കനത്ത പേമാരിയെ അതിജീവിച്ചു ആശങ്കയോടെ മുംബൈ; നഗരത്തില്‍ ട്രെയിന്‍ ഗതാഗതം പലയിടത്തും സ്തംഭിച്ചു

മുംബൈയിൽ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ ജീവനാഡിയായ ട്രെയിൻ ഗതാഗതം പലയിടത്തും അനശ്ചിതാവസ്ഥയിലാണ്.

പല സർവീസുകളും ട്രാക്കുകളിൽ വെള്ളക്കെട്ട് മൂലം റദ്ദാക്കുകയും മറ്റുള്ളവയെല്ലാം വൈകി ഓടുന്നതും സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി.

വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടായിരിക്കുമെന്ന പ്രവചനം പ്രളയ ഭീതിയിൽ നഗരവാസികളെ ആശങ്കയിലാക്കിയിരിക്കയാണ്.

ഇടവേളയില്ലാതെ മഴ തുടർന്നാൽ ജലസംഭരണികൾ തുറക്കേണ്ടി വരുമെന്നതും വലിയ നാശ നഷ്ടങ്ങൾക്ക് ഇട വരുത്തും.

ഐ ടി കമ്പനികളും ഇതര മൾട്ടി നാഷണൽ കമ്പനികളും ജോലിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകിയിരിക്കയാണ്.

രണ്ടും മൂന്നും മണിക്കൂർ ദുരിത യാത്ര ചെയ്തു ഓഫീസിൽ എത്തുന്നതിനേക്കാൾ ഉചിതമാണ് വീട്ടിലിരുന്ന് ജോലി തീർക്കുവാനുള്ള തീരുമാനമെന്നാണ് അന്ധേരിയിൽ ജോലി ചെയ്യുന്ന താനെയിൽ വസിക്കുന്ന ശ്രുതി മേനോൻ പറയുന്നത്.

നിരവധി മോട്ടോർ വാഹനങ്ങളാണ് മഴക്കെടുതിയിൽ നാശനഷ്ടത്തിന് ഇരയായത്. ഇതിനകം 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വർഷം മഴയെ നേരിടാൻ മുനിസിപ്പൽ കോർപറേഷൻ സജ്ജമാണെന്ന ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ അവകാശ വാദത്തെ പ്രതിപക്ഷം പൊളിച്ചടുക്കി.

പലയിടത്തും പ്രദേശവാസികളാണ് രക്ഷാ പ്രവർത്തനങ്ങൾ പോലും നടത്തിയതെന്നും നിയോഗിക്കപ്പെട്ട മുനിസിപ്പൽ ജീവനക്കാരെ എവിടെയും കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ ആരോപിച്ചു.

നഗരത്തിന്റെ പരിതാപകരമായ അവസ്ഥക്ക് ഉത്തരവാദികൾ ശിവസേനയും ബി ജെ പി യുമാണെന്നും മുംബൈ വാസികൾക്ക് ഇവരിലുള്ള വിശ്വാസം നഷ്ടമായെന്നും ധനഞ്ജയ് ട്വീറ്റ് ചെയ്തു.

എത്ര കോടികൾ ചിലവിട്ടാലും മുംബൈ നഗരത്തെ വെള്ളക്കെടുതിയിൽ നിന്നും മുക്തി കൊടുക്കാൻ കഴിയില്ലെന്നും തന്റെ ഉത്തരവാദിത്വം മുംബൈക്കാരോടാണെന്നും പ്രതിപക്ഷത്തോടല്ലെന്നും ഉദ്ദവ് താക്കറെ തിരിച്ചടിച്ചു.

വർഷങ്ങളായി തുടരുന്ന മഴക്കെടുതി നഗരവാസികൾക്ക് ശീലമായിരിക്കയാണ്.

മിക്കവാറും നഗരത്തിന്റെ അതിജീവന ശേഷിയെ ശ്ലാഘിച്ചും പരസ്പരം പഴി ചാരിയും രാഷ്ട്രീയക്കാർ കൈ കഴുകുന്നതോടെ ഇത്തരം വിഷയങ്ങൾ ചർച്ചക്ക് പോലും വരുന്നില്ല.

അശാസ്ത്രീമായ നിർമ്മാണങ്ങളും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവുമാണ് മഴയൊന്ന് കനത്താൽ പോലും വെള്ളെക്കെട്ടിൽ നഗരം വലയേണ്ടി വരുന്നത്.

ഓരോ വർഷവും മഴക്കെടുതിയിലൂടെ നഗരത്തിന് നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപറേഷൻ കൈയ്യും കെട്ടി നോക്കി നിൽക്കുന്നതാണ് സാമ്പത്തിക തലസ്ഥാനത്തിന്റെ ശാപവും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News