ്യയുടെ കാലുകളിലായി. റഷ്യയുടെ സമ്മർദ്ദം അവർ അതിജീവിച്ചു.

ക്രൊയേഷ്യ മധ്യഭാഗത്ത് പന്ത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ റഷ്യയൊന്നു കുതിച്ചു. ചെറിഷേവിന്റെ അതിമനോഹരഗോൾ. വലതുഭാഗത്ത് സ്യൂബയുമായി പന്ത് കൈമാറി ചെറിഷേവ് ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക്. ബോക്സിന് പുറത്തുവച്ച് ക്രൊയേഷ്യയുടെ മൂന്ന് പ്രതിരോധക്കാർ വട്ടമിട്ടുനിൽക്കെ വിടവുണ്ടാക്കി ചെറിഷേവ് തൊടുത്തു. ക്രൊയേഷ്യൻ ഗോളി സുബാസിച്ചിനെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ ഇടതുഭാഗം തുളച്ചു. ലോകകപ്പിൽ ചെറിഷേവിന്റെ നാലാംഗോൾ. റഷ്യ ത്രസിച്ചു.

പത്ത് മിനിറ്റിനുള്ളിൽ ക്രൊയേഷ്യ മറുപടികൊടുത്തു. ഒരുഗോൾമുൻതൂക്കത്തിന്റെ ആലസ്യത്തിലായിരുന്നു റഷ്യ. പ്രതിരോധം അവർ മറന്നു. ആ ആലസ്യത്തിലേക്കായിരുന്നു ക്രൊയേഷ്യയുടെ അടി. ഇടതുഭാഗത്തുനിന്നുള്ള ക്രോസ് മരിയോ മാൻഡ്സുകിച്ച് പിടിച്ചെടുത്തു. റഷ്യൻ പ്രതിരോധത്തിൽ അപ്പോൾ രണ്ടുപേർ. കൂടുതൽ പേർ ഓടിയെത്തുംമുമ്പ് ബോക്സിലേക്ക് ക്രോസ്. അപകടംമണത്ത് ബോക്സിലേക്ക് തിരിച്ചിറങ്ങിയ റഷ്യൻ പ്രതിരോധക്കാരെ ഒന്നടങ്കം സ്തബ്ധരാക്കി ക്രമറിച്ച് തലനീട്ടി. അക്കിൻഫീവിന് എന്തെങ്കിലും ചെയ്യാൻ കഴിയുംമുമ്പ് പന്ത് ഗോൾവര കടന്നു. ഒരുനിമിഷത്തെ പ്രതിരോധപ്പിഴവിൽ റഷ്യ വിളറി. ആദ്യപകുതി അവിടെ അവസാനിച്ചു.

ഇടവേളയ്ക്കുശേഷം റഷ്യ പ്രതിരോധത്തിലേക്ക് നീങ്ങി. പ്രത്യാക്രമണങ്ങളിൽ വിശ്വസിച്ചു. ക്രൊയേഷ്യ പന്തിൽ നിയന്ത്രണംനേടി. രണ്ടാംപകുതിയിൽ മോഡ്രിച്ച് ക്രൊയേഷ്യയുടെ നീക്കങ്ങളെ പാകപ്പെടുത്തി. ഓരോ ചലനത്തിനുപിന്നിലും മോഡ്രിച്ചുണ്ടായിരുന്നു. പക്ഷേ, അക്കിൻഫീവിനെ പരീക്ഷിക്കാൻ പാകത്തിലുള്ള നീക്കങ്ങൾ അവരിൽനിന്ന് അകന്നു. ഒരു തവണ അവർ ഗോളിന് അടുത്തെത്തി. റഷ്യൻ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പെരിസിച്ചിന്റെ കാലിൽപന്ത്. സമയവും ഇടവും പെരിസിച്ചിനുണ്ടായിരുന്നു. നിലംപറ്റി അടിപായിച്ചു. എന്നാൽ, പോസ്റ്റിന്റെ ഇടതുമൂലയിൽ തട്ടി പന്ത് തെറിച്ചു. തുടർന്ന് റഷ്യൻ പ്രതിരോധനിര സംഘടിച്ചു. പ്രീ ക്വാർട്ടറിൽ സ്പെയ്നിനെ തടഞ്ഞപോലെ കൂട്ടായി അവർ ഗോൾമുഖത്ത് തമ്പടിച്ചു. അവസാന നിമിഷങ്ങളിൽ ക്രൊയേഷ്യ നിരന്തരം റഷ്യൻ ഗോൾമുഖത്തേക്ക് മുന്നേറി. റഷ്യ വിട്ടുകൊടുത്തില്ല. കളി അധിക സമയത്തേക്ക് നീങ്ങി.
അധികസമയത്തും കളി ക്രൊയേഷ്യയുടെ കാലിലായിരുന്നു. റഷ്യ പ്രതിരോധത്തിൽ ഉറച്ചു. മോഡ്രിച്ച് ക്രൊയേഷ്യയെ ഉണർത്തികൊണ്ടിരുന്നു. ഒറ്റയ്ക്കുള്ള മോഡ്രിച്ചിന്റെ അതിവേഗനീക്കങ്ങൾ ഭയപ്പെടുത്തി. അവർ കോർണർ വഴങ്ങി.

അധിക സമയത്തിന്റെ ആദ്യപകുതി അവസാനിക്കുംമുമ്പ് ആ കോർണറിൽ ക്രൊയേഷ്യ വിജയംകുറിച്ചു. വലതുഭാഗത്ത് മോഡ്രിച്ച് കോർണർ എടുത്തു. ഡൊമഗോയ് വിദയുടെ തലയിൽതട്ടി പന്ത് തെറിച്ചു. അവസാ നിമിഷങ്ങളിൽ റഷ്യയുടെ കിടയറ്റ ആക്രമണമായിരുന്നു. ക്രൊയേഷ്യൻ ഗോളി സുബാസിച്ച് വീറോടെ പിടിച്ചുനിന്നു. എന്നാൽ മരിയോ ഹെർണാണ്ടസിന്റെ ഗോളിൽ സുബാസിച്ച് നിഷ്പ്രഭനായി. സഗായേവിന്റെ ഫ്രീകിക്കിൽ അതിമനോഹരമായി തലവച്ചപ്പോൾ സുബാസിച്ചിനൊപ്പം ക്രൊയേഷ്യൻ ടീമും ഒന്നടങ്കം ഞെട്ടി. മത്സരം ഷൂട്ടൗട്ടിലേക്ക്. അവിടെ ക്രൊയേഷ്യ ചരിത്രമെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News