ഓർത്തഡോക്സ് സഭാ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

ഓർത്തഡോക്സ് സഭാ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി .

പ്രതികളായ വൈദികർക്ക് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയായ വീട്ടമ്മ വാദത്തിനിടെ ആവശ്യപ്പെട്ടു.
കേസിൽ കക്ഷി ചേരാൻ ഹൈക്കോടതി ഇരയോട് നിർദേശിച്ചു.

ഇതിനെ തുടർന്ന് പരാതിക്കാരിയായ വീട്ടമ്മ കക്ഷി ചേരാന്‍ അപേക്ഷ സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പരാതിക്കാരിക്ക് പ്രായപൂർത്തിയാകും മുൻപേ ഒന്നാം പ്രതി പീഡിപ്പിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാം പ്രതി പീഡിപ്പിച്ചത്.

സാഹചര്യങ്ങളുടെ സമ്മർദത്തിനു വഴങ്ങേണ്ടി വന്നുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷന്റേത് കെട്ടിച്ചമച്ച കഥകളെന്ന് പ്രതിഭാഗം വാദിച്ചു.

പ്രതികളാരും അത്തരമൊരു സാഹചര്യം സൃഷ്ടിച്ചിട്ടില്ല. ഇതിനിടെ മജിസ്ട്രേറ്റിനു വീട്ടമ്മ വിശദമായ രഹസ്യമൊഴി നൽകിയിട്ടുണ്ടല്ലോ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഓരോ പ്രതിക്കും എതിരായ ആരോപണങ്ങൾ അതിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചോദ്യം ചെയ്യലിനു വിധേയരാകാൻ തയാറാണെന്ന് വൈദികരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വീട്ടമ്മ മജിസ്ട്രേറ്റിന് നൽകിയ മൊഴി പൂർണമായും സത്യമാണെങ്കിലും മുൻകൂർ ജാമ്യത്തിന് പ്രതികൾക്ക് അർഹതുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അന്വേഷണവുമായി പൂർണമായും സഹകരിക്കും. ആയുധങ്ങളോ മറ്റു രേഖകളോ കണ്ടെടുക്കാനില്ല കേസിൽ തെളിവുകളായി ഒന്നും കണ്ടെത്താനില്ല.

കേസെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്.

പലതവണ പീഡിപ്പിച്ചു എന്ന് ആരോപിക്കുമ്പോഴും പരാതി നൽകാൻ വൈകിയതിന് ഒരു ന്യായീകരണവും പരാതിക്കാരി നൽകിയിട്ടില്ല.

തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യത ഇല്ല. നിരപരാധിത്വം തെളിയിക്കാൻ തയാറാണെന്നും അതിനു മുൻപേ ശിക്ഷിക്കരുതെന്നും വൈദികർ ആവശ്യപ്പെട്ടു.

ഇപ്പോൾ പരാതി നൽകിയതിനു പിന്നിൽ ചില ഗൂഢ താൽപര്യങ്ങളുണ്ട്. വീട്ടമ്മയുടെ രഹസ്യമൊഴി പ്രപഞ്ച സത്യമായി കാണാനാവില്ലെന്നും പ്രതിഭാഗം നിലപാടെടുത്തു.

ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു എന്ന് വീട്ടമ്മ പോലും ആരോപിക്കുന്നില്ല. ബന്ധുക്കളുടേയും രാഷ്ട്രീയക്കാരുടേയും പൊലീസിന്റെയും സമ്മർദം രഹസ്യമൊഴിയെ സ്വാധീനിച്ചിട്ടുണ്ടാകാം.

പരാതിക്കാരി സ്ഥിരമായി മൊഴി മാറ്റിക്കൊണ്ടിരിക്കുകയാണ്. രഹസ്യമൊഴി ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തലായി മാത്രമേ കാണാനാകൂ എന്നിങ്ങനെയായിരുന്നു വൈദികരുടെ വാദം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here