‘വര്‍ഗ്ഗീയത തുലയട്ടെ’; അഭിമന്യുവിന്റെ ചോരയില്‍ കുതിര്‍ന്ന ആ ചുവരെഴുത്ത് മായ്ക്കാനാകില്ലെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രതിഷേധ കൂട്ടായ്മ

കൊച്ചി: മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യൂ അവസാനമായി എഴുതിയ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം ചുവരിലെഴുതി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം എഴുതിയതിനാണ് മതതീവ്രവാദ സംഘടനയായ എസ്ഡിപിഐ അഭിമന്യൂവിനെ കൊലക്കത്തിക്ക് ഇരയാക്കിയത്.

ചോരയില്‍ കുതിര്‍ന്ന ആ ചുവരെഴുത്ത് മായ്ക്കാനാകില്ലെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കോലഞ്ചേരി നെല്ലാടില്‍ നടന്ന ചുവരെഴുത്ത് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ നിര്‍വ്വഹിച്ചു.

അഭിമന്യുവിന്റെ ചിത്രത്തിന് മുന്നില്‍ ഡിവൈഎഫ്‌ഐ ബുധനാഴ്ച ഹൃദയജ്വാല തെളിയിക്കും. വ്യാഴാഴ്ച യുവജനങ്ങളെ പങ്കെടുപ്പിച്ച് ഹൃദയപക്ഷം എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞു.

തീവ്രവാദ പ്രസ്ഥാനങ്ങളുടെ നീക്കം ചെറുക്കുന്നതിന്റെ ഭാഗമായി വൈകിട്ട് എറണാകുളം ടൗണ്‍ ഹാളില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയ തീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കും.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, പ്രൊഫ. എം കെ സാനുമാഷ്, പി രാജീവ്, മന്ത്രി കെ ടി ജലീല്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, ബി ഉണ്ണിക്കൃഷ്ണന്‍, രഞ്ജി പണിക്കര്‍ തുടങ്ങീ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും.
അതേസമയം, അഭിമന്യൂ ഫണ്ടിലേക്ക് സഹായഫണ്ട് പ്രവഹിക്കുകയാണ്.

സംവിധായകനും മുന്‍ മഹാരാജാസുകാരനുമായ അമല്‍ നീരദ് ഒരു ലക്ഷം രൂപ നല്‍കി. പേര് വെളിപ്പെടുത്താത്ത മൂവാറ്റുപു!ഴയിലെ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. മരടില്‍ സഞ്ജന എന്ന കൊച്ചുപെണ്‍കുട്ടി തന്റെ സ്വര്‍ണമോതിരമാണ് അഭിമന്യൂ ഫണ്ടിലേക്ക് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here