മുംബൈയിൽ കനത്ത മഴ; ജനജീവിതം താറുമാറായി

മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും രണ്ടു ദിവസമായി തുടർന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കി. നഗരത്തിലെ ഗതാഗത സംവിധാനം പലയിടങ്ങളിലും പൂർണമായും നിലച്ച നിലയിലാണ്.

ചിലയിടങ്ങളിൽ റെയിൽ പാളങ്ങൾ വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു. ഇതോടെ ജോലിക്ക് പോകുന്നവരാണ് കഷ്ടത്തിലായിരിക്കുന്നത്. നിരവധി പേരാണ് റെയിൽവേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റോപ്പുകളിലുമായി മണിക്കൂറുകളോളം ചിലവഴിച്ചു വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരിക്കുന്നത്.

ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജോലിക്കാർ കുറഞ്ഞതോടെ മിക്കവാറും ഓഫീസുകൾ നേരെത്തെ തന്നെ അടച്ചു . സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു.

പല സ്ഥലങ്ങളിലും മുട്ടിന് മുകളിലാണ് വെള്ളം കയറിയിക്കുന്നത്. ദാദർ, സയൺ, പരേൽ , കുർള, വിദ്യാവിഹാർ, അന്ധേരി, മലാഡ്, ജോഗേശ്വരി, താനെ, തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളക്കെട്ടിൽ വലയുന്നത്.

മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറൻ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. താനെ,പാൽഘർ എന്നിവിടങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

1240.8 മില്ലീ മീറ്റർ മഴയാണ് മുംബൈയിൽ ഇതുവരെ ലഭിച്ചത്. കാലവർഷം ആരംഭിച്ചപ്പോൾ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News