ജിഎന്‍പിസിക്ക് കുരുക്ക് മുറുകുന്നു; അഡ്മിന്‍മാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും കേസ്; ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍; അജിത്കുമാറും ഭാര്യയും ഒളിവില്‍

തിരുവനന്തപുരം: ജിഎന്‍പിസി ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവയാകും ചുമത്തുക. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും അഡ്മിന്‍മാരായ അജിത്കുമാറിനും ഭാര്യ വിനീതയ്ക്കുമെതെിരെ എക്‌സൈസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ജിഎന്‍പിസി ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് എക്‌സൈസ് കുരുക്ക് മുറുക്കുന്നത്.

നിലവില്‍ അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും അഡ്മിന്‍മാരായ ടി.എല്‍ അജിത്കുമാറിനും ഭാര്യ വിനിതയ്ക്കുമെതെിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ ഗ്രൂപ്പ് മുഖാന്തരം നടത്തിയിട്ടുള്ള പ്രവര്‍ത്തികളുടെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നീ ജാമ്യമില്ലാ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തും. ഇക്കാര്യം ആവശ്യപ്പെട്ട് എക്‌സൈസ്, പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്ത് DGPക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്.

കുട്ടികളെ ഇരുത്തി മദ്യപ്പിക്കുന്ന ചിത്രങ്ങള്‍, ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ ഉള്‍പ്പെടെ വളച്ചൊടിക്കുന്ന പോസ്റ്റുകള്‍ എന്നിവയും ഗ്രൂപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അഡ്മിന്‍മാര്‍ക്കെതിരെ ചുമത്തിയ അനധികൃത മദ്യവില്‍പ്പന 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കേസെടുത്തതിനെ തുടര്‍ന്ന് അഡ്മിന്‍മാരായ ദമ്പതിമാര്‍ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ഇവരെ കൂടാതെ മറ്റ് 36 പേരും GNPC ഗ്രൂപ്പിന്റെ മോഡറേറ്റര്‍മാരായിരുന്നു. ഇവരെ തിരിച്ചറിയുന്നതിന് എക്‌സൈസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. 36ല്‍ 11പേര്‍ ഇപ്പോഴും മോഡറേറ്റര്‍മാരായി തുടരുന്നുണ്ട്.

2017 മെയ് ഒന്നിനാണ് GNPC ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. അജിത്കുമാര്‍ നിലവില്‍ പാപ്പനംകോടുള്ള സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ് ജീവനക്കാരനും ഭാര്യ വിനീത സ്വകാര്യ സ്ഥാപനം നടത്തുകയുമായിരുന്നു.

എക്‌സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.

ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News