കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.

മുഴയന്‍ ജോസ് എന്നറിയപ്പെടുന്ന ജോസ്‌മോനാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയാണ് കട്ടപ്പനയില്‍ നിന്ന് മുഴയന്‍ ജോസിനെ അടിമാലി നര്‍ക്കോട്ടിക് സംഘം പിടികൂടിയത്.

ജോസിന്റെ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് നാര്‍ക്കോട്ടിക് സംഘത്തിന് വ്യാപക പരാതി ലഭിച്ചിരുന്നു. ഇയാളെ പിടികൂടുവാനായി ഏതാനും ദിവസങ്ങളായി സംഘം നടത്തി വന്ന നീക്കമാണ് ഫലം കണ്ടത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ നാര്‍ക്കോട്ടിക് സംഘം ആസൂത്രിതമായി മുഴയന്‍ ജോസിനെ കീഴടക്കുകയായിരുന്നു.

പിടിയിലാകുമെന്ന് മനസ്സിലായതോടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പിടുത്തത്തിലൂടെയാണ് കീഴടക്കിയത്.

കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി കട്ടപ്പനയിലെത്തിച്ച് കൂടിയ വില‍ക്ക് വില്‍ക്കുകയാണ് ജോസിന്റെ രീതി. ചെറു പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിക്കുന്നത്.

പൊതിയൊന്നിന് 500 രൂപയാണ് ജോസ് ആവശ്യക്കാരില്‍ നിന്നും വാങ്ങിയിരുന്നത്.

വിദ്യാര്‍ത്ഥികളായിരുന്നു ജോസിന്റെ പ്രധാന ഉപഭോക്താക്കളെന്നും ജോസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel