നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: ലോക മന:സാക്ഷിയെ കീറി മുറിച്ച നിര്‍ഭയാ കേസില്‍ പ്രതികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബെഞ്ച് പരിഗണിച്ചില്ല.

പ്രതികള്‍ ഒരുതരത്തിലുള്ള ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് നിര്‍ഭയയുടെ മാതാവ് ആവശ്യപ്പെട്ടു.

അക്ഷയ്കുമാര്‍ സിംഗ് ഒഴികെയുള്ള ബാക്കി മൂന്നു പ്രതികളായ മുകേഷ്, പവന്‍ ഗുപ്ത,വിനയ് ശര്‍മ്മ എന്നിവരാണ് സുപ്രീംകോടതില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്. പ്രതികള്‍ ഒരുതരത്തിലുള്ള ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് കെട്ടിച്ചമച്ചതാണ്, ആദ്യ എഫ് ഐ ആറില്‍ തങ്ങളുടെ പേരില്ല എന്നിങ്ങനെയുള്ള വാദങ്ങളാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിച്ചത്.38 ദിവസത്തെ സമയമെടുത്താണ് വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്.

അതുകൊണ്ടു തന്നെ പുനപരിശോധനാ ഹര്‍ജി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിച്ചു. ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഓടുന്ന ബസില്‍ ആറു പ്രതികളും ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയത് 2012 ഡിസംബര്‍ 16നായിരുന്നു.

2013 സെപ്തംബറില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസ് ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാംസിങ് വിചാരണഘട്ടത്തില്‍ 2013ല്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. പ്രതികള്‍ക്ക് ഇനി സുപ്രീംകോടതിയില്‍ വേണമെങ്കില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാം.

ഈ ഹര്‍ജിയും സുപ്രീംകോടതി തള്ളുകയാണെങ്കില്‍ പ്രതികള്‍ക്ക് രാഷ്ട്രപതിയുടെ മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിക്കാം. വിധി സ്വാഗതാര്‍ഹമാണെന്നും പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നും നിര്‍ഭയയുടെ മാതാവ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News