നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി ജോബി ആന്‍ഡ്രൂസ് പഠന കേന്ദ്രം

കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന മികവുമായി വടകര ജോബി ആന്‍ഡ്രൂസ് പഠന കേന്ദ്രം. പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ പഠനമൊരുക്കുന്ന സ്ഥാപനത്തില്‍ 136 പത്താം ക്ലാസുകാര്‍ക്കാണ് ഇത്തവണ പരിശീലനം നല്‍കുന്നത്. 11 അധ്യാപകരും ഇവിടെ സൗജന്യ സേവനം നല്‍കി വരുന്നു.

ജോബി ആന്‍ഡ്രൂസ് എന്ന വിദ്യാര്‍ത്ഥി നേതാവ് അനശ്വരനാവുകയാണിവിടെ. കഴിഞ്ഞ 25 വര്‍ഷമായി വടകര പുതിയാപ്പില്‍ ജോബി ആന്‍ഡ്രൂസിന്റെ പേരിലുളള ഈ സൗജന്യ പഠനകേന്ദ്രം നിര്‍ധനരായ നൂറുകണക്കിന് കുട്ടികള്‍ക്കാണ് അത്താണിയായത്.

പുതിയാപ്പ് സംസ്‌കൃതം ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ് എസ് എല്‍ സി വിജയ ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1994 ല്‍ 9 കുട്ടികളുമായാണ് തുടക്കം.

പിന്നീടുളള വര്‍ഷങ്ങളില്‍ പത്താം ക്ലാസില്‍ അഡ്മിഷന്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു. ദുര സ്ഥലങ്ങളില്‍ നിന്നുപോലും ഇന്നിവിടെ കുട്ടികളെത്തുന്നു.

ആകെയുളള ഒറ്റ മുറി ക്ലാസില്‍ ഈ വര്‍ഷം പത്താം ക്ലാസിലെ 136 കുട്ടികള്‍ പഠിക്കുന്നു. 326പേര്‍ അഡ്മിഷനെത്തിയതില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് സൗജന്യപഠനം നല്‍കുന്നതെന്ന് അധ്യാപകനായ സത്യന്‍ പറഞ്ഞു.

കുട്ടികള്‍ക്ക് സൗജന്യ പഠനത്തിന് അവസരമൊരുങ്ങുന്നതിനൊപ്പം ഇവിടെയുളള 11 അധ്യാപകരും സൗജന്യ സേവനമാണ് പഠനകേന്ദ്രത്തിനായി നല്‍കുന്നത്.

സെമിനാറുകള്‍, പ്രോജക്ട് വര്‍ക്കുകള്‍, വിവിധ വിഷയങ്ങളിലെ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ സമ്മാനിക്കുന്നു.

ഓര്‍ഗാനിക്ക് ഫാമിംഗ്, പഠനയാത്രകല്‍, ദിനാചരണങ്ങള്‍ എന്നിവയും സംഘടിപ്പിക്കാറുണ്ട്. വര്‍ഷാവസാനത്തില്‍ പത്താം ക്ലാസുകാര്‍ക്കായി 100 ദിവസം നീളുന്ന രാത്രികാല പഠന ക്ലാസും ഇവരുടെ പ്രത്യേകതയാണ്.

നാട്ടുകാരുടേയും രക്ഷിതാക്കളുടേയും സഹായസഹകരണമാണ് ഈ പഠനകേന്ദ്രത്തെ മാതൃകാ സ്ഥാപനമായി വളര്‍ത്തിയത്.

പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുമ്പോഴും സ്വന്തമായി കെട്ടിടമില്ല എന്നത് ഇവരുടെ വേദനയായി അവശേഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News