ആദിവാസി കുടുംബശ്രീയെ സംരക്ഷിക്കണം; അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രതിഷേധം

ആദിവാസി കുടുംബശ്രീയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രതിഷേധം. അഗളിയില്‍ നടന്ന ജനകീയറാലിയും പൊതുയോഗവും സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് തൊ‍ഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പോഷകാഹാര വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ആരംഭിച്ച ആദിവാസി കുടുംബശ്രീയുടെ പ്രവര്‍ത്തനം താളം തെറ്റിയ സാഹചര്യത്തിലാണ് എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

പദ്ധതിയിലൂടെ നാല് വര്‍ഷം കൊണ്ട് ആദിവാസികള്‍ക്ക് ഒരു ഗുണവുമുണ്ടായില്ലെന്നും സാന്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.

ആദിവാസികള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് റാലി ഉദ്ഘാടനം ചെയ്ത് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയാക്കി കുടുംബശ്രീ പദ്ധതിയെ ചില ഉദ്യോഗസ്ഥര്‍ വരുതിയിലാക്കി.

പദ്ധതി ഏകോപിപ്പിക്കേണ്ട കേന്ദ്രഗ്രാമവികസനവകുപ്പിലെ ഉദ്യോഗസ്ഥ ആദിവാസികളെ പരസ്പരം ഭിന്നിപ്പിക്കുകയാണ്.

ആദിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ഇടതുപക്ഷം എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

ആദിവാസികള്‍ക്കായുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ പിന്തുണക്കുന്നതാണ് എല്‍ഡിഎഫിന്‍റെ നയമെന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു.

ഗൂളിക്കടവില്‍ നിന്ന് എസ്ബിഐ ജംഗ്ഷനിലേക്ക് നടന്ന ജനകീയ റാലിയില്‍ നൂറുകണക്കിന് ആദിവാസി സ്ത്രീകള്‍ അണിനിരന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരും, ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും പൊതുയോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here